പുതുപുത്തൻ സ്റ്റാർട്ട് അപ്പ് ആശയങ്ങളിൽ ശ്രദ്ധേയമായി ടൈക്കോൺ കേരള

സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായക്കുട്ടായ്മയായ ടൈക്കോണിന്റെ ഈ വർഷത്തെ സമ്മേളനം അവസാനിച്ചു. സ്റ്റാർട്ടപ്പ് ആശയങ്ങളുടെ പുതുമകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ ടൈക്കോൺ കേരള 2017. 

ചിരട്ടക്കരിയിൽ നിന്നുള്ള സൗന്ദര്യ വർധക വസ്തുക്കൾ മുതൽ കുട്ടി റോബോട്ടുകൾ വരെയും ഡിജിറ്റൽ പെയിന്റിങ്ങ് മുതൽ സുരക്ഷിത യാത്രക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ വരെയുമുള്ള കൗതുകം നിറ‍ഞ്ഞ സ്റ്റാർട്ടപ്പ് സംരംഭങ്ങളായിരുന്നു ടൈക്കോൺ കേരള 2017ൽ.  ചെലവു ചുരുങ്ങിയ ത്രീഡി പ്രിന്റിങ്ങ് മെഷീനും കൂട്ടത്തിൽ വേറിട്ടുനിന്നു.

യുവ സംരംഭകരുടെ നൂതന പദ്ധതികൾ കണ്ടറിയാൻ വ്യവസായി പ്രമുഖൻമാരും എത്തിയിരുന്നു. രണ്ടു ദിവസം നീണ്ടുനിന്ന ടൈക്കോൺ സമ്മേളനത്തിൽ നിന്ന് നിക്ഷേപകരെ ലഭിച്ച സന്തോഷത്തിലായിരുന്നു ഭൂരിഭാഗം സംരംഭകരും.