ഗുരുവായൂര്‍ ദേവസ്വ ഭരണസമിതിയിൽ അഴിച്ചുപണി

ഗുരുവായൂര്‍ ദേവസ്വത്തിന്റെ നിലവിലെ ഭരണസമിതിയുടെ കാലാവധി തീരുന്നു. ദേവസ്വത്തിന്റെ പുതിയ ചെയര്‍മാനായി തൃശൂരിലെ അഭിഭാഷകന്‍ കെ.ബി.മോഹന്‍ദാസിനെ നിയമിക്കാന്‍ തീരുമാനമായി. 

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഭരണസമിതിയാണ് നിലവില്‍. എന്‍.പീതാംബരക്കുറുപ്പാണ് നിലവിലെ ചെയര്‍മാന്‍. ഈ ഭരണസമിതി വെള്ളിയാഴ്ചത്തേയ്ക്കു രണ്ടു വര്‍ഷം കാലാവധി പൂര്‍ത്തിയാക്കും. ശനിയാഴ്ച പുതിയ ഭരണസമിതി നിലവില്‍ വരണം. ഈ സാഹചര്യത്തിലാണ് ഇടതുസഹയാത്രികരെ ഉള്‍പ്പെടുത്തി ദേവസ്വം ഭരണസമിതി അഴിച്ചുപണിയുന്നത്. 

ഒന്‍പതംഗ ഭരണസമിതിയില്‍ ആറു പേര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളാണ്. മൂന്നു പേര്‍ സ്ഥിരാംഗങ്ങളും. എന്‍.വിജയന്‍ ,പി.ഗോപിനാഥന്‍ , കെ.കെ.രാമചന്ദ്രന്‍ , യു.വേണുഗാപോല്‍ , എ.വി.പ്രശാന്ത് എന്നിവരാകും പുതിയ അംഗങ്ങള്‍. വിജയന്‍ സി.പി.ഐയുടെ പ്രതിനിധിയാണ്. പി.ഗോപിനാഥന്‍ എന്‍.സി.പിയുടേയും. പ്രശാന്ത് ദേവസ്വം ജീവനക്കാരുടെ പ്രതിനിധിയാണ്. 

കോഴിക്കോട് സാമൂതിരിരാജ ഉണ്ണിയനുജന്‍രാജ, ക്ഷേത്രം ഊരാളന്‍ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് എന്നിവരാണ് സ്ഥിരാംഗങ്ങള്‍. നിലവിലെ ഭരണസമിതി സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഗുരുവായൂരില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുമില്ല. സര്‍ക്കാരിന്റെ ഇഷ്ടക്കാര്‍ ദേവസ്വത്തിന്റെ തലപ്പത്തുവരുന്നതോട് വികനസ പ്രവര്‍ത്തനങ്ങള്‍ വേഗത കൂടും. കേന്ദ്ര സര്‍ക്കാരിന്റെ അമൃത്, പ്രസാദ് പദ്ധതികളില്‍ കോടിക്കണക്കിന് രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും വിലയ പദ്ധതികള്‍ നടപ്പാക്കിയിട്ടുമില്ല.