ആലപ്പുഴ കുമരംചിറയില്‍ റോഡില്‍ മല്‍സരവള്ളംകളി. കനത്ത മഴയോടെ റോഡ് വെള്ളത്തില്‍ മുങ്ങിയതാണ് പ്രതിഷേധവള്ളംകളിക്ക് കാരണമായത്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
ഇത് പുന്നമടയല്ല, ഇത് നെഹ്റുട്രോഫി പവലിയനുമല്ല, ഇക്കാണുന്നത് ചുണ്ടന്റെ ക്യാപ്റ്റനേയല്ല.വെള്ളമാണ് സര്‍വത്രവെള്ളം. മുട്ടാര്‍ സെന്ററില്‍ ഒരു റോഡുണ്ടായിരുന്നു എന്ന് ഒാര്‍മിപ്പിക്കുകയാണ് നാട്ടുകാര്‍. റോഡ് തോടായാല്പിന്നെ തോണി ഇറക്കുകയല്ലാതെ മറ്റന്ത് വഴി. അങ്ങിനെയാണ് റോഡിലെ വള്ളംകളി പ്രതിഷേധമായത്.
കുമരംചിറ സെന്റ് തോമസ് ദേവാലയത്തിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ സ്ത്രീകളും കുട്ടികളുമെല്ലാം പങ്കെടുത്തു. റോഡ് ഉയര്‍ത്തി നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും പരിഹാരം നീളുകയാണ്.