ജൈവകൃഷിയുടെ ഞാറുനടാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തൃശൂരില്‍ പാടത്തിറങ്ങി. അടുത്ത ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് വരുന്നവര്‍ക്ക് ഈ ജൈവ അരി ചോറായുണ്ണാം.
ഞാറുനടീല്‍ യന്ത്രത്തില്‍ കയറാന്‍ എത്തിയ കോടിയേരി ബാലകൃഷ്ണനെ പാട്ടുപാടിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിരേറ്റത്. ലുങ്കിയുടുത്ത് തലയില്‍ തോര്‍ത്തുമുണ്ടു കെട്ടി തനിനാടന്‍ കര്‍ഷകനായി കോടിയേരി പാടത്തിറങ്ങി. ഞാറുനടീല്‍ വണ്ടിയില്‍ കയറി ഒരുറൗണ്ട് ഞാറുനട്ടു. നിയമസഭ മുന്‍സ്പീക്കര്‍ കെ.രാധാകൃഷ്ണനും കോടിയേരിക്കൊപ്പം ഞാറുനടീല്‍ വണ്ടിയില്‍ കയറി.
സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം ജൈവഅരിയില്‍ വച്ച ചോറു നല്‍കാനാണ് പാര്‍ട്ടിയുടെ ശ്രമം. ഫെബ്രുവരി ആദ്യവാരത്തോടെ വിളവെടുക്കാന്‍ പാകത്തിലാണ് കൃഷിയുടെ ക്രമീകരണം. പി.കെ.ബിജു എം.പി. ഉള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഞാറുനടീല്‍ പരിപാടിക്കെത്തി.