ചാലക്കുടിപുഴയിൽ മണൽബണ്ട് നിർമ്മാണത്തിന് തുടക്കമായി

ചാലക്കുടിപുഴയിലെ ഒാരുവെള്ള ഭീഷണിക്ക് പരിഹാരമാകുന്നു. വടക്കൻ പറവൂർ പുത്തൻവേലിക്കരയിലെ ഇളന്തിക്കരയേയും കോഴിതുരുത്തിനേയും ബന്ധിപ്പിക്കുന്ന മണൽബണ്ട് നിർമാണത്തിന് തുടക്കമായി. ഒാരുവെള്ളം കയറിയതോടെ പുത്തൻവേലിക്കരയിൽ കുടിവെള്ളക്ഷാമവും രൂക്ഷമാണ്. 

കൊടുങ്ങല്ലൂർ കോട്ടപ്പുറം കായലിൽ നിന്നുള്ള ഒാരുവെള്ളം ചാലക്കുടിയാറിലേക്ക് കയറുന്നത് തടയാനാണ് ഇളന്തിക്കരയേയും കോഴിതുരുത്തിനേയും ബന്ധിപ്പിച്ച് കൊണ്ടുള്ള ബണ്ട് നിർമിക്കുന്നത്. കണക്കൻകടവിലെ റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറിന് ചോർച്ച സംഭവിച്ചതോടെയാണ് ചാലക്കുടിയാറിലേക്ക് ഒാരുവെള്ളം കയറി തുടങ്ങിയത്. പുഴയിൽ ലവണാംശം വർധിച്ചതോടെ പുത്തൻവേലിക്കര പഞ്ചായത്തിലേക്കുള്ള പമ്പിങ് ജലഅതോറിറ്റി നിർത്തി. ഇതോടെയാണ് കുടിവെള്ളക്ഷാമം രൂക്ഷമായത്. 

ചാലക്കുടിയാറിനെ കുടിവെള്ളത്തിനും കൃഷിക്കുമായി ആശ്രയിക്കുന്ന തൃശൂർ ജില്ലയിലെ മാള, കുഴൂർ പഞ്ചായത്തകുളേയും ഒാരുവെള്ള ഭീഷണി വലയ്ക്കുന്നുണ്ട്. ഒട്ടേറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ബണ്ട് നിർമാണത്തിന് തുടക്കമായത്. ഇറിഗേഷന്‌ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ബണ്ട് നിർമാണം വൈകിക്കാൻ കാരണമായതെന്നും ആക്ഷേപമുണ്ട് മണൽ ലഭ്യമായാൽ രണ്ടാഴ്ചകൊണ്ട് ബണ്ട് നിർമാണം പൂര്ത്തിയാക്കാൻ കഴിയുമെന്നാണ് ഇറിഗേഷന് വകുപ്പിന്റെ പ്രതീക്ഷ