പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ കക്കൂസ് സമര്‍പ്പിച്ച് കൊച്ചിയില്‍ കെ.എസ്.യുവിന്റെ പ്രതീകാത്മക പ്രതിഷേധം. പെട്രോള്‍ വിലവര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന പിന്‍വലിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം മാപ്പുപറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
കൊച്ചി ഗാന്ധി സ്ക്വയറിനു സമീപമുള്ള പെട്രോള്‍ പമ്പിലേക്ക് പ്രകടനമായെത്തിയായിരുന്നു കെ.എസ്.യു. പ്രവര്‍ത്തകരുടെ പ്രതീകാത്മക കക്കൂസ് സമര്‍പ്പിക്കല്‍. കെ.എസ്.യു. മഹാരാജാസ് കോളജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇന്ധന വിലവര്‍ധനയിലൂടെ ലഭിക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാനാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പ്രതിഷേധം.
ഇന്ധനവില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ പറഞ്ഞു.