വീട് ആവട്ടെ ഫ്ലാറ്റ് ആവട്ടെ, വളരെ ചെറിയ മുറികളാണ് നമ്മുടെ വീട്ടിൽ ഉള്ളതെങ്കിൽ ആ മുറികൾക്ക് കൂടുതൽ വിശാലത സൃഷ്ടിക്കാൻ കഴിയുമോ ?. കൂടുതൽ സൗകര്യങ്ങൾ ആ മുറികളിൽ ഒരുക്കാൻ പറ്റുമോ?. തീർച്ചയായും... പ്ലാനിങ്ങിലും നിർമ്മാണത്തിലും ഇൻറീരിയർ ഡിസൈനിങ്ങിലും അല്പം ശ്രദ്ധവച്ചാൽ ഇതൊക്കെ നിസ്സാരമായി സൃഷ്ടിച്ചെടുക്കാൻ കഴിയും... അതിനുള്ള ചില എളുപ്പവഴികൾ, പൊടിക്കൈകൾ നോക്കാം.
ഓപ്പണിങ്ങുകൾ
ഒരു മുറിക്ക് കൂടുതൽ വിശാലത തോന്നാനുള്ള എളുപ്പ മാർഗമാണ് കൂടുതൽ വെളിച്ചം, സൂര്യപ്രകാശം മുറിയിലേക്ക് കടന്നു വരുന്നത്. അതു കൊണ്ട് തന്നെ ചെറിയ സ്പേസുകളിൽ ജനലുകളും വാതിലുകളും അടക്കമുള്ള ഓപ്പണിങ്ങുകൾക്ക് പ്രാധാന്യം വളരെ വലുതാണ്. മുറിയുടെ അകം പുറം കാഴ്ച്ചകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഉപാധിയാണ് ഓപ്പണിങ്ങുകൾ. ഇത്തരം കാഴ്ച്ചകൾ മുറിയുടെ ഇടുക്കം കുറയ്ക്കുകയും വിശാലത തോന്നിപ്പിക്കുകയും ചെയ്യും. ഇതിനു വേണ്ടി വലിയ വാതിലുകൾ, ഫ്രഞ്ച് ജനാലകൾ, ഗ്ലാസ് സ്ളൈഡിങ് ഡോറുകൾ എന്നിവ ഉപയോഗിക്കാം.
കോമൺ സ്പേയ്സുകളിലെ ജനലുകൾക്ക് കഴിയുന്നതും കർട്ടനുകൾ കൊടുക്കാതിരുന്നാൽ പുറം കാഴ്ച്ചകൾ നഷ്ടപ്പെടില്ല . ഇത്തരം കോമൺ സ്പേയ്സുകളിലെ പുറം വാതിലുകളോട് ചേർത്ത് ചെറിയ ഒരു വരാന്ത ഉണ്ടെങ്കിൽ ആ കോമൺ സ്പേയ്സിന്റെ എക്സ്റ്റൻഷനായി പുറത്തെ വരാന്ത സ്പേയ്സ് മാറ്റിയെടുക്കാം.
ഇനി സ്വകാര്യതക്ക് വേണ്ടി ബ്ലൈൻഡ്സോ കർട്ടനോ ഉപയോഗിക്കണമെങ്കിൽ തന്നെ അവ തിരഞ്ഞെടുക്കുമ്പോൾ, വളരെ ലളിതമായ ഇളം നിറത്തിലുള്ള മെറ്റീരിയലുകൾ തിരഞ്ഞെടുക്കുക. വെളിച്ചം അകത്തേക്ക് കടത്തിവിടുന്ന സീബ്ര ലൈൻ മോഡൽ ബ്ലൈൻഡ്സും ഉപയോഗിക്കാം. ജനലുകളും വാതിലുകളും വെള്ള നിറത്തിലോ ഇളം നിറത്തിലോ പെയിൻറ് ചെയ്യുന്നതും സ്പേയ്സിന് വിശാലത തോന്നാൻ സഹായിക്കും. ജനലുകൾക്കും വാതിലുകൾക്കും ഗ്ലാസ് ഉപയോഗിക്കുന്നുണ്ടെങ്കിൽ തന്നെ കൂടുതൽ പാർട്ടീഷൻ, ഗ്ലാസിന് കൊടുക്കാതെ കഴിയുന്നതും വലിയ ഗ്ലാസ്സുകൾ ഉപയോഗിച്ച് അകംപുറം കാഴ്ചകളെ വേർതിരിക്കുന്നതും വിശാലത തോന്നാൻ സഹായിക്കും.
