Image Credit : Instagram/ Ai Generated Image (Pasta)

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ആരംഭിച്ച ആഢംബര റസ്റ്ററന്‍റിലെ വിഭവങ്ങളുടെ വിലയാണ് ഇപ്പോള്‍ സൈബറിടത്തെ പ്രധാന ചര്‍ച്ച. മുംബൈയില്‍ സ്ഥിതി ചെയ്യുന്ന മെഴ്സി എന്ന റസ്റ്ററന്‍റിലെ പ്രധാന ആകര്‍ഷണം പാസ്തയും വിലകൂടിയ മീന്‍ വിഭവങ്ങളും മദ്യവുമാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം മുംബൈയിലെ സെലിബ്രിറ്റികള്‍ക്കിടയില്‍ മെഴ്സി റസ്റ്ററന്‍റ് ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. 

2025ലാണ് അർപിത ഈ സംരംഭം ആരംഭിച്ചത്. കേതുൽ പരീഖ്, ഗൗരവ് പരീഖ് എന്നിവരാണ് മറ്റ് ബിസിനസ് പങ്കാളികള്‍. മെഴ്സി റസ്റ്ററന്‍റിലെ ഷെഫ് സ്പെഷ്യല്‍ എന്നുപറയുന്നത് ട്രഫിള്‍ പാസ്തയും റെഡ് സ്നാപ്പര്‍ മീന്‍ അഥവാ ചെമ്പല്ലി കൊണ്ടുളള വിഭവവുമാണ്. ചീസ് വീലിനകത്ത് വച്ച് തയാറാക്കുന്ന പ്രത്യേകതരം ട്രഫിള്‍ പാസ്തയ്ക്ക് ഇവിടെ ഈടാക്കുന്നത് 8500 രൂപയാണ്. ഉപ്പ് കൊണ്ട് പൊതിഞ്ഞ് ചുട്ടെടുക്കുന്ന പ്രത്യേക ചെമ്പല്ലി വിഭവത്തിനാകട്ടെ 10000 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഇവയ്ക്ക് പുറമെ പാനീയങ്ങള്‍ക്കും മദ്യത്തിനും ഉയര്‍ന്ന വിലയാണ് മെഴ്സി റസ്റ്ററന്‍റില്‍ ഈടാക്കുന്നത്.

കോക്ടെയിലുകളുടെ വില തുടങ്ങുന്നത് 900 മുതലാണ്. പ്രീമിയം ബ്രാൻഡിന്റെ ഫ്രഞ്ച് ഷാംപെയ്‌നുകൾക്ക് 1,88,550 രൂപ വരെ വിലയുണ്ട്. വൈനുകൾക്ക് 50,000 രൂപയ്ക്ക് മുകളിലാണ് വില. ദുബായിലെ പ്രശസ്തമായ റസ്റ്ററന്റിൽ പ്രവർത്തിച്ചുവരികയായിരുന്ന പ്രശസ്ത ഷെഫ് ഡെനിസ് കോളാണ് മെഴ്സിയുടെ വിഭവങ്ങൾ തിരഞ്ഞെടുക്കുന്നതിലും തയാറാക്കുന്നതിലും നേതൃത്വം നൽകുന്നത്.