ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വീട്. മലയാളികൾക്ക് പ്രത്യേകിച്ചും വീട് എന്ന് പറയുമ്പോൾ അതിനോട് ഒരു വൈകാരികമായ അടുപ്പം കൂടുതലുണ്ട്. ജീവിതത്തിൽ അധ്വാനിക്കുന്നതിന്റെ നല്ല പങ്കും ഒരു വീട് സ്വന്തമാക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നവരാണ് മലയാളികൾ. ഭൂമിക്ക് പൊന്നും വിലയുള്ള നാട്ടിൽ ഒരു വീടിനുവേണ്ടി സ്ഥലം മേടിക്കാൻ ഇന്ന് സാധാരണക്കാർക്കൊക്കെ സാധിക്കുന്നത് ഏതാനും സെന്റുകൾ മാത്രമാണ്. ഏറെ മോഹിച്ചും അതിലേറെ വിയർപ്പൊഴുക്കിയും വീടിനുവേണ്ടി ഒരു സ്ഥലം മേടിക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
1. ഭൂമിയുടെ ഘടന
വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഘടന എങ്ങനെയാണെന്നുള്ളത് പ്രധാനമാണ്. അതായത് പ്ലോട്ട് നിരപ്പായ സ്ഥലമാണോ, അതോ ഉയർന്നുനിൽക്കുന്ന സ്ഥലമാണോ, അതുമല്ലെങ്കിൽ താഴ്ചയിലിരിക്കുന്ന സ്ഥലമാണോ എന്നുള്ളത് വളരെ പ്രധാനമാണ്. വീട് പണിയുമ്പോൾ വീടിന്റെ പുറമേയുള്ള ഭംഗിക്കും എടുപ്പിനും ഒക്കെ നമ്മൾ പ്രാധാന്യം കൊടുക്കാറുണ്ട്. നിരപ്പായ സ്ഥലം വീടിന് നല്ലതും അനുയോജ്യവും ആണ്. എന്നാൽ റോഡിന്റെ ലെവലിൽനിന്നും അൽപ്പം ഉയർന്നു നിൽക്കുന്ന പ്ലോട്ടിൽ പണിയുന്ന വീടുകൾക്ക് കാഴ്ചയിൽ ഭംഗിയും എടുപ്പും കൂടുതലായിരിക്കും. അതേസമയം താഴ്ന്നു കിടക്കുന്ന ഭൂമിയിൽ പണിയുന്ന വീടുകൾക്ക് മിക്കപ്പോഴും വിപരീത ഫലമാണ് ഉണ്ടാവുക. ഒരുപാട് കുത്തനെയുള്ള പ്ലോട്ടും ഏറെ താഴ്ചയിലുള്ള പ്ലോട്ടും വീടിന്റെ നിർമ്മാണ ചെലവ് കൂട്ടും. വാസ്തുശാസ്ത്രം അനുസരിച്ചും ഉയർന്ന ഭൂമിയാണ് വീടിനു കൂടുതൽ അനുയോജ്യം.
2. പ്ലോട്ടിലേക്കുള്ള വഴി
വാങ്ങാൻ ഉദ്ദേശിക്കുന്ന പ്ലോട്ടിലേക്കുള്ള വഴി ഒരു പ്രധാന ഘടകമാണ്. വാങ്ങുന്നത് ഒരു ചെറിയ പ്ലോട്ട് ആണെങ്കിൽ അതിനുചുറ്റും ഒന്നിലധികം വഴികൾ വരുന്നത് നല്ലതല്ല. കാരണം ഇതാണ്, വാങ്ങുന്നത് ഒരു 5 സെന്റിന്റെ പ്ലോട്ട് ആണെങ്കിൽ അതിനു ചുറ്റും രണ്ടു വശത്തും വഴി ഉണ്ടെങ്കിൽ, വഴികൾ ഉള്ള രണ്ടു വശത്തു നിന്നും മൂന്നു മീറ്റർ വീതം സ്ഥലം വിട്ടതിനുശേഷം മാത്രമേ വീടിന്റെ തറ നിർമിക്കാൻ നിയമപ്രകാരം കഴിയു. ഇത് വീടിന്റെ നിർമ്മാണ ഏരിയയെ ചുരുക്കും. മറ്റൊരു കാര്യം പ്ലോട്ടിലേക്ക് വാഹനങ്ങൾ കയറി വരാനുള്ള വഴി ആവശ്യത്തിന് ഉണ്ട് എന്ന് രേഖകളിൽ അടക്കം ഉറപ്പാക്കണം. ആവശ്യത്തിന് വഴി സൗകര്യം ഇല്ലെങ്കിൽ നിർമ്മാണ ചെലവ് വർദ്ധിക്കും.