നിറങ്ങള്‍
ഒരു മുറിയുടെ വിശാലത കൂട്ടാനും കുറയ്ക്കാനും ഒക്കെ കഴിയും ഭിത്തികൾക്ക് നൽകുന്ന നിറങ്ങളിലൂടെ . അതുകൊണ്ടുതന്നെ വളരെയധികം സൂക്ഷ്മതയോടെ വേണം നിറങ്ങളുടെ തിരഞ്ഞെടുപ്പ് . ഒരു മുറി കൂടുതൽ വിശാലമായി തോന്നാനുള്ള ഏറ്റവും എളുപ്പ മാർഗം ലളിതമായ നിറങ്ങളും, ഒരേ നിറങ്ങളുടെ പല ഷേഡുകളും ഉപയോഗിക്കുമ്പോഴാണ്. ഒരു ലളിതമായി നിറം തിരഞ്ഞെടുക്കുകയാണെങ്കിൽ അതേ നിറമോ, അതിന്റെ തന്നെ നിറഭേദങ്ങളോ ഫ്ലോറിങ്ങിനും ഭിത്തികൾക്കും സീലിങ്ങിനും ഉപയോഗിക്കുന്നത് വിശാലത കൂടുതൽ തോന്നിപ്പിക്കാൻ സഹായിക്കും. ഇൻറീരിയർ ഫർണിഷിങ്സിൽ മുറിക്കു നൽകിയ നിറങ്ങളുടെ മറ്റു നിറഭേദങ്ങൾ ഉപയോഗിക്കുന്നത് ആ മുറിക്കൊരു കൂൾ ആൻഡ് എലഗന്റ് ഫീൽ നൽകും. ഒപ്പം വിശാലത കൂടുതൽ അനുഭവപ്പെടുകയും ചെയ്യും.
ലൈറ്റിങ്
നാച്ചുറൽ ലൈറ്റിന് കൂടുതൽ വിശാലത തോന്നിപ്പിക്കാൻ കഴിയും. അതുപോലെ തന്നെ പ്രാധാന്യമുള്ള ഒന്നാണ് കൃത്രിമമായി നൽകുന്ന ലൈറ്റിങ്ങും. കോവ് ലൈറ്റിങ് അഥവാ സീലിങ്ങിന്റെ ഉള്ളിൽ നിന്നും മുകളിലേക്ക് പ്രകാശംപരത്തുന്ന ലൈറ്റുകളെക്കാൾ അനുയോജ്യം സീലിങ്ങിൽ നിന്ന് മുറിയിലേക്ക് കൊടുക്കുന്നതോ, ഭിത്തിക്ക് പുറത്തേക്കു തള്ളി നിൽക്കുന്നതോ ആയ ലൈറ്റ് ഫിക്സ്ചർ ആണ്. അത്തരം ലൈറ്റ് ഫിക്സച്ചറുകൾ സീലിങ്ങിലും ഭിത്തികളിലും പ്രകാശം പ്രതിഫലിപ്പിച്ച് കൂടുതൽ വെളിച്ചം മുറിയിൽ പരത്തുകയും, അതുവഴി മുറിക്ക് കൂടുതൽ വിശാലത തോന്നിപ്പിക്കുകയും ചെയ്യും.
