തിരുവോണദിനം ആറന്‍മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ എത്തിക്കാനുളള അരി ഒരുങ്ങുന്നു. പത്തനംതിട്ട കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലാണ് അവകാശികളായ കുടുംബങ്ങള്‍ പരമ്പരാഗത രീതിയില്‍ നെല്ല് ഉരലില്‍ കുത്തിയെടുക്കുന്നത്. ഉത്രാടനാളില്‍ സന്ധ്യയ്ക്ക് വിഭവങ്ങളുമായി തിരുവോണത്തോണി പുറപ്പെടും.

ആറന്‍മുള ചോതി അളവില്‍ കിട്ടിയ 40പറ നെല്ലാണ് ഉരലില്‍ കുത്തി അരിയാക്കുന്നത്. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍18നായര്‍ കുടുംബങ്ങള്‍ ചേര്‍ന്ന് വീതിച്ചെടുത്ത് നെല്ലു കുത്തും. കുടുംബത്തിലെ അംഗങ്ങള്‍ ഒരുമിച്ചുകൂടി തങ്ങളുടെ വിഹിതം ഉരലില്‍ കുത്തി, അരി പാറ്റിക്കൊഴിച്ച് തയാറാക്കും. കുടുംബങ്ങളിലെ അംഗങ്ങളുടെ ഒത്തുചേരല്‍ കൂടിയാണ് ഈ സമയം. കുട്ടികളും സ്ത്രീകളും, പുരുഷന്‍മാരും, പ്രായമേറിയവരുമെല്ലാം കാട്ടൂര്‍ ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ ഒത്തുചേരും.

മങ്ങാട്ട് ഭട്ടത്തിരി അരിയേറ്റുവാങ്ങി തിരുവോണപ്പുലരിയില്‍ ആറന്‍മുള ക്ഷേത്രത്തില്‍ എത്തിക്കും. ഈ അരി ഓണസദ്യയ്ക്കും നിവേദ്യത്തിനായുളള പായസത്തിനും ഉപയോഗിക്കും. ഒരിക്കല്‍ തിരുവോണത്തോണി കൊള്ളയടിക്കപ്പെട്ട കാലത്താണ് കാവലിനായി പള്ളിയോടങ്ങള്‍ നിര്‍മിച്ചത്. ആറന്‍മുള ക്ഷേത്രത്തിലെ ഉതൃട്ടാതി വള്ളംകളി, വള്ളസദ്യ,പള്ളിയോടം തുടങ്ങി എല്ലാ ആഘോഷങ്ങളുടേയും അടിസ്ഥാനം തിരുവോണത്തോണിയുടെ വിഭവങ്ങളുമായുള്ള യാത്രയാണ്. തിരുവോണദിനം പുലര്‍ച്ചെയാണ് വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടത്തിരിയെത്തുന്ന തിരുവോണത്തോണി ക്ഷേത്രത്തിലെ മധുക്കടവില്‍ അടുക്കുന്നത്.

ENGLISH SUMMARY:

Onam traditions are being prepared at Aranmula Parthasarathy Temple with rice for Thiruvonathoni ready. Traditional rice pounding by inheritor families is underway at Kattur Mahavishnu Temple in Pathanamthitta, showcasing a significant part of Kerala's cultural heritage.