എറണാകുളം ജില്ലയിൽ സിപിഎം സിപിഐ പോര് തുടരുന്നു

എറണാകുളം ജില്ലയിൽ സിപിഎം സിപിഐ പോര് തുടരുന്നു. ഉദയംപേരുരിലെ ഒരുപുഴയിൽ നിർമിക്കുന്ന ബണ്ടിനെച്ചൊല്ലിയാണ് പുതിയ തർക്കം. എം.സ്വരാജ് എംഎൽഎ മുൻകൈയെടുത്ത് നിർമിക്കുന്ന ബണ്ടിനെതിരെ സിപിഐ നേതാവ് അനിശ്ചിതകാല നിരാഹരസമരം തുടങ്ങി. 

ഉദയംപേരൂർ കോണത്ത്പുഴയിൽ ജലസേചന വകുപ്പ് നിർമിക്കുന്ന ഈ ബണ്ടാണ് സിപിഎമ്മും സിപിഐയും തമ്മിലുള്ള ഇപ്പോഴത്തെ തർക്കത്തിന് കാരണം. രണ്ടു പതിറ്റാണ്ടോളം ഒഴുക്ക് നിലച്ച് കിടന്നിരുന്ന കോണത്തുപുഴയെ രണ്ടു വർഷം മുൻപ് സിപിഐയുടെ മുൻകൈയിലാണ് വീണ്ടെടുത്തത്. അന്ന് ഇവിടെയുണ്ടായിരുന്ന താൽകാലിക ബണ്ട് നീക്കം ചെയ്തിരുന്നു. പുഴയിലേക്ക് ഉപ്പ് വെള്ളം കയറി കൃഷി നശിക്കുന്നു എന്ന പരാതിയെ തുടർന്ന് വീണ്ടും താൽകാലിക ബണ്ട് നിർമിക്കാൻ എം.സ്വരാജ് എംഎൽഎയുടെയും ജില്ലാ കലക്ടറുടെയും സാനിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. എന്നാലിത് പുഴയെ വീണ്ടും നശിപ്പിക്കുമെന്നാണ് സിപിഐയുടെ ആരോപണം. താൽകാലിക ബണ്ടിന്റെ നിർമാണം ഉടൻ നിർത്തിവെച്ച് യന്ത്രവൽകൃത ഷട്ടറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ടി.രഘുവരൻ അനിശ്ചിതകാല നിരാഹരസമരം ആരംഭിച്ചിരിക്കുകയാണ്. 

മേഖലയിൽ ഇരുപാർട്ടികളും തമ്മിൽ പോസ്റ്റർ യുദ്ധവും ആരംഭിച്ചിട്ടുണ്ട്. ജില്ലയുടെ പലഭാഗങ്ങളിലെ സിപിഎം വിമതർക്ക് സിപിഐ അംഗത്വം നൽകിയതോടെ ഇരുപാർട്ടികളും തമ്മിൽ കഴിഞ്ഞ കുറച്ചു നാളുകളായി നിലനിൽക്കുന്ന അകൽച്ച ഇതോടെ കൂടുതൽ ശക്തമാകുകയാണ്.