എംജി റോഡിലേക്കു കൂടി മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ സ്ഥിരം യാത്രക്കാരെ കയ്യിലെടുക്കാന്‍ ഇളവുകളുമായി കെഎംആര്‍എല്‍. മെട്രോയിലേക്ക് യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കാനാണ് നിരക്കുകളില്‍ ഇളവു വരുത്താന്‍ ആലോചിക്കുന്നത്. ഒരു മാസത്തിനുളളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
സാധാരണ ദിവസങ്ങളില്‍ ഇതാണ് മെട്രോ സ്റ്റേഷനുകളിലെ അവസ്ഥ. അത്ര കാര്യമായ തിരക്കില്ല. അവധി ദിനങ്ങളില്‍ മെട്രോയിലേറാന്‍ എത്തുന്നവരാകട്ടെ കൗതുകം ഒന്നു കൊണ്ടു മാത്രം വരുന്നവരും. എന്നാല്‍ കൊച്ചിയുടെ നഗരഹൃദയമായ എംജി റോഡിലേക്ക് മെട്രോ എത്തുന്നതോടെ ഈ സ്ഥിതി മാറുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്താനായി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് പതിവു യാത്രക്കാര്‍ക്കായി യാത്രാ ഇളവുകളെ കുറിച്ച് മെട്രോ ഏജന്‍സി ആലോചിക്കുന്നതും. മഹാരാജാസ് വരെയുളള പാതയിലെ ജനത്തിരക്കിന്റെ കണക്കെടുത്ത ശേഷമാകും ഈ ഇളവുകള്‍ തീരുമാനിക്കുക.
നിലവില്‍ സര്‍വീസ് നടത്തുന്ന ആലുവ മുതല്‍ പാലാരിവട്ടം വരെയുളള പാതയിലെ ടിക്കറ്റ് നിരക്ക് നാല്പത് രൂപയാണ്. മഹാരാജാസ് കോളജ് മൈതാനത്തേക്ക് സര്‍വീസ് നീളുന്നതോടെ ഇത് അമ്പതായി ഉയരും.