പ്രളയത്തെ തോല്‍പ്പിച്ചൊരു വിവാഹം. കേള്‍ക്കുമ്പോള്‍ കെട്ടുകഥപോലെ തോന്നുമെങ്കിലും സംഭവം സത്യമാണ്. പ്രണയത്തിന് പ്രളയം പോലും ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് ഫിലിപ്പീന്‍ സ്വദേശികള്‍. വെളളപ്പൊക്കത്തെയും ചുഴലിക്കാറ്റിനെയും വകവെയ്ക്കാതെ വിവാഹിതരായ ജേഡ് റിക്ക് വെർഡിലോയുടെയും ജമൈക്ക അഗുയ്‌ലറുടെയും ചിത്രങ്ങളാണ് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. വിവാഹവസ്ത്രത്തില്‍ മുട്ടറ്റം വെളളത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ്.
വിഫ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ ഒട്ടുമിക്ക എല്ലാ പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചിരിക്കുകയാണ്. കനത്തമഴ മൂലം താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലാണ്. സാഹചര്യങ്ങളെല്ലാം പ്രതികൂലമായി മാറിയപ്പോഴും കാലാവസ്ഥ വില്ലനായി മുന്നില്‍ നിന്നിട്ടും നിശ്ചയിച്ചുറപ്പിച്ച ദിവസം തന്നെ വിവാഹം നടത്താനായിരുന്നു ജേഡിന്‍റേയും ജമൈക്കയുടെയും തീരുമാനം. ഫിലിപ്പീന്‍സിലെ പ്രസിദ്ധമായ ബരാസൊവൈൻ പള്ളിയായിരുന്നു വിവാഹത്തിനായി ഇരുവരും തിരഞ്ഞെടുത്തത്.
വിവാഹദിവസം വെളള വസ്ത്രം ധരിച്ച് ഇരുവരും ബന്ധുക്കളോടൊപ്പം പളളിയിലെത്തി. മുട്ടറ്റം വെളളത്തില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥനാമുഖരിതമായ അന്തരീക്ഷത്തില്‍ പരസ്പരം മോതിരങ്ങള്‍ അണിയിച്ച് വിവാഹിതരായി. മഴയും വെളളപ്പൊക്കമൊക്കെ ആണെങ്കിലും വിവാഹച്ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും യാതൊരു കുറവും വരുത്തിയില്ല. വിഡിയോ ഫോട്ടോഗ്രഫി ടീമും ദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്നു.
വിവാഹശേഷം ഇരുവരും ആദ്യം ചെയ്തത് അടുത്തുളള ഹെല്‍ത്ത് സെന്‍ററിലെത്തി ജലജന്യരോഗങ്ങളെ പ്രതിരോധിക്കാനുളള മരുന്ന് വാങ്ങിക്കഴിച്ചു എന്നതാണ്. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഫിലിപ്പീന്‍സില്‍ ഇത്തരമൊരു വിവാഹം ഇതാദ്യത്തെ സംഭവമല്ല. ഇതിനുമുന്‍പും പ്രളയത്തെ വകവെയ്ക്കാതെ മുട്ടറ്റം വെളളത്തില്‍ വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. എന്തായാലും ജേഡിന്‍റെയും ജമൈക്കയുടെയും വിവാഹച്ചിത്രങ്ങള്‍ വൈറലായതോടെ നവദമ്പതികള്‍ക്ക് ആശംസ നേരുകയാണ് സോഷ്യല്‍ ലോകം.