TOPICS COVERED

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരതിലെ ഭക്ഷണ മെനു പരിഷ്കരിക്കുന്നു. ഐആര്‍സിടിസിയുടെ നിര്‍ദേശം കൂടി പരിഗണിച്ചാകും പുതിയ മെനു തയാറാക്കുക. പുതിയ മെനു വരുമ്പോള്‍ മലബാര്‍ ദം ബിരിയാണി, തലശ്ശേരി ബിരിയാണി, ഗുലാബ് ജാമൂന്‍, പുഡ്ഡിങ്, പാലപ്പം വെജ് കുറുമ, ഇടിയപ്പം മുട്ടക്കറി, ഉണ്ണിയപ്പം,പഴംപൊരി, പരിപ്പുവട തുടങ്ങിയവയാണ്  ഉള്‍പ്പെടുത്തുക. 

കാസര്‍കോട്, മംഗളൂരു വന്ദേഭാരത് ട്രെയിനുകളില്‍ വൈകാതെ പുതിയ മെനു നിലവില്‍ വരും. യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രാദേശിക വിഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ റെയില്‍വേ തീരുമാനിച്ചത്. നിലവില്‍ വെള്ളച്ചോറ്, ചെറുപയര്‍ മെഴുക്ക്പുരട്ടി, കടലക്കറി, കേരള പറാത്ത, തൈര്, പാലടപ്പായസം എന്നിവയാണ് വന്ദേഭാരത് ട്രെയിനില്‍ ലഭിക്കുന്നത്. 

എല്ലാ യാത്രക്കാര്‍ക്കും രാവിലെ ചായ അല്ലെങ്കില്‍ കാപ്പി, അതുമല്ലഎങ്കില്‍ ഗ്രീന്‍ ടീ, കട്ടന്‍ ചായ, കട്ടന്‍ കാപ്പി ഇവയിലേതെങ്കിലുമൊന്ന് ലഭിക്കും. ഇതിനൊപ്പം ബ്രാന്‍ഡഡ് ബിസ്കറ്റുകളോ കുക്കീസുകളോ നല്‍കാറുണ്ട്. എക്സിക്യുട്ടീവ് ക്ലാസില്‍ ഇതിന് പുറമെ കോണ്‍ ഫ്ലേക്സ്, മ്യൂസ്​ലി, ഓട്സ് എന്നിവയില്‍ ഇഷ്ടമുള്ളത് ചൂടോ, അല്ലെങ്കില്‍ തണുത്തതോ തിരഞ്ഞെടുക്കാം. ചോക്കോ ബൈ, അണ്ടിപ്പരിപ്പ്, പിസ്ത, ബദാം തുടങ്ങിയവയുടെ ഒരു പാക്കറ്റ് വൈകുന്നേരം ലഭിക്കും. 

തുടക്കത്തില്‍ എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യസ്ഥാപനത്തിനായിരുന്നു വന്ദേഭാരതിലെ ഭക്ഷണത്തിന്‍റെ കരാര്‍ നല്‍കിയിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നും വ്യാപക പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നും ഇത് മാറ്റുകയായിരുന്നു. 

ENGLISH SUMMARY:

Southern Railway revamps the food menu for Vande Bharat Express in Kerala. Passengers can now enjoy regional delicacies like Malabar Dum Biryani, Thalassery Biryani, Palappam, and traditional snacks like Pazhampori and Unniyappam. The new menu aims to enhance the travel experience with local flavors.