red-bull-energy-drink

Ai Generated Image

ഉയർന്ന കഫീൻ അടങ്ങിയ പാനീയങ്ങളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കാന്‍ പാടില്ല എന്ന ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് റെഡ് ബുൾ ഇന്ത്യ.  റെഡ് ബുള്‍, സ്റ്റിങ് , അഡ്രിനാലിന്‍ റഷ്, കാമ്പ ഗോള്‍ഡ് ബൂസ്റ്റ്, ഹെല്‍ എനര്‍ജി, മോണ്‍സ്റ്റര്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളോടാണ് തങ്ങളുടെ ലേബലുകളില്‍ നിന്നും മാര്‍ക്കറ്റിങ്ങില്‍ നിന്നും 90 ദിവസത്തിനകം 'എനര്‍ജി' എന്ന വാക്ക് നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.

എഫ്എസ്എസ്എഐയുടെ തീരുമാനം മതിയായ അറിയിപ്പോ നടപടിക്രമങ്ങളോ പാലിക്കാതെയാണെന്നും 2002 മുതൽ ഇന്ത്യയിൽ 'എനർജി ഡ്രിങ്ക്' എന്ന പേരിലാണ് ഉൽപന്നം വിൽക്കുന്നതെന്നുമാണ് കമ്പനിയുടെ വാദം. മാത്രമല്ല, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ക്ക് 'എനര്‍ജി ഡ്രിങ്ക്‌സ്' എന്ന പേര് ഉപയോഗിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് 2024 ഏപ്രിലില്‍ എഫ്എസ്എസ്എഐ തന്നെ ഇറക്കിയ രേഖകളും കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ ഉത്തരവിനെ തുടർന്ന് രാജ്യത്തുടനീളം ഉൽപന്നങ്ങൾ പിടിച്ചെടുക്കുകയാണെന്നും കമ്പനി കോടതിയെ അറിയിച്ചു.  പുതിയ തീരുമാനം ഇന്ത്യയിലെ കമ്പനിയുടെ നിക്ഷേപങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ടെന്നും റെഡ് ബുൾ ഇന്ത്യ കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിൽ വ്യക്തമാക്കി. ജൂണ്‍ മാസത്തെ തീരുമാനത്തിനെതിരെ ഔദ്യോഗികമായി നിയമനടപടി സ്വീകരിക്കുന്ന ആദ്യ കമ്പനിയാണ് റെഡ്ബുള്‍. സെപ്റ്റംബര്‍ 25നാണ് കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്.  

'എനര്‍ജി ഡ്രിങ്ക്' എന്നത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ബ്രാന്‍ഡിങ് ആണെന്നായിരുന്നു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാദം. അതേസമയം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് എഫ്എസ്എസ്എഐയുടെ നടപടി. വിവിധ സ്ഥാപനങ്ങളിൽ അധികൃതർ അപ്രതീക്ഷിത പരിശോധനകളും നടത്തുന്നുണ്ട്.

അതേസമയം, നിയമം പാലിക്കുന്നതിനായി പെപ്‌സികോ തങ്ങളുടെ പ്രശസ്ത പാനീയമായ 'സ്റ്റിങ്ങി'ല്‍ നിന്ന് 'എനര്‍ജി' എന്ന വാക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 2016-ല്‍ ഇത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കേണ്ട കഫീന്റെ അളവ് ലിറ്ററിന് പരമാവധി 300 മില്ലിഗ്രാം ആയി എഫ്എസ്എസ്എഐ നിജപ്പെടുത്തിയിരുന്നു. കൂടാതെ, ലേബലുകളില്‍ കഫീന്റെ അളവ് വ്യക്തമാക്കണമെന്നും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇനി ഈ പാനീയങ്ങളെ എങ്ങനെ ലേബല്‍ ചെയ്യണമെന്നും, റെഡ് ബുളിനോട് ലേബല്‍ മാറ്റാന്‍ ആവശ്യപ്പെട്ടതില്‍ എഫ്എസ്എസ്എഐ കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നതുമാണ് നിലവില്‍ കോടതിക്ക് മുന്‍പിലുള്ള പ്രധാന വിഷയം.

ENGLISH SUMMARY:

Red Bull India has approached the Delhi High Court challenging the Food Safety and Standards Authority of India (FSSAI) directive prohibiting the use of the term 'energy drink' on high-caffeine beverages. The company argued that the directive lacks proper procedure and contradicts FSSAI's own 2002 permissions and April 2024 circulars.