സോഷ്യൽ മീഡിയ റീലുകളിലും ഇൻസ്റ്റാഗ്രാം ട്രെൻഡുകളിലും ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വാക്കാണ് 'പാരലൽ പ്ലേ'. ജെന്‍ സി കിഡ്സിനിടയില്‍ ഈ രീതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ ഈ 'പാരലൽ പ്ലേ'? ജെന്‍ സി ഇതിനെ ഇത്രയധികം സ്നേഹിക്കാൻ കാരണമെന്താണ്? 

ഒന്നിലധികം ആളുകൾ ഒരേ മുറിയിലോ ഒരേ സ്ഥലത്തോ ഒപ്പമിരുന്ന്, പരസ്പരം സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാതെ അവരവരുടെ കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന അവസ്ഥയെയാണ് പാരലൽ പ്ലേ എന്ന് വിളിക്കുന്നത്. രണ്ട് സുഹൃത്തുക്കൾ ഒരേ കട്ടിലിൽ ഒപ്പമിരിക്കുന്നു. ഒരാൾ ഫോണിൽ ഇൻസ്റ്റാഗ്രാം റീലുകൾ കാണുന്നു, മറ്റേയാൾ ഹെഡ്‌ഫോൺ വെച്ച് പാട്ട് കേൾക്കുന്നു, അല്ലെങ്കിൽ പുസ്തകം വായിക്കുന്നു. അവർ തമ്മിൽ സംസാരിക്കുന്നില്ലെങ്കിലും, ഒരേ സ്ഥലത്ത് ഒരുമിച്ചുണ്ട് എന്ന ചിന്ത ഇരുവർക്കും വലിയൊരു മാനസിക സന്തോഷം നൽകുന്നു.

കുട്ടികൾ ഒരുമിച്ച് ഇരിക്കുമെങ്കിലും ഒരേ കളിപ്പാട്ടം വെച്ച് കളിക്കാതെ അവരവരുടെ കളികളിൽ മുഴുകുന്നതിനെയാണ് പണ്ടൊക്കെ പാരലൽ പ്ലേ എന്ന് വിളിച്ചിരുന്നത്. ഇതിൻ്റെ മറ്റൊരു രൂപമാണ് ഇന്ന് മുതിർന്നവരിലേക്ക് എത്തിയിരിക്കുന്നത്. ജെന്‍ സി ഈ ശൈലിക്ക് വലിയ പ്രാധാന്യം നൽകുന്നതിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്. പലപ്പോഴും സുഹൃത്തുക്കളെ കാണുമ്പോൾ തുടർച്ചയായി സംസാരിക്കണം, വിശേഷങ്ങൾ പങ്കുവെക്കണം എന്നൊരു സാമൂഹിക സമ്മർദ്ദമുണ്ട്. എന്നാൽ പാരലൽ പ്ലേയിൽ ഈ സമ്മർദ്ദമില്ല. സംസാരിച്ച് എനർജി കളയാതെ തന്നെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ആസ്വദിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഇൻട്രോവേർട്ട് ആയ ആളുകൾക്ക് ഇത് വലിയൊരു ആശ്വാസമാണ്.

ഒരു മുറിയിൽ തനിച്ചിരുന്ന് ജോലി ചെയ്യുന്നതും, മറ്റൊരു വ്യക്തിയുടെ സാന്നിധ്യത്തിൽ സ്വന്തം ജോലി ചെയ്യുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. പാരലൽ പ്ലേയിലൂടെ തങ്ങൾ തനിച്ചല്ല എന്ന സുരക്ഷിതത്വബോധം ലഭിക്കുന്നു. ഇത് മാനസിക അസ്വസ്ഥതകളും ഏകാന്തതയും കുറയ്ക്കാൻ സഹായിക്കും. ഇന്ന് മിക്കവരും ഫോണിലോ ലാപ്ടോപ്പിലോ കൂടുതൽ സമയം ചിലവഴിക്കുന്നവരാണ്. സുഹൃത്തുക്കളെ കാണാൻ വേണ്ടി മാത്രം ഫോൺ മാറ്റിവെക്കാൻ പലർക്കും കഴിഞ്ഞെന്ന് വരില്ല. എന്നാൽ ഒപ്പമിരുന്ന് ഫോൺ ഉപയോഗിക്കുമ്പോൾ രണ്ടു കാര്യങ്ങളും ഒരേസമയം നടക്കുന്നു.

മറ്റൊരാൾ അരികിലിരുന്ന് എന്തെങ്കിലും ജോലി ചെയ്യുന്നത് കാണുമ്പോൾ, നമുക്കും നമ്മുടെ ജോലി കൃത്യമായി ചെയ്യാനുള്ള ഒരു പ്രചോദനം ലഭിക്കും. ഇതിനെ മനഃശാസ്ത്രത്തിൽ 'ബോഡി ഡബ്ലിംഗ്' എന്നും പറയാറുണ്ട്. ഒരുമിച്ച് ഇരുന്ന് പഠിക്കുന്നതും ജോലി ചെയ്യുന്നതുമൊക്കെ ഇതിന് ഉദാഹരണമാണ്. ഒരു വാക്ക് പോലും മിണ്ടാതെ ഒരാളുടെ കൂടെ മണിക്കൂറുകളോളം ഇരിക്കാൻ കഴിയുന്നത് ആ ബന്ധത്തിൻ്റെ ആഴത്തെയാണ് കാണിക്കുന്നത്. അടുത്ത തവണ നിങ്ങളുടെ സുഹൃത്ത് അരികിലിരുന്ന് ഒന്നും മിണ്ടാതെ ഫോൺ നോക്കുകയാണെങ്കിൽ ദേഷ്യപ്പെടേണ്ടതില്ല. ഒരുപക്ഷേ അവർ നിങ്ങളോടൊപ്പം 'പാരലൽ പ്ലേ' ആസ്വദിക്കുകയായിരിക്കാം!

ENGLISH SUMMARY:

Parallel play is a trending social phenomenon, especially popular among Gen Z, where individuals share a space without direct interaction but find comfort in each other's presence. This allows for companionship without social pressure, offering a sense of security and reducing loneliness.