ഓര്‍ബിറ്റിങ്ങ്, ഗോസ്റ്റിങ്, ബെഞ്ചിങ്, ബ്രെഡ്ക്രമ്പിങ്.. ഇവയ്‌ക്കെല്ലാം ശേഷം ജെൻ സിയുടെ ഡേറ്റിങ് ലോകത്തേക്ക് പുതിയൊരു പദം കൂടി എത്തിയിരിക്കയാണ്. സത്യത്തിൽ വെറുമൊരു പദം അല്ല, പങ്കാളിയുടെ സ്നേഹം ടെസ്റ്റ് ചെയ്യാനുള്ള പുതിയൊരു തന്ത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സ്‌നേഹബന്ധത്തിലെ ഒരു പരിശോധന, ഒരു 'കിളി സിദ്ധാന്തം', അതാണിപ്പോൾ ജെൻ സി വൈബ്.
പ്രണയമായാലും ഡേറ്റിങ് ആയാലും എതിരെ നിൽക്കുന്ന ആളുടെ മനസ് മനസിലാക്കിയെടുക്കുക എന്നത് ഏതു കാലഘട്ടത്തിലും കുറച്ച് കുഴപ്പം പിടിച്ച പണിയാണ്. എത്രയൊക്കെ അടുത്തിടപഴകിയാലും സ്നേഹത്തിന്റെ അളവ്, വൈകാരികമായി അവർക്ക് നമ്മളോടുള്ള അടുപ്പം, നമുക്ക് നൽകുന്ന വില ഇതൊക്കെ കണ്ടുപിടിക്കുക ബുദ്ധിമുട്ട് തന്നെയാണ്. ഇത്തരം ചോദ്യങ്ങൾ സംശയങ്ങളായി മാറുമ്പോൾ ചിലരൊക്ക പങ്കാളിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കയറി ചികഞ്ഞ് നോക്കുക വരെ ചെയ്യാറുണ്ട്.
ജെൻ സിയുടെ കിളി സിദ്ധാന്തത്തിലൂടെ ഈ പൊല്ലാപ്പുകൾ ഒന്നും ഇല്ലാതെ പങ്കാളിയുടെ വൈകാരികമായ അടുപ്പം മനസിലാക്കാം എന്നാണവർ അവകാശപ്പെടുന്നത്. ടിക് ടോക്ക് ട്രെൻഡുകളിൽ നിന്നാണ് ഈ സിദ്ധാന്തത്തിന്റെ ഉത്ഭവം. 'ഞാൻ ഇന്ന് ഒരു കിളിയെ കണ്ടുവെന്ന്' തന്റെ പങ്കാളിയോട് മറ്റേയാൾ പറയുന്നു. ഈ ചോദ്യത്തിന് പങ്കാളി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പരീക്ഷണം.
പങ്കാളി വളരെ കൗതുകത്തോടെയോ ജിജ്ഞാസയോടെയോ പ്രതികരിക്കുകയോ, എന്നിട്ട് എന്ത് സംഭവിച്ചുവെന്ന് ചോദിക്കുകയോ ചെയ്‌താൽ പരിശോധനയിൽ വിജയിച്ചു. പങ്കാളിക്ക് നമ്മളോടുള്ളത് വൈകാരികമായ ബന്ധമാണ് എന്ന് മനസിലാക്കാം. മറിച്ച്, പങ്കാളി ഇത് അവഗണിക്കുക ആണെങ്കിൽ അവർ തോറ്റു, അവർ നമുക്ക് അത്ര പ്രാധാന്യം നൽകുന്നില്ല എന്നും അർത്ഥം. വളരെ സിമ്പിളായി ഒരു ഫോൺ കോളിൽ കൂടി പോലും ചെയ്യാൻ സാധിക്കുന്നതുകൊണ്ട് കിളി സിദ്ധാന്തത്തിന് പ്രചാരമേറുകയാണ്. ടിക് ടോക്കിലാണ് തുടങ്ങിയതെങ്കിലും ഇൻസ്റ്റാഗ്രാമിലുൾപ്പെടെ തങ്ങളുടെ പങ്കാളികളോട് കിളി ചോദ്യം ചോദിക്കുന്ന വീഡിയോകൾ ഇപ്പോൾ വൈറലാണ്.
അതേസമയം, പങ്കാളിയോട് ഇത് ചോദിക്കാൻ നമ്മൾ തിരഞ്ഞെടുക്കുന്ന സമയം, ദിവസം ഇവയൊക്കെ അവരുടെ മറുപടിയെ ബാധിക്കും എന്നതും ശ്രദ്ധേയമാണ്. അവരുടെ ആ സമയം നല്ലതല്ലെങ്കിൽ ആ ദിവസം ജോലിസ്ഥലത്ത് മോശം ദിവസമായിരുന്നുവെങ്കിലൊക്കെ ഈ പരീക്ഷയിൽ പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഒരു ചോദ്യത്തിന് ഒരു ബന്ധത്തിന്റെയും ഗതി പൂർണമായി നിർണ്ണയിക്കാൻ കഴിയില്ല.