vechicle-vtov

AI Generated Image

റോഡപകടങ്ങൾ കുറയ്ക്കാനും യാത്രാസുരക്ഷ ഉറപ്പാക്കാനുമായി രാജ്യത്തെ വാഹനങ്ങളിൽ വെഹിക്കിൾ-ടു-വെഹിക്കിൾ കമ്മ്യൂണിക്കേഷൻ സിസ്റ്റം നിർബന്ധമാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഒരുങ്ങുകയാണ്. 2028 ഒക്ടോബർ 1 മുതൽ ഇരുചക്ര, മുച്ചക്ര, യാത്രാ, ചരക്ക് വാഹനങ്ങളിൽ ഈ സംവിധാനം നിർബന്ധമാക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി 1989-ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കി.

എന്താണ് V2V?: തൊട്ടടുത്തുള്ള വാഹനങ്ങളുമായി തത്സമയം വിവരങ്ങൾ പങ്കുവയ്ക്കാൻ സഹായിക്കുന്ന നൂതന സംവിധാനമാണ് വെഹിക്കിൾ-ടു-വെഹിക്കിൾ കമ്മ്യൂണിക്കേഷൻ. സ്വന്തം വാഹനത്തിന്‍റെ വേഗത, സ്ഥാനം, സഞ്ചരിക്കുന്ന ദിശ തുടങ്ങിയ നിർണായക വിവരങ്ങൾ ഈ സാങ്കേതികവിദ്യയിലൂടെ അടുത്തുള്ള വാഹനങ്ങൾക്ക് തൽക്ഷണം കൈമാറാനാകും. ഡ്രൈവറുടെ കാഴ്ചയ്ക്കപ്പുറമുള്ള വിവരങ്ങൾ കൂടി നൽകാൻ കഴിയുമെന്നതിനാൽ,  അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന് മുതൽക്കൂട്ടാകും.

വി2വി സിസ്റ്റം സുഗമമായി പ്രവർത്തിക്കുന്നതിനായി 5.875 GHz മുതൽ 5.925 GHz വരെയുള്ള ഫ്രീക്വൻസി ബാൻഡാണ് ഉപയോഗിക്കുന്നത്. ഇതിന് ലൈസൻസ് ആവശ്യമില്ലെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കി.

അപകടങ്ങൾ എങ്ങനെ തടയും?: സാധാരണ സുരക്ഷാ സംവിധാനങ്ങൾ ഡ്രൈവറുടെ പ്രതികരണത്തെയും സെൻസറുകളെയും ആശ്രയിക്കുമ്പോൾ വി2വി സിസ്റ്റം വാഹനങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തിക്കുക.

ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന സാഹചര്യങ്ങൾ: 

- മുന്നിലുള്ള വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ

- വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കാൻ സാധ്യതയുള്ളപ്പോൾ 

- തെറ്റായ ദിശയിലുള്ള ഡ്രൈവിംഗ് അല്ലെങ്കിൽ അശ്രദ്ധമായ ലയിൻ മാറ്റം ശ്രദ്ധയിൽപ്പെടുമ്പോൾ

- ആംബുലൻസ് പോലുള്ള എമർജൻസി വാഹനങ്ങൾ കടന്നുവരുമ്പോൾ

നടപ്പിലാക്കുന്നത് രണ്ട് ഘട്ടങ്ങളിലായി: കരട് വിജ്ഞാപന പ്രകാരം ഇന്ത്യയിൽ രണ്ട് ഘട്ടങ്ങളിലായാണ് വി2വി സംവിധാനം നിർബന്ധമാക്കുക. പുതിയ നിയമം എൽ (ഇരുചക്ര/മുച്ചക്ര), എം (യാത്രാ വാഹനങ്ങൾ), എൻ (ചരക്ക് വാഹനങ്ങൾ) കാറ്റഗറികൾക്കാണ് ബാധകമാവുക.

ഒന്നാം ഘട്ടം 2027 ഒക്ടോബർ 1 മുതൽ: ഈ തീയതിക്ക് ശേഷം നിർമ്മിക്കുന്ന മേൽപ്പറഞ്ഞ കാറ്റഗറി വാഹനങ്ങളിൽ വി2വി സംവിധാനം നൽകുന്നുണ്ടെങ്കിൽ, അത് നിർബന്ധമായും സുരക്ഷാ മാനദണ്ഡങ്ങൾ വ്യക്തമാക്കുന്ന AIS-230 നിലവാരത്തിലുള്ളതായിരിക്കണം.

രണ്ടാം ഘട്ടം (2028 ഒക്ടോബർ 1 മുതൽ): ഈ തീയതി മുതൽ വിപണിയിലിറങ്ങുന്ന എൽ, എം, എൻ കാറ്റഗറി വാഹനങ്ങളിൽ AIS-230 നിലവാരത്തിലുള്ള വി2വി സംവിധാനം  നിർബന്ധം.

പുറത്തിറക്കിയ കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്കും വാഹന നിർമ്മാതാക്കൾക്കും അഭിപ്രായങ്ങൾ അറിയിക്കാനാകും. ഇതിനായി 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും അന്തിമ വിജ്ഞാപനം പുറത്തിറക്കുക.

 

 

ENGLISH SUMMARY:

Vehicle to vehicle communication systems are being mandated in India to reduce road accidents and ensure travel safety. This advanced technology will allow vehicles to share critical information in real-time, enhancing driver assistance and preventing collisions.