ഫോര്‍മുല വണ്ണിലേക്ക് ഇനി ഔഡിയും. അടുത്ത സീസണിലേക്കുള്ള കാറിന്റെ മാതൃക പ്രദര്‍ശിപ്പിച്ചു. ജർമൻ വാഹന നിർമാതാക്കളായ ഔഡി, സോബർ ടീമിനെ ഏറ്റെടുത്താണ് ഫോര്‍മുല വണ്ണിലേക്ക് എത്തുന്നത്. ടൈറ്റാനിയം, കാർബൺ ബ്ലാക്ക്, ഔഡി റെഡ് എന്നിവയാണ് പുതിയ കാറിന്റെ പ്രധാന നിറങ്ങൾ.
കമ്പനിയുടെ മുഖമുദ്രയായ ഫോര്‍ റിങ്ങ്സും ഡിസൈനിലുണ്ട്. 2026ൽ മത്സരത്തിനായി ഗ്രിഡിൽ അണിനിരക്കുമ്പോൾ റേസ് ട്രാക്കിലെ ഏറ്റവും ശ്രദ്ധേയമായ കാർ തങ്ങളുടേതായിരിക്കണം എന്നതാണ് ഔഡിയുടെ ലക്ഷ്യം. പുതിയ നിയമങ്ങൾക്കനുസരിച്ച് സ്വന്തമായി നിര്‍മിച്ച ഷാസിയും പവര്‍ യൂണിറ്റും ഉപയോഗിച്ചായിരിക്കും ഔഡി മല്‍സരത്തിന് ഇറങ്ങുക.
ഫോർമുല വണ്ണിൽ പ്രവേശിക്കുമെന്ന് 2022 പ്രഖ്യാപിച്ചതു മുതൽ വിപുലമായ ഒരുക്കങ്ങളിലാണ് ഔഡി. ജർമനിയിലെ ന്യൂബർഗിൽ, പവർ യൂണിറ്റ് കേന്ദ്രം നിർമിക്കുന്നതിനൊപ്പം, സ്വിറ്റ്‌സർലൻഡിലെ ഹിൻവില്ലിലുള്ള സോബറിന്റെ ആസ്ഥാനവും വികസിപ്പിച്ചു വരികയാണ്. ഇതിനുപുറമെ, ഒരു ടെക്നോളജി സെന്ററും ഔഡി തുറന്നിട്ടുണ്ട്. ഈ വർഷം സോബറിലൂടെ അരങ്ങേറ്റം കുറിച്ച ഗബ്രിയേൽ ബോര്‍ട്ടോലെറ്റോയും പരിചയസമ്പന്നനായ നിക്കോ ഹള്‍ക്കന്‍ബര്‍ഗുമാണ് ഔഡി ടീമിന്റെ റെസര്‍മാര്‍.