3. ലൊക്കേഷൻ
പണിയാൻ ഉദ്ദേശിക്കുന്ന വീടിന്റെ ലൊക്കേഷൻ എവിടെയാണ് എന്നുള്ളത് പ്രധാനമാണ്. മെയിൻ റോഡിനോട് ചേർന്ന് വീട് പണിയുന്നത് നമ്മുടെ പോക്ക് വരവിനുള്ള സൗകര്യങ്ങൾ കൂട്ടുകയും, അഭിമാനം വർദ്ധിപ്പിക്കുകയുമൊക്കെ ചെയ്യുമെങ്കിലും ബുദ്ധിമുട്ടുകൾ ഏറെയുണ്ടാക്കും. ഇത്തരം വീടുകൾ നേരിടുന്ന പ്രധാന പ്രശ്നം വാഹനങ്ങൾ മൂലം ഉണ്ടാകുന്ന പൊടിയും പുകയും അടക്കമുള്ള അന്തരീക്ഷ മലിനീകരണമാണ്. വീടും അകത്തെ മുറികളും വരെ എപ്പോഴും പൊടി നിറഞ്ഞതായിരിക്കും. ഇത് തടയാൻ ജനാലകൾ അടച്ചിട്ടാൽ വായു വെളിച്ച സഞ്ചാരം ഉറപ്പാക്കാനാവില്ല. ഭാവിയിൽ വീട്ടിലുള്ളവർക്ക് ആസ്മ,അലർജി അടക്കമുള്ള രോഗങ്ങൾക്ക് കാരണമാകാം. കൂടാതെ വീട് പെട്ടെന്ന് മുഷിയുകയും പെയിന്റിങ് അടക്കമുള്ള മെയിന്റനൻസുകൾ ഇടയ്ക്കിടെ ചെയ്തുകൊണ്ടിരിക്കുകയും വേണം. കൂടാതെ പ്രധാന റോഡുകൾ ആവുമ്പോൾ ഭാവിയിലുള്ള റോഡ് വികസനം അടക്കം നമ്മൾ മുന്നിൽ കാണേണ്ടതാണ്. ആ സമയത്ത് ചിലപ്പോൾ വീടും സ്ഥലവും വരെ നഷ്ടപ്പെടാം. അതുകൊണ്ട് പ്രധാന റോഡിൽ നിന്നും മാറി ഒരല്പം അകത്തേക്ക് വായു വെളിച്ച സഞ്ചാരമൊക്കെ തടസ്സമില്ലാതെ വീടിനുള്ളിൽ ഉറപ്പാക്കാനാവുന്ന പ്ലോട്ട് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
4. പ്ലോട്ടിലെ മണ്ണിന്റെ സ്വഭാവം
വാങ്ങാൻ ഉദ്ദേശിക്കുന്ന പ്ലോട്ട് പാടം /വയൽ നികത്തിയതോ, ചതുപ്പ്, വെള്ളക്കെട്ട് സ്വഭാവമുള്ളതോ ആണെങ്കിൽ ആദ്യമേ ഓർത്തുവയ്ക്കുക നിർമ്മാണ ചെലവ് സാധാരണ വീടിനേക്കാൾ കൂടും. മണ്ണടിച്ച് നികത്തിയ സ്ഥലം പ്ലോട്ട് ഒക്കെ തിരിച്ച് ഇട്ടിരിക്കുന്നത് കാണുമ്പോൾ ഭംഗി തോന്നാമെങ്കിലും ആ നികത്തിയ മണ്ണിലും താഴേക്ക്, ഉറച്ച മണ്ണ് കിട്ടുന്നിടം വരെ വാനം മാന്തിയിട്ട് വേണം അടിത്തറ കെട്ടാൻ. അതല്ലെങ്കിൽ പൈലിങ് പോലുള്ള ചെലവ് കൂടിയ അടിത്തറ നിർമ്മാണ രീതികൾ സ്വീകരിക്കേണ്ടിവരും. മണ്ണ് നികത്തിയ സ്ഥലങ്ങളിൽ ഭൂമിയുടെ യഥാർത്ഥ സ്വഭാവം എന്താണെന്ന് മനസ്സിലാക്കുക ശ്രമകരമാണ്. പലപ്പോഴും വാനം മാന്താനായി മണ്ണ് മാറ്റുമ്പോൾ അടിയിൽ വെള്ളം കിടക്കുന്നതോ, ഉറപ്പില്ലാത്ത മണ്ണോ കാണുമ്പോഴാണ് മുൻപ് ഇത് ചതപ്പുനിലം ആണെന്ന് പലരും മനസ്സിലാക്കുന്നത്. അതുകൊണ്ട് ഭൂമി വാങ്ങുന്നതിന് മുമ്പ് കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിരിക്കണം.
