മഴയെ ഇഷ്ടപ്പെടാത്തവർ ആരാണുള്ളതല്ലേ. ജനലരികിലിരുന്ന് മഴത്തുള്ളികൾ ആസ്വദിക്കാനോ, മൂടൽമഞ്ഞ് പുതച്ച മലനിരകളിലൂടെ സഞ്ചരിക്കാനോ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ ഒരു സ്വപ്നഭൂമിയുണ്ട്. അവിടെ മഴ ഒരു കാലാവസ്ഥ മാത്രമല്ല, ജീവിതത്തിന്റെ ഭാഗംകൂടിയാണ്. വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും മഴയുടെ സംഗീതം മുഴങ്ങുന്ന ഈ ഗ്രാമം ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ്.

ആ ഗ്രാമത്തിന്റെ പേര് മൗസിൻറാം. മേഘാലയയിലെ ഈ ചെറിയ ഗ്രാമമാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ശരാശരി വാർഷിക മഴ ലഭിക്കുന്ന പ്രദേശം എന്ന അപൂർവ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് 'ഇന്ത്യയുടെ മഴയുടെ തലസ്ഥാനം' എന്ന പേരിലും അറിയപ്പെടുന്നു.

ചിലയിടങ്ങളിൽ മഴ ഒരു കാലാവസ്ഥയാണ്. എന്നാൽ മൗസിൻറാമിൽ മഴ ജീവിതത്തിന്റെ താളമാണ്. ഇവിടെ മേഘങ്ങൾ മലമുകളെ തഴുകി നീങ്ങും, വെള്ളച്ചാട്ടങ്ങൾ സംഗീതം പോലെ ഒഴുകും, ഓരോ പ്രഭാതവും മൂടൽമഞ്ഞിന്റെ പുതപ്പിൽ ഉണരും.

മഴയുടെ നാടായി മാറിയ മൗസിൻറാം

മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലാണ് മൗസിൻറാം സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവൻ മൂടൽമഞ്ഞും കനത്ത മഴയും നിറഞ്ഞ ഈ പ്രദേശം പ്രകൃതിയുടെ അപൂർവ വിസ്മയങ്ങളിലൊന്നാണ്.

ജൂൺ മുതൽ സെപ്റ്റംബർ വരെ നീളുന്ന തെക്കുപടിഞ്ഞാറൻ കാലവർഷമാണ് ഇവിടെ ഏറ്റവും ശക്തമായി അനുഭവപ്പെടുക. ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പം നിറച്ച് എത്തുന്ന മഴക്കാറ്റുകൾ ഖാസി മലനിരകളിൽ തട്ടുമ്പോൾ അവ അതിവേഗം ഉയരുകയും അതിശക്തമായ മഴയായി പെയ്യുകയും ചെയ്യുന്നു. ഭൂമിശാസ്ത്രത്തിൽ 'ഓറോഗ്രാഫിക് മഴ' എന്ന് വിളിക്കുന്ന ഈ പ്രതിഭാസമാണ് മൗസിൻറാമിനെ ലോകത്തിലെ ഏറ്റവും മഴ ലഭിക്കുന്ന പ്രദേശമാക്കി മാറ്റിയത്.

ചെറാപുൻജിയും മൗസിൻറാമും – മഴയുടെ ഇരട്ട വിസ്മയങ്ങൾ

മൗസിൻറാമിൽ നിന്ന് വെറും 15 കിലോമീറ്റർ മാത്രം അകലെയാണ് പ്രശസ്തമായ ചെറാപുൻജി (സോഹ്റ). ഒരുകാലത്ത് ലോകത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമെന്ന റെക്കോർഡ് ചെറാപുൻജിക്കായിരുന്നു. ഒരു മാസത്തിലും ഒരു വർഷത്തിലും ഏറ്റവും കൂടുതൽ മഴ ലഭിച്ചതിന്റെ ലോക റെക്കോർഡുകൾ ഇന്നും അതിന്റെ പേരിലാണ്. എന്നാൽ വാർഷിക ശരാശരി മഴയുടെ കണക്കിൽ ഇന്ന് മൗസിൻറാമാണ് ഒന്നാം സ്ഥാനത്ത്. അതുകൊണ്ടുതന്നെ മേഘാലയ സന്ദർശിക്കുന്ന സഞ്ചാരികൾ ഈ രണ്ട് പ്രദേശങ്ങളും ഒരുമിച്ച് സന്ദർശിക്കുന്നത് പതിവാണ്. മഴയുടെ ഭംഗി ഏറ്റവും മനോഹരമായി ആസ്വദിക്കാൻ കഴിയുന്ന ഇന്ത്യയിലെ അപൂർവ ഇടങ്ങളാണിവ. ‌

മഴയ്ക്കപ്പുറം ഒളിഞ്ഞിരിക്കുന്ന പ്രകൃതിയുടെ വിസ്മയങ്ങൾ

മൗസിൻറാമിന്റെ ആകർഷണം മഴയിൽ മാത്രം ഒതുങ്ങുന്നില്ല. മേഘങ്ങൾ തഴുകുന്ന കുന്നുകളും പച്ചപ്പിൽ പൊതിഞ്ഞ താഴ്വരകളും അതിശക്തമായി പതിക്കുന്ന വെള്ളച്ചാട്ടങ്ങളും ചേർന്ന് ഇവിടെ ഓരോ കാഴ്ചയും ഒരു ചിത്രമെന്ന പോലെ തോന്നും.

