TOPICS COVERED

പത്തു വര്‍ഷങ്ങളോളം തന്‍റെ സമ്പാദ്യം കൂട്ടിവച്ച് വാങ്ങിയ ഫെറാറി കാര്‍ കണ്‍മുന്നില്‍ പൂര്‍ണമായി കത്തിയമര്‍ന്ന സങ്കടത്തിലാണ് ഹോന്‍കോന്‍ എന്ന യുവാവ്. ജപ്പാനിലെ ടോക്കിയോയിലാണ് സംഭവം. രണ്ടരക്കോടിയോളം രൂപ വില വരുന്ന കാറാണ് കത്തിയത്. സംഗീത സംവിധായകനായ ഹോന്‍കോനിന്‍റെ കാറായിരുന്നു ഇത്. കാര്‍ ഡെലിവറി കഴിഞ്ഞ് ഒരു മണിക്കൂറിനകമാണ് സംഭവം.

ഏപ്രില്‍ 16നാണ് ഷുട്ടോ എക്സ്പ്രസ്‌വേയില്‍ വച്ച് ഓടിക്കൊണ്ടിരുന്ന കാറിന് പെട്ടെന്ന് തീ പിടിച്ചത്. ഭാഗ്യംകൊണ്ട് കാറിനുള്ളിലുണ്ടായിരുന്നവര്‍ക്ക് പരുക്കേറ്റില്ല. ഇരുപത് മിനിറ്റോളം കാര്‍ നിന്നു കത്തിയെന്ന് ഹോന്‍കോന്‍ പിന്നീട് പറഞ്ഞു. മുന്നിലെ ബംബറിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് വാഹനത്തിന്‍റേതായി അവശേഷിച്ചത്.

കാര്‍ ഓടിച്ചുകൊണ്ടിരിക്കെ പുകയുയരുന്നത് ശ്രദ്ധയില്‍പെട്ടു. അപ്പോള്‍ തന്നെ വണ്ടി നിര്‍ത്തി പുറത്തിറങ്ങി. കാര്‍ എവിടെയും ഇടിച്ചിട്ടില്ല, എന്താണ് തീ പിടിക്കാന്‍ കാരണമെന്ന് ഇപ്പോഴും അറിയില്ല. ഫെറാറി കാര്‍ എന്നത് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു, അത് നിമിഷങ്ങള്‍ക്കുള്ളില്‍ കണ്‍മുന്നില്‍ എരിഞ്ഞുതീര്‍ന്ന കാഴ്ച കണ്ട് നെഞ്ചുപിടഞ്ഞു എന്നാണ് ഹോന്‍കോന്‍ പറഞ്ഞത്. 

‘കയ്യില്‍ കിട്ടി വെറും ഒരു മണിക്കൂറിനകം എന്‍റെ ഫൈറാറി കാര്‍ ചാരമായി. ജപ്പാനില്‍ എന്നെപ്പോലെ ഗതികെട്ടവന്‍ വേറെയുണ്ടാകില്ല’ എന്ന കുറിപ്പിനൊപ്പം കത്തിയ കാറിന്‍റെ ചിത്രങ്ങള്‍ ഹോന്‍കോന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. പത്തു വര്‍ഷത്തെ കാത്തിരിപ്പും സമ്പാദ്യം ഇല്ലാതായ വേദന മനസ്സിലാകുന്നുണ്ട്. പക്ഷേ ജീവനോടെ രക്ഷപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കൂ എന്നാണ് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. 

ENGLISH SUMMARY:

A Ferrari 458 Spider caught fire and burned completely on an expressway in Tokyo, Japan. What makes this story more painful is that the owner had waited 10 years to buy his dream car. The car was worth Rs 2.5 crore. Music producer Honkon, 33, saved for a decade before finally getting the Ferrari on April 16. The car caught fire on the Shuto Expressway in Japan, but thankfully, no one was hurt. The fire was put out in 20 minutes. But, by then, almost the whole car was burnt, except for a small part of the front bumper.