ഇടുക്കി ജില്ലയിലെ അണക്കെട്ടുകളിൽ ഫിഷറീസ് വകുപ്പ് മത്സ്യകൃഷി തുടങ്ങുന്നു. ഇടുക്കി, മുല്ലപ്പെരിയാർ ഉൾപ്പെടെ ഏഴ് അണക്കെട്ടുകളിൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. അക്വേറിയം ഉൾപ്പെടെ സ്ഥാപിച്ച് ജില്ലയിലെ ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക.
മുല്ലപ്പെരിയാർ, മലങ്കര, കല്ലാർക്കുട്ടി, ആനയിറങ്കൽ, ഇരട്ടയാർ , കല്ലാർ അണക്കെട്ടുകളാണ് ശുദ്ധജല മത്സ്യകൃഷിക് തിരഞ്ഞെടുത്തത്. കാഞ്ഞാറിൽ നാല് ഹെക്ടറിൽ മത്സ്യ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുള്ള ഹാച്ചറി സ്ഥാപിക്കും. വർഷം തോറും 4000 മെട്രിക് ടൺ ശുദ്ധജല മത്സ്യം ഉത്പാദിപ്പിക്കുകയാണ് ഫിഷറീസ് വകുപ്പിന്റെ ലക്ഷ്യം. ആദിവാസി കൾക്കുൾപ്പെടെ 2000 പേർക്ക് പദ്ധതിയിലൂടെ തൊഴിൽ ലഭിക്കും. പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രദേശങ്ങൾ ഫിഷറീസ് വകുപ്പ് മന്ത്രി സന്ദർശിച്ചു.
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കുടയത്തൂരിൽ അക്വോറിയം സ്ഥാപിക്കാനും പദ്ധതിയുണ്ട്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായ മീശപ്പുലിമല, രാജമല എന്നിവിടങ്ങളിൽ കോൾഡ് ഫിഷ് വളർത്താനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. ജനുവരി മാസത്തിൽ തന്നെ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം.