Imstagram: upasanaa._
പണം മാത്രം കയ്യിലുള്ളത്കൊണ്ട് ജീവിതം മുന്നോട്ട് പോകണമെന്നില്ല. അതില്‍ ആരോഗ്യമുള്ള മനസും ശരീരവും വഹിക്കുന്ന പങ്ക് ചെറുതല്ല. തന്റെ ആരോഗ്യം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ 60000 ശമ്പളമുള്ള ജോലി ഉപേക്ഷിച്ചിരിക്കുകയാണ് ഉപാസന എന്ന 22കാരി. ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്രയും ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നു എന്ന് കുറിച്ച് ഉപാസന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോ നിമിഷങ്ങള്‍ക്കൊണ്ടാണ് ജനശ്രദ്ധ നേടിയത്.
ജോലി എളുപ്പമുള്ളതായിരുന്നെങ്കിലും നൈറ്റ് ഷിഫ്റ്റ് ആയിരുന്നു. അതിനാല്‍ ദിവസവുമുള്ള ഉറക്കം ശരിയായി കിട്ടിയില്ല. ഇത് ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങി. അസിഡിറ്റി, കുറഞ്ഞ രക്തസമ്മര്‍ദം, തലവേദന തുടങ്ങി ഒട്ടേറെ അസുഖങ്ങള്‍ അലട്ടാന്‍ തുടങ്ങി. 22 വയസില്‍ സാമ്പത്തികമയി സുരക്ഷ കൈവരിച്ചെങ്കിലും ആരോഗ്യപരമായി ബുദ്ധിമുട്ടുകയായിരുന്നെന്നും യുവതി പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
ശരീരം കൂടെയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ല. പണം വീണ്ടും സമ്പാദിക്കാന്‍ കഴിയും. ഇതുരണ്ടില്‍ ഏതുവേണമെന്ന ആലോചനയിലായിരുന്നു. ഒടുവില്‍ ആരോഗ്യം മതിയെന്ന് തീരുമാനിച്ചു. എന്താണ് മുന്നിലുള്ളത് എന്ന് അറിയില്ല. പക്ഷേ, ഈ ജീവിതത്തിൽ നിന്ന് ഇങ്ങനെ തിരിച്ചുവന്ന് എന്തെങ്കിലും നേടാന്‍ നോക്കാമെന്നും അവര്‍ വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രവചിക്കാനാകാത്ത ജീവിതം എന്ന കുറിപ്പോടെയായിരുന്നു യുവതി വിഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിന് പിന്നാലെ യുവതിയെ എതിര്‍ത്തും പിന്തുണച്ചും ഒട്ടേറെപ്പേര്‍ പ്രതികരണങ്ങളുമായെത്തി.