മുംബൈയിലെ പ്രീമിയം റിയൽ എസ്റ്റേറ്റ് വിപണിയെ ഞെട്ടിച്ച് വീണ്ടുമൊരു വമ്പൻ ഇടപാട്. പ്രമുഖ ഫിൻടെക്-ബ്രോക്കിങ് സ്ഥാപനമായ ഏഞ്ചൽ വൺ ലിമിറ്റഡ‍് (Angel One Ltd) സ്ഥാപകനും ചെയർമാനുമായ ദിനേഷ് ഠക്കറാണ് ജൂഹുവിലെ ആഡംബര റസിഡൻഷ്യൽ ടവർ 711 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പർമാരായ എംബസി ഡെവലപ്‌മെന്റ്‌സ് ആണ് ടവര്‍ നിര്‍മിച്ചത്. ഇടപാടുമായി ബന്ധപ്പെട്ട് ദിനേഷ് ഠക്കറും എംബസി ഡവല്മെന്‍റ്സും ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയിലെ പ്രശസ്തമായ പ്രീമിയം ലൊക്കേഷനുകളിലൊന്നായ ജൂഹു താരാ റോഡിൽ സ്ഥിതി ചെയ്യുന്ന 'എംബസി ടെറാസ' (Embassy Terazza) എന്ന അത്യാഡംബര പദ്ധതിയിലാണ് ദിനേഷ് ഠക്കറിന്‍റെ സ്വപ്നഭവനം ഒരുങ്ങുന്നത്. ഗ്രൗണ്ട് ഫ്ലോറും ഏഴ് നിലകളും ഉൾപ്പെടുന്ന ഒരു സമ്പൂർണ ടവറാണ് ദിനേഷും കുടുംബവും സ്വന്തമാക്കിയത്. 63,000 ചതുരശ്ര അടിയാണ് ഇതിന്റെ വിസ്തീർണം.
രണ്ടേക്കറിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന പ്രൊജക്ടില്‍ 5 ടവറുകളുണ്ട്. സ്വകാര്യതയ്ക്കും ആഡംബരത്തിനും പ്രാധാന്യം നൽകി രൂപകൽപ്പന ചെയ്ത പ്രൊജക്റ്റിൽ, അഞ്ച് ടവറുകളുണ്ട്. ഓരോ നിലയിലും ഒറ്റ ഫ്ലാറ്റ് എന്ന രീതിയിലാണ് നിർമാണം. എല്ലാ ടവറുകളും ഉള്‍പ്പെട്ട പദ്ധതിയുടെ ആകെ ചെലവ് 3,000 കോടിയിലധികം രൂപ വരുമെന്നാണ് വിലയിരുത്തൽ.
മുംബൈയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ അന്തരീക്ഷമാണ് ജുഹുവിനുള്ളതെന്ന് ഇവിടെ വീടുവാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് ദിനേഷ് ഠക്കർ പ്രതികരിച്ചു. സ്വകാര്യത, വിശാലമായ ഇടം, മനോഹരമായ കടൽക്കാഴ്ച എന്നിവയ്ക്കൊപ്പം കുടുംബത്തിന് ശാന്തവും ആഡംബരപൂർണവുമായ ഒരു സങ്കേതം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വീട് തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ മെഗാ ഡീലുകൾ
മുംബൈയിലെ പ്രീമിയം മേഖലകള്‍ ഇതിനുമുമ്പും റെക്കോർഡ് തുകയ്ക്കുള്ള ഇടപാടുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2021ല്‍ സൗത്ത് മുംബൈയിലെ മലബാർ ഹിൽസിൽ (നാരായൺ ദാഭോൽക്കർ റോഡ്) 'മധു കുഞ്ച്' എന്ന ഒന്നരയേക്കർ വിസ്തൃതിയുള്ള പ്രീമിയം ബംഗ്ലാവ് ‘ഡിമാർട്ട്’ സ്ഥാപകൻ രാധാകിഷൻ ദമാനി 1,001 കോടി രൂപയ്ക്കാണ് വാങ്ങിയത്. അറുപതിനായിരത്തിലധികം ചതുരശ്രയടിയായിരുന്നു ഇതിന്റെ വിസ്തീർണം. 2023ല്‍ വർളിയില്‍ ഡോ. ആനി ബസന്റ് റോഡിലെ 'ത്രീ സിക്സ്റ്റി വെസ്റ്റ്' (Three Sixty West) പദ്ധതിയിലെ ടവർ ബിയിൽ 23 ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ രാധാകിഷൻ ദമാനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ഏകദേശം 1,200 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്.
രാജ്യത്തെ വൻകിട വ്യവസായികളും ഫിൻടെക് സംരംഭകരും മുംബൈയിലെ പ്രീമിയം ആഡംബര ഭവനങ്ങളിലേക്ക് നിക്ഷേപം വർധിപ്പിക്കുന്ന ട്രെൻഡാണ് ദിനേഷ് ഠക്കറിന്റെ പുതിയ ഇടപാടിലൂടെ വീണ്ടും വ്യക്തമാകുന്നത്.