പ്രിയപ്പെട്ടവരുടെ വിയോഗം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. എന്നാല്‍ പ്രിയപ്പെട്ടവരുടെ മരണം മനസിനൊപ്പം ശരീരത്തിനുകൂടെ മുറിവേല്‍പിച്ചോലോ?അതെങ്ങനെയെന്നല്ലേ? കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാമെങ്കിലു കേട്ടത് സത്യം തന്നെയാണ്.എങ്ങനെയെന്നല്ലേ...ഇന്തൊനീഷ്യയിലെ ഉള്‍വനങ്ങളില്‍ താമസിക്കുന്ന ഡാനി എന്ന ഗോത്രവിഭാഗക്കാര്‍ക്കിടയിലാണ് മരണം ശരീരത്തെ മുറിപ്പെടുത്താറുള്ളത്. അടുത്ത ബന്ധുക്കള്‍ മരണപ്പെട്ടാല്‍ സ്ത്രീകള്‍ അവരുടെ വിരലുകള്‍ മുറിച്ചുമാറ്റണം എന്നതാണ് ഈ ഗോത്രവിഭാഗത്തിന്‍റെ ആചാരം.
വിരലുകളില്‍ വെറുതെ മുറിവുണ്ടാക്കുക മാത്രമല്ല ഇവര്‍ ചെയ്യുന്നത്. വിരലിന്‍റെ മുകള്‍ഭാഗം മുഴുവനായി മുറിച്ചുമാറ്റും. അതിനായി ആദ്യം വിരലിന്‍റെ മധ്യഭാഗം കടിക്കും. ആ ഭാഗത്തിന് ക്ഷതമേല്‍പ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് വിരലിന് ചുറ്റും ചെറിയ കയര്‍ വലിഞ്ഞുമുറുക്കും. ഇങ്ങനെ ചെയ്യുന്നതോടെ വിരലുകളിലെ രക്തയോട്ടം തടസപ്പെടും. ഇത്തരത്തില്‍ പൂര്‍ണമായി വിരല്‍ മരവിപ്പിച്ചെടുക്കാന്‍ ഒരുപക്ഷേ മണിക്കൂറുകളോ ദിവസങ്ങളോ എടുത്തെന്ന് വരാം. വിരല്‍ മരവിച്ച ശേഷം എല്ല് ഒടിക്കാനായി വിരല്‍ ഇടത്തോട്ടും വലത്തോട്ടും മുന്നിലേക്കും പിന്നിലേക്കും വശങ്ങളിലേക്കുമെല്ലാം പ്രത്യേതരീതിയില്‍ മടക്കിയെടുക്കും.പിന്നീട് കല്ലുകൊണ്ടുണ്ടാക്കിയ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് വിരല്‍ അറുത്തുമാറ്റും. അറുത്തുമാറ്റിയ ഭാഗം പ്രത്യേകമായി കത്തിച്ചുകളയും. വിരല്‍ നീക്കിയശേഷം മുറിവുണക്കാനായി കാട്ടുമരുന്നുകള്‍, ചാരം എന്നിവ ഉപയോഗിച്ച് അഗ്രഭാഗം കെട്ടിവെക്കും.
എന്താണ് ഈ വിചിത്രമായ ആചാരത്തിന് പിന്നിലെന്നല്ലേ...മരണപ്പെട്ടവരുടെ ആത്മാക്കളെ അകറ്റി നിര്‍ത്താനായാണ് ഇവര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. വിരല്‍ മുറിച്ചുമാറ്റുന്നതിലൂടെ മരിച്ച വ്യക്തിയുടെ അസ്വസ്ഥമായ ആത്മാവിനെ ജീവിച്ചിരിക്കുന്നവരുടെ അരികിലേക്ക് എത്താനാകാതെ തടയാനാകും. കൂടാതെ മരണം മൂലമുണ്ടായ വിഷമം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായും ചിലര്‍ ഈ ആചാരത്തെ കാണുന്നു.കൂടാതെ മരണപ്പെട്ട വ്യക്തി എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കാണിക്കാനും ഈ ആചാരത്തിലൂടെ സാധിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അതേസമയം മരണം ഏൽപിക്കുന്ന മാനസിക ആഘാതത്തിൽ നിന്നും മോചനം നേടാൻ ശാരീരിക വേദന സഹായിക്കും എന്നതാണ് ആചാരത്തെ പിന്തുണയ്ക്കുന്നതിനുള്ള മറ്റൊരു വാദം.
ഡാനി ഗോത്രവിഭാഗക്കാര്‍ക്കിടയില്‍ ‘ഇകിപാലിന്‍’ എന്ന പേരിലാണ് ഈ ആചാരം അറിയപ്പെടുന്നത്. എങ്ങനെ ഈ ആചാരം ആരംഭിച്ചുവെന്നോ എന്തുകൊണ്ട് സ്ത്രീകള്‍ മാത്രം ഇത് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു എന്നോ വ്യക്തമല്ല. കുടുംബത്തിലെ മറ്റേതെങ്കിലും അംഗമായിരിക്കും ഇത്തരത്തില്‍ വിരല്‍ മുറിച്ചുമാറ്റാന്‍ നേതൃത്വം നല്‍കുക.
വിചിത്രമായ ഈ ആചാരം ഏല്‍പ്പിക്കുന്ന ശാരീരിക മാനസിക ആഘാതങ്ങള്‍ കണക്കിലെടുത്ത് ഇന്തൊനീഷ്യന്‍ ഭരണകൂടം ഈ ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.എന്നാലിപ്പോഴും അപൂര്‍വമായെങ്കിലും ആ ആചാരം നിലവിലുണ്ട്. ഈ ഗോത്രത്തിലെ മുതിര്‍ന്ന പല സ്ത്രീകളുടെയും വിരലുകള്‍ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് കാണപ്പെടുന്നത്.