സഞ്ചാരികൾ ഒരിക്കലും വിട്ടുപോകരുതാത്ത ചില സ്ഥലങ്ങൾ

മൗജിംബുയിൻ ഗുഹ

പ്രകൃതിദത്തമായി രൂപംകൊണ്ട ശിലാസ്തംഭങ്ങൾക്കാണ് ഈ ഗുഹ പ്രശസ്തം. ഗുഹയ്ക്കുള്ളിലെ പാറക്കാഴ്ചകൾ പ്രകൃതിയുടെ അത്ഭുത സൃഷ്ടികളിലൊന്നാണ്.

നോഹ്കാലികൈ വെള്ളച്ചാട്ടം

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിലൊന്നായ നോഹ്കാലികൈ മഴക്കാലത്ത് അതിന്റെ പൂർണ സൗന്ദര്യത്തിൽ ഒഴുകിയിറങ്ങുന്ന കാഴ്ച മറക്കാനാകാത്ത അനുഭവമാണ് സമ്മാനിക്കുക.

സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം

മഴക്കാലത്ത് ഏഴ് ജലധാരകളായി മലമുകളിൽ നിന്ന് പതിക്കുന്ന ഈ വെള്ളച്ചാട്ടം മേഘാലയയുടെ പ്രധാന വിനോദസഞ്ചാര ആകർഷണങ്ങളിലൊന്നാണ്.

ജീവിക്കുന്ന വേരുപാലങ്ങൾ

ഖാസി ഗോത്രവർഗം തലമുറകളായി മരങ്ങളുടെ ജീവനുള്ള വേരുകൾ ഉപയോഗിച്ച് നിർമ്മിച്ച പാലങ്ങൾ ലോകപ്രശസ്തമാണ്. പ്രകൃതിയോടുള്ള മനുഷ്യന്റെ സഹവർത്തിത്വത്തിന്റെ അപൂർവ ഉദാഹരണമാണ് ഇവ.

ഇവിടേയ്ക്കൊരു യാത്ര എപ്പോള്‍ വേണം?

മൗസിൻറാമിന്റെ യഥാർഥ സൗന്ദര്യം അനുഭവിക്കണമെങ്കിൽ ജൂൺ മുതൽ സെപ്റ്റംബർ വരെ യാത്ര ചെയ്യുന്നതാണ് ഏറ്റവും അനുയോജ്യം. ഈ കാലയളവിലാണ് ഗ്രാമം മഴയിൽ മുങ്ങിക്കുളിക്കുന്നത്. എന്നാൽ കനത്ത മഴ ഒഴിവാക്കി പ്രകൃതിദൃശ്യങ്ങൾ ശാന്തമായി ആസ്വദിക്കാനാണ് ആഗ്രഹമെങ്കിൽ ഒക്ടോബർ മുതൽ ഫെബ്രുവരി വരെ യാത്ര ചെയ്യാം. ഈ സമയത്ത് കാലാവസ്ഥ കൂടുതൽ തെളിച്ചമുള്ളതും സഞ്ചാരത്തിന് അനുകൂലവുമാണ്.

മൗസിൻറാമിലേയ്ക്ക് എങ്ങനെ എത്താം?

വിമാന മാർഗം: ഷില്ലോങ് വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ളത്. എന്നാൽ ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോർദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ വിമാന സർവീസുകൾ ലഭ്യമാണ്.

റോഡ് മാർഗം: ഷില്ലോങിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ ദൂരെയുള്ള മൗസിൻറാമിലേയ്ക്ക് ടാക്സിയിലും ബസിലും എളുപ്പത്തിൽ എത്തിച്ചേരാം.

റെയിൽ മാർഗം: ഗുവാഹത്തി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്ത പ്രധാന റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് റോഡ് മാർഗമാണ് യാത്ര.

മഴയിൽ നനഞ്ഞ് പ്രകൃതിയുടെ യഥാർഥ ഭംഗി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇന്ത്യയിൽ മൗസിൻറാമിനേക്കാൾ മികച്ച മറ്റൊരു ലക്ഷ്യസ്ഥാനം കണ്ടെത്തുക പ്രയാസമാണ്. ഒരിക്കലെങ്കിലും മഴയുടെ നാട് നേരിൽ കാണണമെന്ന ആഗ്രഹമുണ്ടെങ്കിൽ, യാത്രാപട്ടികയിൽ ആദ്യം എഴുതിവെയ്ക്കേണ്ട പേര് മേഘാലയയിലെ മൗസിൻറാമാണ്.

ENGLISH SUMMARY:

Mawsynram is a village in Meghalaya, India, that holds the Guinness World Record for receiving the highest average annual rainfall. This 'abode of the clouds' is not just a destination for rain lovers but offers a unique experience with its breathtaking waterfalls, living root bridges, and lush green landscapes, making it a must-visit for nature enthusiasts.