കർഷക തിലക് അവാർഡുകള്‍ സമ്മാനിച്ചു

സംസ്ഥാനത്തെ മികച്ച കർഷകർക്കായി തൊടുപുഴ ഗാന്ധിജി സ്റ്റഡി സെന്‍റര്‍ ഏർപ്പെടുത്തിയ കർഷക തിലക് അവാർഡുകള്‍ സമ്മാനിച്ചു. കാസർകോഡ് സ്വദേശി കെ.എം.ജോര്‍ജ്, ആലപ്പുഴ സ്വദേശി വി.എസ്. മൂസ എന്നിവരാണ് ഇത്തവണത്തെ ജേതാക്കള്‍. തൊടുപുഴയില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. 

വികസനത്തിന്‍റെ കുത്തൊഴുക്കില്‍ നഷ്ടമാകുന്ന കാര്‍ഷിക പാരമ്പര്യം തിരിച്ചുപിടിക്കുകയാണ് പി.ജെ. ജോസഫ് എംഎല്‍എ നേതൃത്വം നല്‍കുന്ന ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ ലക്ഷ്യം. കര്‍ഷകരെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന കാലിക പ്രശ്നങ്ങളും പുത്തന്‍ കൃഷി രീതികള്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചയാകുന്ന വേദിയാണ് സെന്‍ററിന്‍റെ കാര്‍ഷിക മേള. സംസ്ഥാനത്തെ മികച്ച രണ്ട് കര്‍ഷക കുടുംബങ്ങള്‍ക്കാണ് മേളയുടെ ഭാഗമായി കര്‍ഷക തിലക് പുരസ്കാരം നല്‍കിയത്. കാസര്‍ഗോഡ് ജലലഭ്യത കുറഞ്ഞ രണ്ടര ഏക്കർ കൃഷിയിടത്തിൽ ആറ് മഴവെള്ള സംഭരണികൾ സ്ഥാപിച്ച് ജലസേചനം നടത്തി വൈവിധ്യമാർന്ന കൃഷിനടത്തി ലാഭംകൊയ്ത കാസര്‍ഗോഡ് നിന്നുള്ള ജോർജ്ജ് -മേരി ദമ്പതികളാണ് പുരസ്താരം ലഭിച്ച ഒരു കുടുംബം. 

ആലപ്പുഴയില്‍ തീര മണൽ പ്രദേശത്ത് മൃഗസംരക്ഷണവും മീൻവളർത്തലും വഴി എഴുപത് സെന്റിൽ നിന്നും പ്രതിമാസം ഏഴുപതിനായിരം രൂപ വരുമാനം കണ്ടെത്തിയ മൂസ- മൈമുന ദമ്പതികളും പുരസ്കാരം നേടി. ആധുനിക കൃഷി സങ്കേതങ്ങൾ പരിചയപ്പെടുത്തുന്ന ഒട്ടനവധി സെമിനാറുകളും കന്നുകാലി പ്രദര്‍ശനവും മേളയുടെ ഭാഗമായി നടന്നു.