ഗതാഗത കുരുക്കിൽ ഞെരിഞ്ഞമർന്ന് നാഗമ്പടം

കോട്ടയത്തേയ്ക്ക് വരുന്നവര്‍ സൂക്ഷിക്കുക. നാഗമ്പടം നിങ്ങളെ കുരുക്കിലാക്കും. പുതിയ റയില്‍വെ മേല്‍പാല നിര്‍മാണ ജോലികള്‍ കാരണം മണിക്കൂറുകളാണ് ടൗണ്‍ നിശ്ചമാകുന്നത്. ഇടറോഡുകളിലേയ്ക്ക് വാഹനങ്ങള്‍ തിരിച്ചുവിടാത്തതും ആവശ്യത്തിന് പൊലീസുകാരില്ലാത്തതും പ്രശ്നത്തിന്‍റെ രൂക്ഷത വര്‍ധിപ്പിക്കുന്നതിനൊപ്പം അപകടങ്ങള്‍ക്കും കാരണമാകുന്നു കോട്ടയത്തേയ്ക്ക് വരുന്നവര്‍ നാഗമ്പടം കടക്കാന്‍ പെടാപ്പാട് പെടുകയാണ്. 

രാവിലെ എട്ടര മുതല്‍ തുടങ്ങുന്ന കുരുക്ക് രാത്രി വരെ നീളും. ഇതിനിടയില്‍ അപകടങ്ങളും വാക്കു തര്‍ക്കങ്ങളും കൊച്ചു കുട്ടികളുമായി ഇരു ചക്ര വാഹനങ്ങളില്‍ പോകുന്നവര്‍ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപെടുന്നത്. നാഗമ്പടത്തെ കുരുക്ക് നഗരത്തെയാകെ നിശ്ചലമാക്കിയിരിക്കുകയാണ്. സെന്‍ട്രല്‍ ജംങ്ഷനും ബേക്കര്‍ ജംങ്ഷനിലും അഴിയാക്കുരുക്ക് തന്നെ. ആംബുലന്‍സുകള്‍ക്ക് പോലും കടക്കാന്‍ കഴിയാത്തത്ര ബ്ലോക്ക്. 

എം.സി റോഡ് വഴി ഏറ്റുമാനൂര്‍, പാലാ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ നാഗമ്പടം വഴിയല്ലാതെ ടൗണിലേയ്ക്ക് പ്രവേശിക്കാന്‍ കഴിയാമെന്നിരിക്കെ അതിനാവശ്യവശ്യമായ ക്രമീകരണങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല പ്രധാന റോഡില്‍ ഇത്തരത്തിലുള്ള നിര്‍മാണം നടക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും കൈക്കൊണ്ടിട്ടില്ല. ഏതായാലും പഴയ പാലത്തിന് വീതിയില്ലാത്തതായിരുന്നു പ്രശ്നമെങ്കില്‍ പുതിയ പാലത്തിന് ആവശ്യത്തിലധികം വീതിയുണ്ടായിട്ടും പ്രയോജനം കിട്ടുന്നില്ല.