ഗുരുവായൂരിൽ മൂന്ന് ആനകൾ ഇടഞ്ഞു; പാപ്പാന് കുത്തേറ്റു

ഗുരുവായൂർ ക്ഷേത്രത്തിൽ കാഴ്ചശീവേലിക്കിടെ മൂന്ന് ആനകൾ ഇടഞ്ഞോടി. വിരണ്ട കൊമ്പൻ പാപ്പാനെ കുത്തി. തിക്കിലും തിരക്കിലും പന്ത്രണ്ടു പേർക്ക് പരുക്കേറ്റു. 

ഗുരുതരമായി പരുക്കേറ്റ പാപ്പാൻ പെരിങ്ങോട് സ്വദേശി സുഭാഷിനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന ഓടുന്നതിനിടെ പരിഭ്രാന്തരായി നിലത്തു വീണ പന്ത്രണ്ടു പേർക്ക് പരുക്കേറ്റു. രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കൊമ്പൻ ശ്രീ കൃഷ്ണനാണ് ആദ്യം ഇടഞ്ഞത്. ഇതുകണ്ട് പരിഭ്രാന്തരായ കൊമ്പൻ രവി കൃഷ്ണയും ഗോപി കണ്ണനും ഓടി. മൂന്ന് ആനകളേയും പെട്ടെന്ന് തളച്ചു. 

ശീവേലി എഴുന്നള്ളിപ്പിനിടെ ശ്രീകൃഷ്ണയെന്ന കുട്ടിക്കൊമ്പൻ ഇടഞ്ഞ് പാപ്പാൻ സുഭാഷിനെ കുത്തുകയായിരുന്നു. ഇതോടെ തൊട്ടുമുമ്പിലുണ്ടായിരുന്ന കൊമ്പൻ രവിക്യഷ്ണയും ഗോപീകൃഷണയും ഇടഞ്ഞു. തിടമ്പേറ്റിയിരുന്ന കൊമ്പൻ ഗോപീകൃഷ്ണൻ ഭഗവതി കെട്ടുവഴി പുറത്തേക്കോടി. ആനപ്പുറത്തുണ്ടായിരുന്ന കീഴ്ശാന്തി താഴെ വീണു. തിക്കിലും തിരക്കിലും പെട്ട് 12 പേർക്ക് പരിക്കേറ്റു. പാപ്പാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. 9 പേരെ ദേവസ്വം മെഡിക്കൽ സെന്ററിൽ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. ഗോപീകണ്ണനെ ക്ഷേത്രത്തിന് പുറത്തു നിന്ന് തളച്ചു. പാപ്പാനെ കുത്തിയ ശേഷം ക്ഷേത്ര കലവറയിലേക്ക് കയറിയ ശ്രീക്യഷ്ണയെ പാപ്പാൻമാർ ചേർന്ന് തളച്ചു.