ഏത് തരത്തില്‍ പാകം ചെയ്താലും മിക്കവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ചിക്കന്‍ വിഭവങ്ങള്‍. അല്‍ ഫാം ഉള്‍പ്പെടെയുള്ള ചിക്കന്‍ വിഭവങ്ങള്‍ പലരുടെയും ഫേവറിറ്റ് ലിസ്റ്റില്‍ വരുമെങ്കിലും ചിക്കന്‍കൊണ്ടുള്ള നാടന്‍ വിഭവങ്ങളുടെ തട്ട് താഴ്ന്നുതന്നെയിരിക്കും. അധികം സ്പൈസിയല്ലാത്ത എന്നാല്‍ രുചിക്ക് ഒട്ടും കുറവില്ലാത്ത ചിക്കന്‍ മപ്പാസ് ഉണ്ടാക്കിനോക്കിയാലോ. ചോറിനും അപ്പത്തിനുമൊപ്പം ഗംഭീരമാണ് ഈ സിംപിള്‍ കറി.
1.
ചിക്കൻ – 500 ഗ്രാം
2
ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
3
കറുവാപ്പട്ട – അരയിഞ്ച് കഷണം
ഏലയ്ക്ക – 2
ഗ്രാമ്പൂ – 2
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – മൂന്നു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
4
വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
5
ഇഞ്ചി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
വെളുത്തുള്ളി, നീളത്തിൽ അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6
സവാള – രണ്ടു ചെറുത്, അരിഞ്ഞത്
7
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – ഒരു കപ്പ്
8
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – കാൽ കപ്പ്
9
വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ
10
കടുക് – കാൽ ചെറിയ സ്പൂൺ
ചുവന്നുള്ളി അരിഞ്ഞത് – മൂന്നെണ്ണം
വറ്റൽമുളക് – രണ്ട്
കറിവേപ്പില – 4 – 5
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി രണ്ടാമത്തെ ചേരുവ ചേർത്ത് അരമണിക്കൂർ വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ പൊടിച്ചു വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.
∙ഇതിലേക്കു സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ പൊടിച്ച മസാല ചേർത്തു വഴറ്റണം.
∙പച്ചമണം മാറുമ്പോൾ ചിക്കൻ ചേർത്തിളക്കി തേങ്ങയുടെ രണ്ടാം പാലു ചേർത്ത് മൂടി വച്ചു വേവിക്കുക. ആവശ്യമെങ്കിൽ അൽപം വെള്ളം ചേർക്കാം.
∙വെന്തു കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ഇളക്കി വാങ്ങിവയ്ക്കാം. തിളപ്പിക്കരുത്.
∙വെളിച്ചെണ്ണയിൽ 10–ാമത്തെ ചേരുവ താളിച്ച് കറിയിൽ ഒഴിച്ചു വിളമ്പാം.