കെ ബി മോഹൻദാസ് ഗുരുവായൂർ ദേവസ്വം ചെയർമാൻ

ഇടതുസഹയാത്രികനും അഭിഭാഷകനുമായ കെ.ബി.മോഹന്‍ദാസ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചെയര്‍മാനായി ചുമതലയേറ്റു. സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത മറ്റ് അഞ്ചംഗങ്ങള്‍ ഇടതുമുന്നണിയിലെ മറ്റുഘടകക്ഷികളുടെ പ്രതിനിധികളാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഒന്‍പതംഗ ഭരണസമിതിയിലേക്ക് ആറു പേര്‍ പുതുമുഖങ്ങളാണ്. സി.പി.എം പ്രതിനിധിയായി ഭരണസമിതിയില്‍ എത്തിയ അഡ്വക്കേറ്റ് കെ.ബി.മോഹന്‍ദാസാണ് ചെയര്‍മാന്‍. ഇടതു അഭിഭാഷക സംഘടനയുടെ നേതാവായിരുന്നു. അമൃതം പോലുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഗുരുവായൂരില്‍ വേഗം നടപ്പാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 

ഭക്തര്‍ക്ക് കൂടുതല്‍സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയ മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ പറഞ്ഞു. എ.വി.പ്രശാന്ത്, എം.വിജയന്‍, കെ.കെ.രാമചന്ദ്രന്‍ പേരാവൂര്‍ , പി.ഗോപിനാഥന്‍, വേണുഗോപാല്‍ ഉഴമലയ്ക്കല്‍ എന്നിവരും ഭരണസമിതി അംഗങ്ങളായി ചുമതലയേറ്റു. ഇവര്‍ക്കു പുറമെ, സാമൂതിരിരാജ, മല്ലിശേരി കാരണവര്‍, തന്ത്രി എന്നിവര്‍ സ്ഥിരാംഗങ്ങളാണ്. ബാക്കി ആറംഗങ്ങളെയാണ് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. രണ്ടു വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി. തൃശൂര്‍ ജില്ലയില്‍ നിന്ന് നാലുപേര്‍ ഭരണസമിതിയിലുണ്ടെന്നത് പ്രത്യേകതയാണ്.