5. പ്ലോട്ടിന്റെ ആകൃതി
ചതുരം, ദീർഘചതുരം എന്നീ ആകൃതിയിലുള്ള പ്ലോട്ടുകളാണ് മിക്കവരും വാങ്ങാൻ മുൻഗണന നൽകുക. ഇത് വീടിനു നല്ലതുമാണ്. എന്നാൽ ഇതിന് മറുവശം കൂടിയുണ്ട്. കൃത്യമായ ആകൃതിയില്ലാത്ത, ഷേപ്പ് ലെസ്സ് ആയിട്ടുള്ള പ്ലോട്ടുകളും ചിലർ വളരെ ബുദ്ധിപൂർവ്വം വാങ്ങാറുണ്ട്. കാരണം കൃത്യമായ ഒരു ഷെയ്പ്പില്ലാത്ത പ്ലോട്ടിന് മറ്റ് പ്ലോട്ടുകളെക്കാൾ വിലകുറച്ചു ലഭിക്കും എന്നതാണ് പ്രധാന കാരണം. ഇത്തരത്തിലുള്ള പ്ലോട്ടുകൾ വളരെ മിടുക്കരായ ആർക്കിടെക്ടുമാരെ ഏൽപ്പിച്ചു കഴിഞ്ഞാൽ അവർ ആ പ്ലോട്ടിന്റെ പരിമിതികളെ സാധ്യതകളാക്കി മാറ്റി വളരെ മനോഹരമായ ഒരു വീട് ഒരുക്കുകയും ചെയ്യും. ഒരു കാര്യം ശ്രദ്ധിക്കണം ഇത്തരം പ്ലോട്ടുകൾ മേടിക്കുന്നതിന് മുമ്പ് നിങ്ങളുടെ ആർക്കിടെക്ടിനെ കൂടി ഭൂമി കാണിക്കണമെന്ന് മാത്രം.
6. വൈദ്യുതി, വെള്ളം എന്നിവയുടെ ലഭ്യത
പ്ലോട്ടിൽ വൈദ്യുതി കണക്ഷൻ ലഭ്യമാണോ? ഇല്ലെങ്കിൽ പ്ലോട്ടിലേക്ക് വൈദ്യുതി എത്തിക്കണമെങ്കിൽ എത്ര ദൂരം ലൈൻ വലിക്കേണ്ടി വരാം? പ്ലോട്ടിൽ കിണർ കുത്തിയാൽ ശുദ്ധജലം ലഭിക്കാനുള്ള സാധ്യതയുണ്ടോ? ഇനി അതല്ല പൈപ്പ് ലൈൻ ജലം എത്തിക്കണമെങ്കിൽ അതിന് എത്ര ദൂരം ലൈൻ വലിക്കേണ്ടി വരാം? ഈ ചോദ്യങ്ങൾ വളരെ പ്രധാനമാണ്. ഇതിന്റെ ഉത്തരങ്ങൾ നമ്മുടെ ബജറ്റ് വല്ലാതെ കൂട്ടുമോ എന്ന് നോക്കണം. കൂടാതെ പ്ലോട്ടിനു മുകളിലൂടെ ഹൈടെൻഷൻ/ ലോ ടെൻഷൻ വൈദ്യുതി ലൈനുകൾ പോകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. പ്ലോട്ടിനു മുകളിലൂടെയാണ് പോകുന്നതെങ്കിൽ അത് മാറ്റുന്നത് സാധ്യമാണോ എന്നു അന്വേഷിക്കണം. ഇത് ശ്രദ്ധിക്കാതെ ഭൂമി മേടിച്ചാൽ ചിലപ്പോൾ വീട് നിർമ്മാണം പോലും സാധ്യമാവണമെന്നില്ല.
7. സൗകര്യങ്ങളുടെ സാമിപ്യം
കുടുംബമായി താമസിക്കുമ്പോൾ, ദൈനംദിന ജീവിതത്തിൽ വീട് എവിടെ സ്ഥിതി ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. വീട്ടിൽ നിന്ന് പ്രധാന റോഡിലേക്ക്/ ബസ് സ്റ്റോപ്പിലേക്ക് ഉള്ള ദൂരം, നമ്മുടെ ജോലി സ്ഥലത്തേക്കുള്ള ദൂരം, സ്കൂൾ, കോളേജ്, ആശുപത്രി, ആരാധനാലയങ്ങൾ എന്നിവയുടെ ദൂരം, നിത്യോപയോഗ സാധനങ്ങൾ ലഭ്യമാകുന്ന കടകൾ, തൊട്ടടുത്ത ടൗൺ എന്നിവിടങ്ങളിലേക്കുള്ള ദൂരം എന്നിവ സ്ഥലം മേടിക്കുന്നതിന് മുമ്പ് മനസ്സിലാക്കിയിരിക്കണം. ഇത്തരം അടിസ്ഥാന സൗകര്യങ്ങളുടെ സാമീപ്യം ദൈനംദിന ജീവിതത്തെ എളുപ്പമാക്കും.
