AI Generated Image.
ജോലി സമയം മുഴുവന്‍ ക്യാമറ ഓണ്‍ ചെയ്ത് വയ്ക്കണം, ഒരു യു.എസ് കമ്പനി ഇന്ത്യന്‍ ഉദ്യോഗാര്‍ഥികള്‍ക്കു മുന്നില്‍വയ്ക്കുന്ന നിബന്ധനയാണിത്. ജോലിക്കുള്ള അഭിമുഖമൊക്കെ കഴിഞ്ഞ് ഓഫര്‍ ലെറ്റര്‍ കയ്യില്‍ വന്നപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിയാണ് റെഡ്ഡിറ്റില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. യു.എസ് കമ്പനിയാണെങ്കിലും അവിടെ ജോലി ചെയ്യുന്നവരിലേറെയും ഇന്ത്യക്കാരോ യു.എസിലേക്ക് കുടിയേറിയ ഇന്ത്യക്കാരോ ആണെന്നാണ് വിദ്യാര്‍ഥി പറയുന്നത്. വിദ്യാര്‍ഥിയായതു കൊണ്ടുതന്നെ ഇന്‍റേണ്‍ഷിപ്പിനാണ് കമ്പനിയില്‍ അവസരം ലഭിച്ചത്. എന്നാല്‍ ഓഫര്‍ ലെറ്റര്‍ കണ്ടപ്പോള്‍ അത് വേണ്ടെന്ന് വച്ചു എന്നാണ് കുറിപ്പിലുള്ളത്.
വിദ്യാര്‍ഥി റെഡ്ഡിറ്റില്‍ പങ്കുവച്ച കുറിപ്പ്;
അടുത്തിടെ എനിക്കൊരു ഓഫര്‍ ലെറ്റര്‍ വന്നു. യു.എസ് കമ്പനിയാണ് പക്ഷേ അവിടെ ജോലി ചെയ്യുന്നവരില്‍ അധികവും ഇന്ത്യക്കാരോ യു.എസിലേക്ക് കുടിയേറിയ ഇന്ത്യക്കാരോ ആണ്. ഡവലപ്പര്‍ ഇന്‍റേണ്‍ റോളിലേക്കായിരുന്നു ആ കമ്പനി എന്നെ തിരഞ്ഞെടുത്തത്. തുടക്കത്തില്‍ ഇരുപത്തി അയ്യായിരം രൂപ ശമ്പളമാണ് അവര്‍ ഓഫര്‍ ചെയ്തത്. എന്നാല്‍ ഇതിനു മുന്‍പ് താന്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്തിട്ടുണ്ടെന്നും അവിടെ എനിക്ക് ഇതില്‍ കൂടുതല്‍ ശമ്പളമുണ്ടായിരുന്നുവെന്നും പറഞ്ഞപ്പോള്‍ ഇരുപത്തി അയ്യായിരം എന്നത് മുപ്പത്തി അയ്യായിരം മുതല്‍ നാല്‍പതിനായിരം വരെ തരാം എന്നായി. വാര്‍ഷിക വരുമാനം 12 ലക്ഷം എന്നാണ് ഓഫറിലുണ്ടായിരുന്നു. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ശമ്പളം എന്തായാലും കമ്പനിയില്‍ നിന്ന് ലഭിക്കും എന്നവര്‍ നേരത്തെ പറഞ്ഞിരുന്നു.
വിദ്യാര്‍ഥിയുടെ കുറിപ്പ്.
അങ്ങനെ ശമ്പളത്തിന്‍റെ കാര്യമൊക്കെ ശരിയായി. യു.എസ് സമയക്രമത്തിലാണ് ജോലി ചെയ്യേണ്ടത്. അതിനും ഞാന്‍ തയ്യാറായിരുന്നു. എല്ലാം സമ്മതിച്ചതിന്‍റെ പിറ്റേന്ന് കമ്പനിയില്‍ നിന്ന് എനിക്കൊരു സന്ദേശം എത്തി. ജോലി സമയത്ത് കമ്പനിയിലെ എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കണം, പ്രധാനമായും ജോലി സമയത്ത് നിങ്ങളുടെ ക്യാമറ ഓണ്‍ ചെയ്തു തന്നെ വയ്ക്കണം എന്നായിരുന്നു കമ്പനിയുടെ ഡിമാന്‍ഡ്. ഇത് എനിക്കത്ര സുഖകരമായി തോന്നിയില്ല. സദാസമയം ക്യാമറ ഓണ്‍ ചെയ്ത് ജോലി ചെയ്യണം എന്നുപറയുന്നത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. അവരോട് അത് പറ്റില്ല എന്നുപറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ആ ജോലി വേണ്ടെയെന്ന് ഞാന്‍ തീരുമാനിച്ചു. ഇതിന് ധാരാളം വിമര്‍ശനങ്ങളെ ഞാന്‍ നേരിടേണ്ടി വന്നു. കാരണം ഞാന്‍ പഠിച്ച കേളേജ് അത്ര വല്യ റാങ്കിങ്ങിലുള്ളതൊന്നുമല്ല. ഇവിടെ നിന്നുള്ള ഒരു വിദ്യാര്‍ഥിക്ക് ഇങ്ങനെയൊരു അവസരം ലഭിക്കുന്നത് തന്നെ ഭാഗ്യമാണ്. അത് തട്ടിത്തെറിപ്പിച്ചു എന്ന് പലരും കുറ്റപ്പെടുത്തി. ഞാന്‍ ചെയ്തത് ശരിയല്ലേ? അതോ ഞാനിപ്പോള്‍ ചെയ്ത കാര്യമോര്‍ത്ത് പിന്നീട് കുറ്റബോധം തോന്നുമോ?
ഒരു സാധാരണ, ടയര്‍ 3 ലെവലിലുള്ള കോളെജ് വിദ്യാര്‍ഥിയാണ് ഞാന്‍, രണ്ട് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍റേണ്‍ ആയി പ്രവര്‍ത്തിച്ചു. വെബ് ഡവലപ്മെന്‍റ് നന്നായി ചെയ്യും. പല ടെക്നിക്കല്‍ മത്സരങ്ങളിലും വിജയിച്ച് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പല ഇന്‍റേണ്‍ഷിപ്പ് ഓഫറുകളും ലഭിച്ചു. പക്ഷേ അതെല്ലാം പാതിവഴിയില്‍ നില്‍ക്കുകയാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുണ്ട്, ആരെങ്കിലും റഫര്‍ ചെയ്യൂ എന്നും കുറിപ്പിനൊപ്പം വിദ്യാര്‍ഥി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. അങ്ങനെയൊരു കമ്പനിയില്‍ ജോലി ചെയ്യേണ്ടതില്ല എന്നാണ് പലരും വിദ്യാര്‍ഥിക്ക് നല്‍കിയിരിക്കുന്ന ഉപദേശം. അവര്‍ക്ക് ജോലി ചെയ്യാന്‍ അടിമകളെയാണ് വേണ്ടതെന്ന് തോന്നുന്നു. ചില ഇന്ത്യന്‍ കമ്പനികളിലും ഇത്തരം പ്രവണതകള്‍ കണ്ടുവരുന്നുണ്ട്. എന്തുകൊണ്ടും ആ ജോലി വേണ്ട എന്നെടുത്ത തീരുമാനം വളരെ നന്നായി എന്നാണ് മിക്കവരും കമന്‍റ് ചെയ്യുന്നത്.