ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകരെ പാര്‍ക്കിങ്ങിന്റെ പേരില്‍ പിഴിയുന്നു. പൊതുമരാമത്തു വകുപ്പിന്റെ റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ നല്‍കേണ്ടത് എഴുപതു രൂപ. ഇങ്ങനെ, റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പണം പിരിച്ചാല്‍ നടപടിയെടുക്കുമെന്ന് കാട്ടി പൊലീസ് നോട്ടിസ് നല്‍കി. 

ഗുരുവായൂര്‍ നഗരസഭയുടേയും ദേവസ്വത്തിന്റേയും ഭൂമിയില്‍ തീര്‍ഥാടകരുടെ വണ്ടികള്‍ പാര്‍ക്ക് ചെയ്യാന്‍ പണം വാങ്ങുന്നതു മനസിലാക്കാം. പക്ഷേ, ഗുരുവായൂരിലെ റോഡില്‍ അരികിലായി നിര്‍ത്തിയിടുന്ന വണ്ടികളില്‍ നിന്ന് പണം വാങ്ങുന്നതാണ് വിചിത്രം. പാര്‍ക്കിങ് മൈതാനത്ത് വണ്ടിയിടാന്‍ തുക പിരിക്കാനായി നഗരസഭ കരാര്‍ നല്‍കിയിട്ടുണ്ട്. വഴിയരികിലെ വണ്ടികളില്‍ നിന്ന് പണം വാങ്ങാറില്ലെന്നാണ് കരാറുകാരന്‍ പറയുന്നത്. അങ്ങനെയെങ്കില്‍, പണം പിരിക്കുന്നവരുടെ പേരു വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ പൊലീസ് നോട്ടിസ് നല്‍കി. കേരള രജിസ്ട്രേഷനിലുള്ള വണ്ടികളില്‍ നിന്ന് പണം വാങ്ങുന്നില്ല. കാരണം, വഴിയരികില്‍ വണ്ടി നിര്‍ത്തിയിടാന്‍ എന്തിന് പാര്‍ക്കിങ് ഫീ എന്നു തിരിച്ചു ചോദിക്കും. 

ആന്ധ്ര, കര്‍ണാടക , തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അയ്യപ്പഭക്തരാണ് ഈ കെണിയില്‍ വീഴുന്നത്. വഴിയരികില്‍ നിര്‍ത്തിയിടുന്ന വണ്ടികള്‍ പലപ്പോഴും ഗതാഗത കുരുക്കും സൃഷ്ടിക്കാറുണ്ട്. മഞ്ജുളാല്‍ പരിസരത്തും ഔട്ടര്‍ റിങ്റോഡിലും നിരവധി വാഹനങ്ങള്‍ ഇങ്ങനെ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇതരസംസ്ഥാനക്കാരായ തീര്‍ഥാടകര്‍ പാര്‍ക്കിങ് ഫീയുടെ പേരില്‍ പ്രശ്നമുണ്ടാക്കില്ലെന്ന് നഗരസഭയ്ക്ക് ഉറപ്പുണ്ട്. വഴിയരികില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് പണം ഈടാക്കാന്‍ ആര്‍ക്കും അധികാരമില്ല. തീര്‍ഥാടകരെ ഇനിയും കൊള്ളയടിച്ചാല്‍ കേസെടുക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്