നിങ്ങൾ എപ്പോഴെങ്കിലും ഫോറസ്റ്റ് ബാത്തിങ് ചെയ്തിട്ടുണ്ടോ? പേര് കേട്ട് കാട്ടിൽ പോയി അരുവിയിൽ കുളിക്കുന്ന കാര്യമാണെന്ന് കരുതിയോ? അല്ല. ഫോറസ്റ്റ് ബാത്തിങ് എന്നത് കുളിയല്ല... പ്രകൃതിയിൽ മനസ്സിനെ മുക്കിയെടുക്കുന്ന ഒരു അനുഭവമാണ്.

ജപ്പാനിൽ നിന്നാണ് ഈ ആശയം ലോകത്തേക്ക് എത്തിയത്. അവിടെ ഇതിനെ 'ഷിൻറിൻ-യോകു' എന്നാണ് വിളിക്കുന്നത്. 1980-കളിൽ ജോലി സമ്മർദവും മാനസിക പിരിമുറുക്കവും വർധിച്ചപ്പോൾ, ആളുകളെ പ്രകൃതിയിലേക്ക് തിരികെ കൊണ്ടുവരാൻ സർക്കാർ തന്നെ പ്രോത്സാഹിപ്പിച്ച ഒരു രീതിയായിരുന്നു ഇത്.

ഇന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ ആളുകൾ ഫോറസ്റ്റ് ബാത്തിങ് പരീക്ഷിക്കുന്നുണ്ട്.

കാട്ടിലൂടെ വെറുതെ നടക്കുന്നതല്ല ഫോറസ്റ്റ് ബാത്തിങ്. മരങ്ങൾ കാണുക... സ്പർശിക്കുക... മണ്ണിന്‍റെ മണം ശ്വസിക്കുക... ഇലകളിലൂടെ വീശുന്ന കാറ്റ് അനുഭവിക്കുക... പക്ഷികളുടെ ശബ്ദം കേൾക്കുക...അങ്ങനെ അഞ്ച് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് പ്രകൃതിയെ പൂർണമായി അനുഭവിക്കുന്ന രീതിയാണിത്. അതിനിടെ ഫോണില്ല... ഹെഡ്‌ഫോണില്ല... സംഭാഷണങ്ങളുമില്ല... പ്രകൃതി എന്ത് തരുന്നുവോ, അത് അതേപടി സ്വീകരിക്കുക. അത്രതന്നെ. 

ലക്ഷ്യങ്ങളൊന്നുമില്ല എന്നതാണ് ഫോറസ്റ്റ് ബാത്തിങ്ങിന്‍റെ മറ്റൊരു പ്രത്യേകത. എത്ര കിലോമീറ്റർ നടന്നു... എത്ര കലോറി കുറഞ്ഞു... എത്ര സ്റ്റെപ്പുകൾ വച്ചു...ഒന്നും നോക്കേണ്ട. ധൃതിയില്ലാതെ പതുക്കെ നടക്കുക. ഇടയ്ക്ക് നിർത്തി ഇലകൾക്കിടയിലൂടെ താഴേക്ക് പതിക്കുന്ന വെളിച്ചം കാണുക... ഉണങ്ങിയ ഇലകളിൽ ചവിട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം കേൾക്കുക... ഒരു ശാന്തമായ സ്ഥലത്ത് കണ്ണടച്ച് കുറച്ച് നേരം ഇരിക്കുക... കാറ്റിന്‍റെയും പക്ഷികളുടെയും ചെറിയ ജീവികളുടെയും ശബ്ദങ്ങൾ ഓരോന്നായി ശ്രദ്ധിക്കാൻ ശ്രമിക്കുക

 

ഒറ്റയ്ക്കാണ് ഇത് ചെയ്യുന്നതെങ്കിൽ അനുഭവം കൂടുതൽ ആഴത്തിലാകുമെന്ന് വിദഗ്ധർ പറയുന്നു. ഫോറസ്റ്റ് ബാത്തിങ് ശാരീരികമായും മാനസികമായും ഗുണം ചെയ്യുമെന്ന് ഒട്ടേറെ പഠനങ്ങൾ സൂചിപ്പിക്കുന്നു. മരങ്ങൾ പുറത്തുവിടുന്ന ഫൈറ്റോൺസൈഡ്സ് എന്ന പ്രകൃതിദത്ത സംയുക്തങ്ങൾ ശ്വസിക്കുമ്പോൾ ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ അളവ് കുറയാൻ സഹായിക്കാമെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. അതിലൂടെ രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലാകാനും, നല്ല ഉറക്കം ലഭിക്കാനും, രോഗപ്രതിരോധശേഷി മെച്ചപ്പെടാനും സഹായിക്കാമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

 

ഇനി കാട്ടിലേക്ക് പോകാൻ കഴിയുന്നില്ലേ?

അതിൽ വിഷമിക്കേണ്ട. ഒരു വലിയ വനമൊന്നും വേണ്ട. വീടിനടുത്തുള്ള ഒരു പാർക്ക്... ഒരു തോടിന്റെ കര... അല്ലെങ്കിൽ മരങ്ങൾ നിറഞ്ഞ ഒരു ശാന്തമായ വഴി... അവിടെ കുറച്ച് നേരം ഫോണൊക്കെ മാറ്റിവെച്ച് പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കൂ.

 

ഒരുപക്ഷേ... നിങ്ങൾക്ക് വേണ്ടിയിരുന്നത് ഒരു പുതിയ യാത്രയല്ല... പ്രകൃതിയിലേക്ക് ഒരു ചെറിയ മടങ്ങിവരവ് മാത്രമായിരിക്കാം.

ENGLISH SUMMARY:

Forest bathing is not about bathing in a river, but a mindful practice of immersing your mind in nature using all five senses, originated from Japan as 'Shinrin-Yoku' in the 1980s to combat work stress. It involves slow walking without phones, headphones or goals, simply seeing trees, touching them, smelling the earth, feeling the wind, and listening to birds. Studies suggest that inhaling phytoncides released by trees can lower stress hormones, blood pressure, heart rate, and improve sleep and immunity. You don't need a dense forest for it; a nearby park, canal side, or a tree-lined quiet road is enough to experience this healing return to nature.