അജ്ഞാതരോഗം മൂലം താണുപ്പാടം പാടശേഖരത്തിലെ നെൽകൃഷി നശിച്ചു

അജ്ഞാതരോഗം മൂലം മാളയ്ക്കു സമീപമുള്ള താണുപ്പാടം പാടശേഖരത്തിലെ നെൽകൃഷി നശിച്ചു. സർക്കാർ നൽകിയ വിത്ത് മോശമായതാണ് രോഗത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇരുപത്തിയഞ്ച് ഏക്കറിലെ വിള പൂർണമായും നശിച്ചതോടെ കര്‍ഷകര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. 

ഇക്കാണുന്ന ഭംഗിയൊന്നും നെൽകതിരുകളുടെ അടുത്ത് ചെന്നാലില്ല. വിളഞ്ഞുകിടക്കുന്നതിൽ ഭൂരിഭാഗവും കറുത്ത പതിരാണ്. കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞർ വരെ വന്ന് പരിശോധിച്ചു. എന്നിട്ടും രോഗമെന്താണെന്ന് കണ്ടെത്തനായില്ല. 

സർക്കാർ നൽകിയ വിത്താണ് തൃശൂർ കുഴൂർ പഞ്ചായത്തിലെ താണുപ്പാടം പാടശേഖരത്തിൽ വിതച്ചത്. വിത്ത് കിളിർത്തപ്പോഴേ നെൽചെടിയിൽ കറുത്ത പുള്ളിക്കുത്ത് കണ്ടിരുന്നു. കീടനാശിനി പ്രയോഗിച്ചാൽ എല്ലാം ശരിയാകുമെന്ന കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച് അതും ചെയ്തു. പക്ഷേ തളിർത്തത് അത്രയും പതിരാണ്. 

പതിറ്റാണ്ടുകളോളം തരിശ് കിടന്ന പാടത്ത് പ്രത്യാശ പുരുഷ സ്വയംസഹായസംഘം മൂന്ന് വർഷം മുൻപാണ് കൃഷി ആരംഭിക്കുന്നത്. ആദ്യ വർഷത്തേത് മികച്ച വിളയായതിനാൽ കൃഷി തുടർന്നു. പക്ഷേ മൂന്നാം കൊല്ലം തിരിച്ചടികിട്ടി. സർക്കാരും ഇൻഷുറൻസ് കമ്പനിയും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.