കലാഭവൻ നവാസിന് സംഭവിച്ച പോലെ നിനച്ചിരിക്കാതെ ജീവനെടുക്കുന്ന ഹെർട്ട് അറ്റാക്കുകളെപ്പറ്റി ചില സൂചനകൾ നമ്മുടെ ശരീരം തന്നെ തരാറുണ്ടെന്ന് ഡോ. സൗമ്യ സരിന്‍. "ഇനി വൈകിക്കല്ലേ" എന്ന് നമ്മുടെ ശരീരം നമ്മോട് പറയുമെന്നും ആ സമയം ഉടന്‍ ഡോക്ടറെ കാണണമെന്നും ഡോ. സൗമ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

നവാസിനും അന്ന് രാവിലെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു എന്ന് കേൾക്കുന്നു. പക്ഷെ നമ്മൾ എല്ലാവരും ചെയ്യുന്ന പോലെ " നാളെ നോക്കാം " എന്ന് അദ്ദേഹവും കരുതിക്കാണും. എന്താണ് ഈ ലക്ഷണങ്ങൾ?, എപ്പോഴാണ് ഉടനെ തന്നെ നമ്മൾ വൈദ്യസഹായം തേടേണ്ടത്?, ഏതൊക്കെ ലക്ഷണങ്ങളെയാണ് നമ്മൾ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്തത് തുടങ്ങി നിരവധി കാര്യങ്ങള്‍ വ്യക്തമാക്കുന്ന വിഡിയോയും ഡോ. സൗമ്യ സരിന്‍ പങ്കുവെച്ചു. 

നെഞ്ചുവേദന വന്നാല്‍ ഗ്യാസെന്ന് പറഞ്ഞ് അവഗണിക്കരുതെന്നാണ് ഡോക്ടറുടെ ആദ്യ നിര്‍ദേശം. മസില്‍ പെയിനും ഹൃദയത്തിന്‍റെ പ്രശ്നം കൊണ്ടെല്ലാം നെഞ്ചുവേദന വരാം. നെഞ്ചില്‍ പത്തോ ഇരുപതോ കിലോ ഭാരം കയറ്റി വെച്ചാല്‍  തോന്നുന്ന പോലുള്ള വേദനയാണ് വരുന്നതെങ്കില്‍ അത് ഹെർട്ട് അറ്റാക്കിന്‍റെ സൂചനയാകാം. വേദന ഇടത് കൈയ്യിലേക്കോ കക്ഷത്തിലേക്കോ, മുതുകിലേക്കോ ഒക്കെ പടരുന്ന പോലെ തോന്നുകയും ചെയ്തേക്കാം. 

ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരുന്ന പോലെ തോന്നാം, കിടക്കുമ്പോള്‍ ശ്വാസം മുട്ടല്‍ വരുക തുടങ്ങിയവ പെട്ടെന്ന് വന്ന് പോയേക്കാം. എങ്കില്‍ പോലും പെട്ടെന്ന് ഡോക്ടറെ സമീപിച്ച് ഇസിജി ഉള്‍പ്പടെയുള്ള ടെസ്റ്റുകള്‍ നടത്തണമെന്നും ഡോക്ടര്‍ നിര്‍ദേശിക്കുന്നു.  

ENGLISH SUMMARY:

Dr Soumya Sarin facebook post about heart attack abd kalabhavan navas