കേരളത്തിലെ ആദ്യ ജീപ്പ് റാംഗ്ലര്‍ വൈറ്റ്ക്യാപ് മൊജിറ്റോ എഡിഷന്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം സജിന്‍ ഗോപു. ജീപ്പ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ വളരെ സവിശേഷമായ ഒരു ലിമിറ്റഡ് എഡിഷൻ ഓഫ്-റോഡ് എസ്‌യുവിയാണ് ജീപ്പ് റാംഗ്ലർ വൈറ്റ്‌ക്യാപ് മോജിറ്റോ. റാംഗ്ലർ റൂബിക്കൺ മോഡലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ഈ വാഹനം അതിന്റെ ആകർഷകമായ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധേയമാണ്.

ലോകത്താകെ വെറും 250 യൂണിറ്റുകള്‍ മാത്രം നിര്‍മിക്കുന്ന ജീപ്പ് റാംഗ്ലര്‍ വൈറ്റ്ക്യാപ് എഡിഷനില്‍ ഇന്ത്യയ്ക്കായി കമ്പനി അനുവദിച്ചിരിക്കുന്നത് വൈറും 25 എണ്ണം മാത്രമാണ്. കേരളത്തില്‍ രണ്ടെണ്ണവും. അവയെല്ലാം ഇതിനകം തന്നെ  വിറ്റുപോയി കഴിഞ്ഞു എന്നതാണ് സവിശേഷത.  ഹൈഡ്രോ ബ്ലൂ, റെയിൻ (മെറ്റാലിക് പർപ്പിൾ) എന്നീ നിറങ്ങളിൽ രാജ്യാന്തര വിപണിയില്‍ വാഹനം ലഭ്യമാണെങ്കിലും പച്ച നിറത്തിലുള്ള മൊജിറ്റോ എഡിഷനുകളാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്. 

ഇന്ത്യയിൽ 73.55 ലക്ഷം രൂപയാണ് ഇതിന്‍റെ എക്സ്-ഷോറൂം വില. സാധാരണ റാംഗ്ലർ റൂബിക്കൺ മോഡലിനേക്കാൾ ഏകദേശം 1.25 ലക്ഷം രൂപയോളം കൂടുതലാണിത്. 

ആകർഷകമായ പച്ച നിറത്തിലുള്ള 'മോജിറ്റോ ഗ്രീൻ' ബോഡിയും അതിനൊപ്പം കോൺട്രാസ്റ്റ് നൽകുന്ന വെള്ള നിറത്തിലുള്ള റൂഫും ആണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. വശങ്ങളിൽ വില്ലിസ് ജീപ്പിന്‍റെ ഓർമ്മപ്പെടുത്തലായി '1941' ഡെക്കലുകളും, മുൻവശത്തെ ഗ്രില്ലിന് ചുറ്റും വെള്ള ബോർഡറും, പിന്നിൽ വെള്ള നിറത്തിലുള്ള '4 Wheel Drive' സ്റ്റിക്കറും നൽകിയിട്ടുണ്ട്. സാധാരണ റൂബിക്കോണിനെ അപേക്ഷിച്ച് അധികമായി ക്യാബിനിൽ നൽകിയിട്ടുള്ള ബിൽറ്റ്-ഇൻ ഡാഷ്‌ക്യാമും ഓഫ്‌റോഡ് യാത്രകളിൽ തുണയാകുന്ന കരുത്തുറ്റ ഗ്രാബ് ഹാൻഡിലുകളും ഈ പ്രത്യേക പതിപ്പിന്റെ മാറ്റ് കൂട്ടുന്നു.

സ്റ്റാൻഡേർഡ് റാംഗ്ലർ റൂബിക്കോണിനെ അടിസ്ഥാനമാക്കിയുള്ള ഈ മോഡലിന്റെ മെക്കാനിക്കൽ ഘടകങ്ങളിൽ മാറ്റങ്ങളൊന്നുമില്ല. റൂബിക്കണിലുള്ള അതേ 2.0-ലിറ്റർ, 4-സിലിണ്ടർ ടർബോ-പെട്രോൾ എൻജിൻ തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. ഇത് 272 എച്ച്പി പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇതിഹാസതുല്യമായ 4x4 ഡ്രൈവ് സിസ്റ്റവുമുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കായി 6 എയർബാഗുകളും അത്യാധുനിക ലെവൽ-2 അഡാസ് പാക്കേജും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 

ENGLISH SUMMARY:

Popular Malayalam actor Sajin Gopu has become the proud owner of Kerala's first Jeep Wrangler Whitecap Mojito Edition. With only 25 units allocated for India, this rare off-road SUV features a striking Mojito Green exterior and a 2.0-liter turbo-petrol engine