ഫ്ളോറിങ്
മുറികൾക്ക് വിശാലത തോന്നിപ്പിക്കുന്നതിൽ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് ഫ്ളോറിങ്. ഫ്ലോറിങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയൽ മുതൽ ഫ്ലോറിന് നൽകുന്ന ഡിസൈൻ വരെ വിശാലത തോന്നിപ്പിക്കുന്നതിൽ പ്രസക്തമാണ്. ഒരു ഡിസൈനിലുള്ള ഫ്ലോർ ടൈൽ തന്നെ എല്ലാ മുറികളിലും ഉപയോഗിക്കുന്നത് മുറിയുടെ വിശാലത കൂടുതൽ തോന്നിപ്പിക്കുന്നതിൽ പ്രധാന ഘടകമാണ്. ചെറിയ സൈസുള്ള ഫ്ലോർ ടൈലുകളേക്കാൾ, വലിയ സൈസിലുള്ള ടൈലുകൾ ഉപയോഗിക്കുന്നതും മുറിക്ക് വിശാലത തോന്നിപ്പിക്കും. ഒരേ ഫ്ലോർ ടൈൽ തന്നെ ഉപയോഗിക്കുന്നതുമൂലം സ്പേയ്സുകൾക്ക് വേർതിരിവ് തോന്നുന്നില്ലെങ്കിൽ പാർട്ടീഷനു വേണ്ടി കാർപെറ്റുകൾ ഉപയോഗിക്കാം. ഫർണിച്ചർ അറേഞ്ച്മെന്റു വഴിയും മുറികൾക്ക് വേർതിരിവ് നൽകാൻ സാധിക്കും. ചെറിയ മുറികളിൽ തടി കൊണ്ടുള്ള ഫ്ളോറിങ്ങ് കുറവാണ്. ആവശ്യമെങ്കിൽ അത് വളരെ വിദഗ്ധമായി ഉപയോഗിച്ചാൽ സ്പേയ്സ് കൂടുതൽ തോന്നാനും സഹായിക്കും. അതിനായി വുഡൻ സ്ട്രിപ്പ്സ് ഉപയോഗിക്കുന്നതിനു പകരം വുഡൻ പ്ലാങ്ക്സ് ഉപയോഗിക്കുക. അതു പോലെ തന്നെ അവ വിരിക്കുമ്പോൾ കഴിയുന്നതും നീളം കൂടുതൽ ഉള്ള ഭാഗത്തേക്ക് സമാന്തരമായി വിരിക്കുകയും ചെയ്യണം.
ഫർണിച്ചർ
ഒരു മുറിയുടെ സ്ഥലസൗകര്യം കൂട്ടുന്നതിലും കുറയ്ക്കുന്നതിലും നിർണായകമാണ് അവിടെ ഉപയോഗിക്കുന്ന ഫർണിച്ചറുകൾ. ഫർണിച്ചറിന്റെ വലുപ്പം ഡിസൈൻ, ഉപയോഗിക്കുന്ന ഫാബ്രിക് എന്നിവയും തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണം. ലിവിങ്ങും ഡൈനിങ്ങും ഒരുമിച്ച് വരുന്ന സ്പേയ്സുകളിൽ ഫർണിച്ചർ ഇടുമ്പോൾ കഴിയുന്നതും ചാരിന് പൊക്കം കുറവുള്ള സോഫകളും കസേരകളും തിരഞ്ഞെടുക്കുക. ഡൈനിങ്ങിലെ ഇരിപ്പിടങ്ങൾക്കായി ബെഞ്ചുകൾ ഉപയോഗിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ ഓരോ സ്പേയ്സിനു ഇണങ്ങുന്നതും മുറിയുടെ അളവിന് പാകമാകുന്നതുമായ ഫർണീച്ചർ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഗ്ലാസ്സ് കൊണ്ടുള്ള മേശയും ടീപ്പോയും ഒക്കെ ഉപയോഗിക്കുകയാണെങ്കിൽ മുറികളിൽ പൊതുവേ ഇടുക്കം തോന്നില്ല. ഇളം നിറത്തിലുള്ള ഫർണിച്ചർ ആയിരിക്കണം ഇത്തരം മുറികളിൽ ഉപയോഗിക്കേണ്ടത്.
