പ്രണയിക്കുന്ന ഒരാളില്‍ നിന്നും ഇത്തരം സുന്ദര മോഹന വാഗ്ദാനങ്ങളൊക്കെ ലഭിച്ചാല്‍ ആരായാലും ഭാവി ജീവിതത്തെക്കുറിച്ച് ദിവാസ്വപ്നങ്ങള്‍ കണ്ടുപോകില്ലേ. എന്നാൽ ചിലപ്പോൾ ഈ വാക്കുകൾ സത്യസന്ധമായ വാഗ്ദാനങ്ങളല്ല, മറിച്ച് ഒരാളെ ബന്ധത്തിൽ പിടിച്ചിരുത്താനുള്ള തന്ത്രം മാത്രമായിരിക്കും. അതെ ഒരു സൈക്കോളജിക്കല്‍ മൂവ്.
ചിലപ്പോള്‍ ഇത്തരക്കാര്‍ ഡേറ്റിങ് സമയത്ത് ഇത്തരം വാഗ്ദാനങ്ങള്‍ നല്‍കി മുങ്ങിയേക്കാം. അതിനെ പണ്ട് പറഞ്ഞിരുന്നത് തേപ്പ് എന്നൊക്കെയാണ്. എന്നാല്‍ ചിലര്‍ ഈ ബന്ധം ജീവിതകാലം മുഴുവന്‍ തുടര്‍ന്നുകൊണ്ടുപോകും. ഈ കാലയളവിലൊക്കെ വലിയ വാഗ്ദാനങ്ങളും നല്‍കും. എന്നാല്‍ വാഗ്ദാനങ്ങളൊക്കെ പൊള്ളയായിരിക്കും. ഇതിനെ ഇക്കാലത്ത് പറയുന്ന പേരാണ് ഫ്യൂച്ചര്‍ ഫേക്കിങ്.
ഒറ്റക്കായി പോകുമോ എന്ന ഭയമാണ് ഇവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ജീവിതത്തില്‍ എപ്പോഴും തണലായി ഒരാള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍. എന്നാല്‍ ഇങ്ങനെ പെരുമാറുന്ന എല്ലാവരും അങ്ങനെയല്ല. ചിലര്‍ ഇങ്ങനെ ചെയ്യുന്നത് മറ്റൊരാളെ നിയന്ത്രിക്കാനാണ്. അയാളുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും നിയന്ത്രിച്ച് വരുതിയിലാക്കാന്‍. താന്‍ പറയുന്നതിനനുസരിച്ച് തുള്ളുന്ന പാവയാക്കാന്‍. സ്വന്തം സ്വാര്‍ഥലാഭത്തിനായി ഇങ്ങനെ ചെയ്യുന്നവരുണ്ട്. മാനസികമായും ശാരീരികമായും സാമ്പത്തികമായുമൊക്കെ ചില ലാഭങ്ങള്‍ക്കായി മോഹന വാഗ്ദാനങ്ങള്‍ നല്‍കി ചിലരെ കൂടെ നിര്‍ത്തും എന്നാല്‍ അതൊന്നും പാലിക്കില്ല. നാർസിസിസ്റ്റിക് സ്വഭാവക്കാരാണ് ഇത്തരക്കാര്‍. അതായത് സ്വന്തം ആവശ്യങ്ങൾക്കായി മറ്റുള്ളവരെ ഉപയോഗിക്കുന്നവര്‍.
ഫ്യൂച്ചര്‍ ഫേക്കിങ് ചെയ്യുന്നവരെ തിരിച്ചറിയുക എന്നതിനൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. എന്തിനുവേണ്ടി ഇവരിത് ചെയ്യുന്നതെന്ന് തിരിച്ചറിയുന്നത്. ഇവരെ കണ്ടുപിടിക്കാന്‍ എളുപ്പമാണ്. വലിയ വാഗ്ദാനങ്ങൾ, പക്ഷേ പ്രവൃത്തിയിൽ ശൂന്യമായിരിക്കും. ഇതിനെക്കുറിച്ച് ചോദിച്ചാല്‍ ഇപ്പോൾ സമയം ഇല്ല, പിന്നീട് നോക്കാം എന്ന സ്ഥിരം ഒഴിവാക്കൽ. ഈ സ്ഥിരം പല്ലവിയെ ചോദ്യം ചെയ്താല്‍ ചോദിച്ചവനെ കുറ്റക്കാരനാക്കും. ഒടുവില്‍ ചോദിച്ചതിനെക്കുറിച്ചോര്‍ത്ത് നമുക്ക് തന്നെ കുറ്റബോധം തോന്നും അല്ലെങ്കില്‍ തോന്നിപ്പിക്കും. ഇത്തരം ബന്ധങ്ങളില്‍ എപ്പോഴും ഒരു അസന്തുലിതാവസ്ഥ നിലനില്‍ക്കും. അതായത് എല്ലാം നല്‍കുന്നത് ഒരാള്‍ മാത്രമായിരിക്കും.
“എന്‍റെ തെറ്റാണോ?” എന്ന ചോദ്യത്തിൽ കുടുങ്ങിപ്പോകുന്നതാണ് ഇത്തരം ബന്ധങ്ങളില്‍പ്പെട്ടവര്‍ക്ക് സംഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നം. സ്വയം കുറ്റപ്പെടുത്തുന്നവരായി ഇവര്‍ ഇക്കാലങ്ങളില്‍ മാറിയിട്ടുണ്ടാകും. അല്ലെങ്കില്‍ അവരെ ആ ബന്ധം അങ്ങനെ മാറ്റിയെടുത്തിട്ടുണ്ടാകും. എന്‍റെ തെറ്റാണ് അല്ലെങ്കില്‍ കുറവുകളാണ് എന്‍റെ പങ്കാളി എന്നോട് ഇങ്ങനെ ചെയ്യാനുള്ള കാരണമെന്നും എനിക്ക് അത് ലഭിക്കാനുള്ള യോഗ്യത ഇല്ല എന്നും അവര്‍ സ്വയം കരുതിയിട്ടുണ്ടാകും. അത് മറ്റൊരു ബന്ധത്തിലേക്ക് കടക്കുന്നതിനുപോലുമുള്ള ആത്മവിശ്വാസം അവരില്‍ ഇല്ലാതെയാക്കും.
വാക്കുകൾക്കും പ്രവൃത്തികൾക്കും ഇടയിലെ ഈ വ്യത്യാസം തന്നെയാണ് ഏറ്റവും വലിയ റെഡ് ഫ്ലാഗ് എന്ന് തിരിച്ചറിയുക. അതിനെ തിരിച്ചറിഞ്ഞ് അതിര്‍ത്തികള്‍ നിശ്ചയിക്കുക. വേണ്ടി വന്നാല്‍ ബന്ധത്തില്‍ നിന്ന് പിന്‍മാറാനുള്ള ധൈര്യം കാണിക്കുക. ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ ഒരു ബന്ധത്തിന്‍റെ സൗന്ദര്യമാണ്. പക്ഷേ, ആ സ്വപ്‌നങ്ങൾ സത്യസന്ധതയില്ലാത്ത ആയുധങ്ങളായി മാറുമ്പോൾ, അത് സ്നേഹമല്ല മറിച്ച് വഞ്ചനയാണ്. ഭാവി വാഗ്ദാനം ചെയ്യുന്നവരെക്കാൾ, ഇന്നത്തെ നിമിഷത്തിൽ ഉത്തരവാദിത്വത്തോടെ പെരുമാറുന്നവരെയാണ് വിശ്വസിക്കേണ്ടതെന്ന് മറക്കണ്ട.