യാത്രകള്‍ എപ്പോഴും മനസിന് ഉന്മേഷവും ആശ്വാസവും പകരുന്നവയാണ്. ജോലിത്തിരക്കില്‍ നിന്നെല്ലാം മാറി അല്‍പം ആശ്വാസത്തിനായി യാത്രകള്‍ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്. ഉല്ലാസയാത്രകളെക്കാള്‍ ട്രെക്കിങും ക്യാംപിങും ഇഷ്ടപ്പെടുന്നവരാണ് പുതുതലമുറയില്‍പ്പെട്ടവര്‍. ട്രെക്കിങിനും ക്യാംപിങിനുമെല്ലാം പോകുമ്പോള്‍ ബാഗ്പാക്കിങ് പ്രധാനമാണ്. ഏറ്റവും കുറവ് ലഗേജാണ് ഇത്തരം സാഹചര്യങ്ങളില്‍ ഉത്തമം. അക്കൂട്ടത്തില്‍ പ്രധാനമായും കയ്യില്‍ കരുതേണ്ട ഒന്നാണ് സ്ലീപ്പിങ് ബാഗ്. ഏതെങ്കിലുമൊരു സ്ലീപ്പിങ് ബാഗ് വാങ്ങി കയ്യില്‍ കരുതുക എന്നതിനപ്പുറം യാത്രകള്‍ക്ക് ഉചിതമായ ഒന്ന് നോക്കി വാങ്ങുക എന്നതും പ്രധാനമാണ്.
കിടക്കാനുളള സുഖം, കൊണ്ടുപോകാനുളള സൗകര്യം, ഉളളിലെ സ്റ്റഫിങ് എന്നിവ നോക്കിവേണം സ്ലീപ്പിങ് ബാഗ് വാങ്ങാന്‍. കൂടാതെ നിങ്ങള്‍ പോകുന്ന സ്ഥലത്തെ കാലവസ്ഥ കൂടി നോക്കി വേണം സ്ലീപ്പിങ് ബാഗ് തിരഞ്ഞെടുക്കാന്‍. ട്രെക്കിങിന് പോകുമ്പോള്‍ കുറവ് ലഗേജേ കയ്യില്‍ കരുതാവൂ എന്ന് പറയുന്ന പോലെ തന്നെ ഭാരം കുറഞ്ഞ സ്ലീപ്പിങ് ഭാഗ് വേണം കയ്യില്‍ കരുതാന്‍.
കാലാവസ്ഥ കൂടി പരിഗണിച്ചാണ് സ്ലീപ്പ് ബാഗ് വാങ്ങുന്നതെങ്കില്‍ നല്ല ചൂടുള്ള കാലാവസ്ഥയില്‍ അധികം സ്റ്റഫിങ്ങില്ലാത്ത സാധാരണ സ്ലീപ്പിങ് ബാഗാണ് നല്ലത്. ഇനി തണുപ്പുളള കൂടുതലുളള സ്ഥലത്തേയ്ക്കാണ് യാത്ര എങ്കില്‍ സ്റ്റഫിങ് കൂടുതലുള്ളതാണ് നല്ലത്. മാത്രമല്ല നിങ്ങളുടെ ശരീരം കൃത്യമായി സ്ലീപ്പില്‍ ബാഗില്‍ കൊള്ളുമോ എന്ന് കൂടി ഉറപ്പാക്കിയ ശേഷമേ സ്ലീപ്പിങ്. സ്ലീപ്പിങ് ബാഗുകള്‍ പലവിധമുണ്ട്.
മാട്രസ് അഥവാ കിടക്ക പോലെയുളളവയാണ് ദീര്‍ഘചതുരത്തിലുള്ള സ്ലീപ്പിങ് ബാഗുകള്‍. എന്നാല്‍ കുറച്ചൊന്ന് ഒതുങ്ങിയവയാണ് ബാരല്‍ ബാഗുകള്‍. വില അല്‍പം കൂടുതലാണെങ്കിലും നിരവധിയാളുകള്‍ തിരഞ്ഞെടുക്കാറുളള ഒന്നാണ് മമ്മി ബാഗുകള്‍. ശരീരത്തോട് വളരെയേറെ ചേര്‍ന്നുകിടക്കുന്ന ഇത്തരം സ്ലീപ്പിങ് ബാഗുകള്‍ക്ക് ഭാരം മറ്റുളളവയെക്കാള്‍ കുറവായിരിക്കാം. രണ്ടുപേര്‍ക്ക് ഒന്നിച്ച് കിടക്കാവുന്ന തരത്തിലുളള സ്ലീപ്പിങ് ബാഗുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൂടാതെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മാത്രമായി തയ്യാറാക്കുന്ന പ്രത്യേകതരം സ്ലീപ്പിങ് ബാഗുകളും ലഭിക്കും.