കുടിവെള്ള ക്ഷാമം രൂക്ഷമായ കുട്ടനാട്ടില്‍ നോക്കുകുത്തിയായി ജലസംഭരണി. കൈനകരി പഞ്ചായത്തിലാണ് അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ജലസംഭരണി പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ കഴിയാത്തത്. സംഭരണിയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. 

ദൂരക്കാഴ്ചയില്‍ കുടിവെള്ളം നിറച്ചുവച്ചിരിക്കുന്നൊരു ജലസംഭരണി. എന്നാല്‍ അടുത്തെത്തിയാല്‍ കഥമാറും. തൂണും ഗോവണികളുമെല്ലാം പൊട്ടിപൊളിഞ്ഞു. കോണ്‍ക്രീറ്റ് പാളികള്‍ വീഴാന്‍ തുടങ്ങി. ഇരുമ്പുതൂണുകള്‍ തുരുമ്പെടുത്തു, ചിലത് മുറിഞ്ഞകന്നു. കൈനകരി, നെടുമുടി പഞ്ചായത്തുകളില്‍ താമസിക്കുന്ന കുറയധികം കുടുംബങ്ങളുടെ കുടിവെള്ള കേന്ദ്രമാണിത്. പൊട്ടിയ പൈപ്പുകള്‍ മാറാത്തതിനാല്‍ സംഭരണി നിറഞ്ഞിട്ട് വര്‍ഷങ്ങളായി. 

ഇടവിട്ട ദിവസങ്ങളിലാണ് ഒരിറ്റുവെള്ളം ലഭിക്കുന്നത്. അല്ലാത്തനേരത്ത് തോണിതുഴഞ്ഞ് അക്കരയെത്തി ശേഖരിക്കണം. ദുരവസ്ഥ വിവരിച്ചിട്ടും ജലഅതോറിറ്റിക്ക് കുലുക്കമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. 

മൂന്നുമാസം കൂടുമ്പോള്‍ ക്ലോറിനേഷന്‍ ചെയ്യണമെന്നിരിക്കെ രണ്ടുവര്‍ഷത്തിലധികമായി ശുചീകരണപ്രവര്‍ത്തികള്‍ ഒന്നും നടന്നിട്ടില്ല. പുതിയ ജലസംഭരണി നിര്‍മിച്ച് കുടിവെള്ളക്ഷാമം പരിഹരിച്ചില്ലെങ്കില്‍ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.