അലങ്കാരവസ്തുക്കൾ
മുറികളിൽ ഇൻറീരിയർ ഡിസൈനിങ്ങിന്റെ ഭാഗമായി ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കൾ തെരഞ്ഞെടുക്കുന്നതിലും ഏറെ സൂക്ഷ്മത വേണം. മുറികൾക്ക് വിശാലത തോന്നിപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള അലങ്കാരവസ്തുക്കളും ഇന്ന് ലഭ്യമാണ്. ചെറിയ മുറികളിൽ ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കൾ മുറിയുടെ വലുപ്പം തോന്നിപ്പിക്കുന്നതിൽ പ്രധാനഘടകമാണ്. അലങ്കാര കണ്ണാടികൾ, തിളങ്ങുന്ന ഫിനിഷുകൾ എന്നിവ ഉപയോഗിക്കുമ്പോൾ ചുറ്റുമുള്ള സ്പേയ്സുകളെയും ലൈറ്റുകളെയും പ്രതിഫലിപ്പിച്ച് ആ സ്പേയ്സിനെ വലിയൊരു സ്പേയ്സ് ആയി കാണിക്കും.
സ്റ്റോറേജ് ഡിസൈൻ
മുറികളിൽ സൃഷ്ടിക്കുന്ന സ്റ്റോറേജുകൾ, സ്റ്റോറേജുകൾക്ക് വേണ്ടി നൽകുന്ന ഡിസൈൻ എന്നിവയും ആ മുറിയുടെ വിശാലതയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ചെറിയ മുറികൾക്ക് കൂടുതലും അനുയോജ്യം വെർട്ടിക്കൽ ആയിട്ടുള്ള സ്റ്റോറേജുകൾ ആണ് . മുറികൾക്ക് ഡബിൾ ഹൈറ്റ് കൊടുക്കുന്നതും വിശാലത കൂടുതൽ തോന്നിപ്പിക്കുന്ന ഘടകമാണ്. വെർട്ടിക്കൽ ആയി ഭിത്തികൾക്ക് നൽകുന്ന പാനലുകളും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. സ്റ്റോറേജ് യൂണിറ്റുകളോ അലമാരകളോ സീലിങ് വരെ ഉയരത്തിൽ കൊടുക്കാം. ഇങ്ങനെ ചെയ്യുമ്പോൾ തറയോട് ചേർന്നു വരുന്ന സ്റ്റോറേജ് യൂണിറ്റുകൾ ഒഴിവാക്കുകയും ഫ്ളോർ സ്പേയ്സ് ഫ്രീ ആക്കി എടുക്കുകയും ചെയ്യാം.
സ്പേയ്സ് യൂട്ടിലിറ്റി
ഒരു സ്പേയ്സിനെ പലവിധത്തിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തണം . ഒരു വീട്ടിലെ കോമൺ സ്പേയ്സുകൾ സൂക്ഷ്മതയോടെ പ്ലാൻ ചെയ്താൽ വളരെ ചെറിയ സ്പേയ്സിനു പോലും കൂടുതൽ ഉപയോഗം കണ്ടെത്താൻ പറ്റും. ലിവിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റും, മുകളിലേക്ക് പോകുന്ന സ്റ്റെയർകേയ്സും, പ്രയർ സ്പേയേസും ഒക്കെ ക്രമീകരിക്കാം. ഓപ്പൺ ശൈലിയിൽ ഇങ്ങനെ സ്പേയ്സ് പ്ലാൻ ചെയ്താൽ ചെറിയ സ്പേയ്സ് പോലും വളരെ വിശാലമായി തോന്നും. ബെഡ്റൂം സ്പേയ്സിൽ ഇൻബിൽറ്റ് ആയിട്ടുള്ള സീറ്റുകൾ കൊടുത്ത് അതിനിടയിലും കട്ടിലിന്റെ ബെഡിനടിയിലും ഒക്കെ സ്റ്റോറേജ് നൽകാവുന്നതാണ്. ഇങ്ങനെ വരുമ്പോൾ അധികം അലമാരകൾ ക്രമീകരിക്കേണ്ട ആവശ്യം വരില്ലെന്ന് മാത്രമല്ല മുറിയുടെ ഉള്ള വലിപ്പം പൂർണമായി പ്രയോജനപ്പെടുത്താനും ആകും.