മാസം മുഴുവൻ അധ്വാനിച്ച് ലഭിക്കുന്ന ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന ദിവസം തന്നെ ചെലവഴിച്ച് തീരുന്ന അവസ്ഥ. കേൾക്കുമ്പോൾ പരിചിതമായി തോന്നുന്നുണ്ടോ? വലിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന ഒട്ടേറെ യുവാക്കൾ നേരിടുന്ന സാമ്പത്തിക യാഥാർഥ്യമാണ് ഇത്. ശമ്പളം ലഭിച്ചയുടൻ വാടകയും വായ്പകളും വീട്ടുചെലവുകളും മറ്റ് അത്യാവശ്യ ചെലവുകളും കഴിഞ്ഞാൽ അക്കൗണ്ടിൽ ബാക്കി ഒന്നുമില്ലാത്ത അവസ്ഥ.

ഹരിയാനയിലെ ഗുഡ്ഗാവിലുള്ള ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി നഗരത്തിലെ ഉയർന്ന ജീവിതച്ചെലവുകളെക്കുറിച്ച് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. ശമ്പളം അക്കൗണ്ടിലെത്തുന്ന ദിവസം തന്നെ വാടക, വീട്ടുചെലവുകൾ, വായ്പകൾ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി തുക മുഴുവൻ ചെലവാകുന്നുവെന്നാണ് യുവതി പറയുന്നത്.

ഗുഡ്ഗാവ് പോലുള്ള മെട്രോ നഗരങ്ങളിൽ ജോലി ചെയ്യുന്ന പല കോർപ്പറേറ്റ് ജീവനക്കാരുടെയും അവസ്ഥ ഇതുതന്നെയാണെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഉയർന്ന വാടക, ദിവസേനയുള്ള യാത്രച്ചെലവ്, ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും വിലവർധന എന്നിവ കാരണം മാസാവസാനം സമ്പാദ്യമായി മാറ്റിവയ്ക്കാൻ പോലും കഴിയാത്ത സാഹചര്യമാണെന്നാണ് പറയുന്നത്.

ശമ്പളം ക്രെഡിറ്റ് ആകുന്ന ദിവസം തന്നെ അക്കൗണ്ട് ബാലൻസായി പൂജ്യത്തിലേക്ക് എത്തുന്ന അനുഭവം തങ്ങൾക്കും ഉണ്ടെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള നിരവധി കമന്റുകൾ. വരുമാനവും ജീവിതച്ചെലവും തമ്മിലുള്ള അന്തരം വലിയ നഗരങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കളുടെ സാമ്പത്തിക സമ്മർദം വർധിപ്പിക്കുകയാണെന്നും പലരും പ്രതികരിക്കുന്നു.

ENGLISH SUMMARY:

High cost of living in urban areas is leading many young professionals to spend their entire salary on essentials, leaving little to no savings by the end of the month. This financial reality is highlighted by a woman working in Gurgaon, whose video about depleting bank balances after salary credit has gone viral.