'കാബോ വെർദെ' ലോകകപ്പിന് മുന്‍പ് ഇങ്ങനൊരു സ്ഥലം നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിരുന്നോ ? എന്നാല്‍ ലോകകപ്പില്‍ വന്ന് തിരിച്ചുപോയശേഷം ജനങ്ങള്‍ ഏറ്റവും കൂടുതല്‍ തിരിയുന്നൊരു രാജ്യമാണ് കാബോ വെർദെ. പശ്ചിമാഫ്രിക്കയുടെ തീരത്ത്, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് രാജ്യമാണ് കാബോ വെർദെ(കേപ് വെർദെ). പത്ത് അഗ്നിപർവ്വത ദ്വീപുകൾ ചേർന്നതാണ് ഈ രാജ്യം.

മനോഹരമായ ബീച്ചുകൾക്കും ടൂറിസത്തിനും പേരു കേട്ട ഇവിടത്തെ ഔദ്യോഗിക ഭാഷ പോർച്ചുഗീസ് ആണ്. ലോകകപ്പ് ഫുട്ബോളിൽ ശ്രദ്ധേയമായ മുന്നേറ്റത്തിന് പിന്നാലെ വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന കാബോ വെർദെ. ഗോൾകീപ്പർ വൊസീഞ്ഞയുടെ മികച്ച പ്രകടനത്തിലൂടെയാണ് ലോകകപ്പില്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇത്രയൊക്കെ ആകര്‍ഷകമായി നില്‍ക്കുമ്പോള്‍ എന്തായാലും അവിടെവരെയൊന്ന് പോയി വരാന്‍ ഏത് സഞ്ചാരിക്കാണ് തോന്നാത്തത്.

എന്നാല്‍ ഇന്ത്യ ഉൾപ്പെടെ 96 രാജ്യങ്ങൾക്കുള്ള വീസ ഓൺ അറൈവൽ (Visa on Arrival) സംവിധാനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് രാജ്യം. ദേശീയ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ കുടിയേറ്റ പരിഷ്കരണത്തിന്റെ ഭാഗമായാണ് നടപടി. മുൻകൂർ വീസ നിർബന്ധം പുതിയ ചട്ടപ്രകാരം, പുതിയ നിയമം ബാധകമായ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കാബോ വെർദെയിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുന്‍പ് സ്വന്തം രാജ്യത്തുള്ള കാബോ വെർദെ എംബസി അല്ലെങ്കിൽ കോൺസുലേറ്റ് വഴി വീസയ്ക്ക് അപേക്ഷിച്ച് അനുമതി നേടണം. മുന്‍പ് ഡിജിറ്റൽ EASE പ്ലാറ്റ്ഫോം വഴിയോ തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ എത്തിയ ശേഷമോ വീസ ഓൺ അറൈവൽ ലഭ്യമായിരുന്നു.

എന്നാൽ ഇനി കൂടുതൽ സുരക്ഷാ പരിശോധനകൾ നിർബന്ധമാക്കിയതായി ഡയറക്ടറേറ്റ് ഓഫ് ഫോറിനേഴ്സ് ആൻഡ് ബോർഡേഴ്സ് അറിയിച്ചു. മുഖാമുഖ അഭിമുഖം ഉൾപ്പെടെ കർശന പരിശോധന ഓട്ടോമേറ്റഡ് അനുമതി സംവിധാനത്തിന് പകരം, ഇനി വീസ അനുവദിക്കുന്നതിന് മുന്‍പ് നിർബന്ധിത മുഖാമുഖ അഭിമുഖം ഉൾപ്പെടെയുള്ള വിശദമായ പരിശോധന നടത്തുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ആഗോളതലത്തിൽ അതിർത്തി സുരക്ഷയും തിരിച്ചറിയൽ പരിശോധനയും ശക്തമാക്കുന്ന പ്രവണതയുടെ ഭാഗമായാണ് പുതിയ നടപടിയെന്നും സർക്കാർ അറിയിച്ചു.

പാസ്പോർട്ടിൽ സാധുവായ വീസ സ്റ്റാമ്പില്ലാതെ കാബോ വെർദെയിൽ എത്തുന്ന യാത്രക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെടുകയും ആവശ്യമായാൽ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയക്കപ്പെടുകയും ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതിയ നിയമം ബാധകമായ രാജ്യങ്ങൾ ഏഷ്യയും മിഡിൽ ഈസ്റ്റും (31 രാജ്യങ്ങൾ)

അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബ്രൂണൈ, കംബോഡിയ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ജോർദാൻ, കിർഗിസ്ഥാൻ, ലാവോസ്, ലെബനൻ, മംഗോളിയ, മ്യാൻമർ, നേപ്പാൾ, ഉത്തര കൊറിയ, ഒമാൻ, പാകിസ്ഥാൻ, പലസ്തീൻ, ശ്രീലങ്ക, സിറിയ, തായ്‌വാൻ, താജിക്കിസ്ഥാൻ, തുർക്മെനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം, യമൻ.

ആഫ്രിക്ക (28 രാജ്യങ്ങൾ)

അൾജീരിയ, ബുറുണ്ടി, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ചാഡ്, കൊമോറോസ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ജിബൂട്ടി, ഈജിപ്ത്, എറിത്രിയ, എസ്വാറ്റിനി, എത്യോപ്യ, ഗാബോൺ, കെനിയ, ലെസോത്തോ, ലിബിയ, മഡഗാസ്കർ, മലാവി, മൗറിറ്റാനിയ, മൗറീഷ്യസ്, നമീബിയ, റുവാണ്ട, സോമാലിയ, ദക്ഷിണ സുഡാൻ, സുഡാൻ, ടാൻസാനിയ, ടുണീഷ്യ.

അമേരിക്കൻ–കരീബിയൻ മേഖല (22 രാജ്യങ്ങൾ)

ബെലീസ്, ബൊളീവിയ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഡൊമിനിക്ക, ഡൊമിനിക്കൻ റിപ്പബ്ലിക്, ഇക്വഡോർ, എൽ സാൽവഡോർ, ഗ്രനേഡ, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വ, പനാമ, പരാഗ്വേ, പെറു, സെന്റ് ലൂസിയ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡൈൻസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വെനസ്വേല.

യൂറോപ്പ്–ഓഷ്യാന (10 രാജ്യങ്ങൾ)

ബെലാറസ്, ഫിജി, കിരിബത്തി, മാർഷൽ ദ്വീപുകൾ, മൈക്രോനേഷ്യ, നൗറു, പലാവു, പപ്പുവ ന്യൂ ഗിനിയ, ടോംഗ, തുവാലു. യാത്രക്കാർ ശ്രദ്ധിക്കേണ്ടത് കാബോ വെർദെയിലേയ്ക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർ യാത്രയ്ക്ക് മുന്‍പ് നിർബന്ധമായും വീസ നടപടികൾ പൂർത്തിയാക്കണം. മുൻപ് ലഭ്യമായിരുന്ന വീസ ഓൺ അറൈവൽ സൗകര്യം ഇനി ലഭ്യമല്ല. അതിനാൽ എംബസി വഴി വീസ നേടിയ ശേഷം മാത്രമേ യാത്ര ആരംഭിക്കാവൂ. അല്ലാത്തപക്ഷം രാജ്യത്തേയ്ക്ക് പ്രവേശനം നിഷേധിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Cabo Verde has suspended its visa on arrival policy for 96 countries, including India, as part of new immigration reforms. Travelers from affected nations must now obtain a visa in advance from a Cabo Verde embassy or consulate.