ഇടുക്കി ഹൈറേഞ്ചിലെ സി എച്ച് ആര്‍ മേഖലയില്‍ നിന്നും വന്‍ മരങ്ങള്‍ വെട്ടിക്കടത്തുന്നു. കൊച്ചി ധനുഷ്ക്കോടി ദേശീയപാതയോട് ചേര്‍ന്നുള്ള ചന്തപ്പാറയില്‍ നിന്ന് വ്യാപകമായി മരങ്ങള്‍ മുറിച്ചുകടത്തി. രാസവസ്തുക്കള്‍ ഉപയോഗിച്ച് മരങ്ങള്‍ ഉണക്കിയശേഷമാണ് അധികൃതരുടെ ഒത്താശയോടെ മരങ്ങള്‍ മുറിച്ചുകടത്തുന്നത്. 

സി എച്ച് ആര്‍ ഭൂമിയിലെ മരം മുറിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും സര്‍‌ക്കാര്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. സിഎച്ച്ആര്‍ ഭൂമിയില്‍ ദേശീയപാതയുടെ നിര്‍മാണം പോലും വനംവകുപ്പ് തടഞ്ഞു. അതേസമയം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഏലത്തോട്ടങ്ങളില്‍ നിന്ന് വന്‍തോതിലാണ് മരങ്ങള്‍ മുറിച്ചുകടത്തുന്നത്. 

ഏലതോട്ടത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചുകടത്തുന്നത്. പ്രദേശത്തെ റിസോര്‍ട്ട് മാഫിയയാണ് മരംകടത്തിന് പിന്നില്‍. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് താമസക്കാർ കുറവായതും മാഫിയക്ക് അനുകൂല സാഹചര്യം ഒരുക്കി. അപകട ഭീഷിണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജില്ലാ കലക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനെ മറയാക്കി മെര്‍ക്കുറി ഉപയോഗിച്ച് മരം ഉണക്കിയശേഷമാണ് മരങ്ങള്‍ മുറിച്ചെടുക്കുന്നത്. തടിലോറികള്‍ കടന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് പോലും തയ്യാറായിട്ടില്ല.