8. രേഖകളുടെയും പ്രമാണങ്ങളുടെയും വിശ്വാസ്യത
നമ്മൾ മേടിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ആധാരം, അടിയാധാരം, നികുതി അടച്ച ചീട്ട് തുടങ്ങി ആ വസ്തുവുമായി ബന്ധപ്പെട്ട രേഖകൾ/ അവയുടെ പകർപ്പുകൾ വിശദമായി പരിശോധിക്കണം. എല്ലാറ്റിന്റെയും ഒറിജിനൽ രേഖകൾ ഉടമസ്ഥന്റെ കൈവശമുണ്ട് എന്ന് ഉറപ്പുവരുത്തണം. രേഖകളുടെ വിശ്വാസ്യതയും ഉറപ്പാക്കണം. വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിക്ക് നിലവിൽ എത്ര അവകാശികൾ ഉണ്ട്, അതിൽ പ്രായപൂർത്തിയാകാത്തവരോ, മാനസികരോഗമുള്ളവരോ ഉണ്ടോ? ഇക്കാര്യങ്ങൾ അന്വേഷിക്കണം. നിയമവിദഗ്ധരെ കൊണ്ട് രേഖകൾ പരിശോധിപ്പിക്കുന്നത് നല്ലതാണ്. ഭൂമി വാങ്ങുന്നതിനോ വീട് വെക്കുന്നതിനോ ലോൺ എടുക്കുന്നുണ്ടെങ്കിൽ, ഈ രേഖകൾ പ്രകാരം ബാങ്കിൽ നിന്ന് ലോൺ കിട്ടുമോ എന്നും പരിശോധിക്കണം.
9. പ്ലോട്ടിന്റെ ദർശനം
വീടുപണിയുമ്പോൾ പ്ലോട്ടിന്റെ ദർശനം ഏത് ദിക്കിലേക്കാണ് എന്നുള്ളത് ശ്രദ്ധിക്കുന്നത് നല്ലതാണ്. വീട് നിർമ്മിക്കുമ്പോൾ വാസ്തു ശാസ്ത്രം നോക്കുന്നുണ്ടെങ്കിൽ പ്ലോട്ടിന്റെ ദർശനത്തിനും പ്രാധാന്യമുണ്ട്. ചില ദിക്കുകളിലേക്കുള്ള ദർശനം, കൂടുതൽ അനുയോജ്യമെന്ന് വാസ്തുശാസ്ത്രം പറയുന്നു. ഭൂമിയുടെ വില വളരെയധികം ഉയരുകയും സ്ഥല ലഭ്യത കുറയുകയും ചെയ്തതോടുകൂടി, ദർശനം ഏതു ദിക്കിലേക്ക് ആണെങ്കിലും ആർക്കിടെക്ട്സ് ഡിസൈൻ മികവിലൂടെ മികച്ച വീടുകൾ തന്നെ ഒരുക്കുന്നുണ്ട്.
10. ചുറ്റുവട്ടങ്ങളിലെ അന്വേഷണം
ഇടനിലക്കാരെ ആശ്രയിച്ചാണ് ഭൂമിയുടെ കച്ചവടം പലപ്പോഴും നടക്കാറുള്ളത്. എന്നാൽ ഇടനിലക്കാർ പറയുന്ന കാര്യങ്ങളെ മാത്രമായി വിശ്വാസത്തിൽ എടുത്തുകൊണ്ടാകരുത് ഭൂമിയുടെ ഇടപാടുകൾ മുന്നോട്ടുകൊണ്ടുപോകേണ്ടത്.
ചുറ്റുപാടും ഉള്ളവരിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ സ്വഭാവം, ഘടന, ഭൂമിയുടെ അവകാശികൾ, പ്രദേശം എങ്ങനെയുണ്ട്, തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാണ്. ഭൂമി ഇടപാടുകളുടെ പേരിൽ ഇന്ന് ധാരാളം തട്ടിപ്പുകൾ നടക്കുന്നത് കൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തി, പൂർണ്ണ വിശ്വാസം വന്നതിനുശേഷം മാത്രമേ ഭൂമി മേടിക്കാവൂ.