TOPICS COVERED

ഇന്ത്യന്‍ റെയില്‍വെ ടിക്കറ്റ് ബുക്കിങില്‍ സമഗ്ര മാറ്റം വരുന്നു. ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് എട്ടു മണിക്കൂര്‍ മുന്‍പ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നവീകരിച്ച് ടിക്കറ്റ് ബുക്കിംഗ് ശേഷി വർദ്ധിപ്പിക്കാനും റെയിൽവേ തീരുമാനമെടുത്തു. ടിക്കറ്റ് ബുക്കിങിലെ പരിഷ്കാരത്തെ പറ്റി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അവലോകനം ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ടിക്കറ്റ് ബുക്കിങ് കാര്യക്ഷമവും സുതാര്യവും യാത്രക്കാര്‍ക്ക് എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതുമാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.

നിലവില്‍ ട്രെയിന് യാത്ര ആരംഭിക്കുന്നതിന് നാലു മണിക്കൂര്‍ മുന്‍പാണ് റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇതാണ് എട്ടുമണിക്കൂര്‍ നേരത്തെയാക്കുന്നത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് മുൻപു പുറപ്പെടുന്ന ട്രെയിനുകൾക്ക് ഇനി മുതല്‍ റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി ഒന്‍പത് മണിക്ക് തയാറാക്കും. വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദായോ ഇല്ലയോ എന്ന കാര്യം നേരത്തെ അറിയാന്‍ പറ്റുമെന്നത് വലിയനേട്ടമാണ്. മറ്റു യാത്ര സൗകര്യം തേടാനും ദൂരെ നിന്ന് സ്റ്റേഷനിലേക്ക് എത്തുന്നവര്‍ക്കും ഇത് സാഹായമാകമാകും. 

റെയില്‍വെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം പരിഷ്കരിക്കുന്നതാണ് മറ്റൊരു തീരുമാനം. സംവിധാനം പരിഷ്കരിക്കുന്നതോടെ ബുക്കിങ് കപ്പാസിറ്റി ഉയര്‍ത്തും. പുതിയ സംവിധാനത്തില്‍ മിനുറ്റില്‍ 1.50 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. നിലവിലെ 32000 ടിക്കറ്റ് / മിനുറ്റ് എന്നതില്‍ നിന്ന് അഞ്ചിരട്ടി അധികമാണിത്.

ടിക്കറ്റ് എന്‍ക്വയറി ശേഷി പത്തിരട്ടിയാക്കി വര്‍ധിപ്പിക്കും. നിലവിലെ 4 ലക്ഷത്തിൽ നിന്ന് 40 ലക്ഷത്തിന് മുകളിൽ ഒരു മിനിറ്റില്‍ അനുവദിക്കാനാകും. ഇത് ഡിസംബര്‍ മുതല്‍ നടപ്പിലാകുമെന്നാണ് വിവരം. 

വെരിഫൈഡ് യാത്രക്കാര്‍ക്ക് മാത്രമെ ജൂലൈ ഒന്ന് മുതല്‍  ഐആര്‍സിടിസി ആപ്പ്, വെബ്സൈറ്റ് വഴി തല്‍ക്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന‍് സാധിക്കുകയുള്ളൂ. ഒടിപി ഉപയോഗിച്ചുള്ള ടിക്കറ്റ് ബുക്കിങ് ജൂലൈ അവസാനത്തോടെ വരും. 2025 ജൂലൈ 1 മുതൽ ആധാർ-ലിങ്ക് ചെയ്തവര്‍ക്ക് മാത്രമെ തല്‍ക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയു എന്ന് അറിയിച്ചിരുന്നു. ആധാറിനൊപ്പം ഡിജിലോക്കറിലെ സാധുവായ സർക്കാർ തിരിച്ചറിയൽ രേഖകളോ ഉപയോഗിച്ച് വെരിഫൈ ചെയ്യാമെന്നും റെയില്‍വെ അറിയിച്ചു. 

ENGLISH SUMMARY:

Indian Railways is revolutionizing ticket booking, preparing reservation charts 8 hours before departure. This move, post Railway Minister Ashwini Vaishnaw's review, aims for efficiency. From July 1, only verified users can book Tatkal tickets, with Aadhaar linking becoming mandatory.