ഇലക്ട്രിക് വാഹനലോകത്തു വിപ്ലവകരമായ കണ്ടുപിടിത്തവുമായി ബെംഗളുരുവിലെ കമ്പനി.15 മിനിറ്റിനുള്ളില്‍ വാണിജ്യവാഹനങ്ങളുടെ ബാറ്ററികള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ബെംഗളുരുവിലെ എക്സപോണന്റ് എനര്‍ജിയെന്ന കമ്പനി വികസിപ്പിച്ചു. ഈ സാങ്കേതിക വിദ്യയിലുള്ള ആദ്യ സ്ലീപ്പര്‍ ബസ് വൈകാതെ ബെംഗളുരു–ഹൈദരാബാദ് റൂട്ടില്‍ ഓടിത്തുടങ്ങും.
പൂജ്യം മുതല്‍ 100 ശതമാനം ചാര്‍ജ് ആവാന്‍ വെറും പതിനെഞ്ച് മിനിറ്റ് മാത്രം. ബസുകളില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ റേഞ്ച് വരെ. രാജ്യത്തെ വിവിധ നഗരങ്ങളിലായി 1500 മുച്ചക്ര വാഹനങ്ങള്‍ ഈ സാങ്കേതിക വിദ്യയിലുള്ള ബാറ്ററി കഴിഞ്ഞ രണ്ടുവര്‍ഷമായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ബസ് അടക്കമുള്ള ഭാരവാഹനങ്ങള്‍ക്കുള്ള ബാറ്ററി പാക്കാണു പുറത്തിറക്കിയത്.
ലിഥിയം അയേണ്‍ ബാറ്ററിയാണ് എക്സ്പോണന്റ് എനര്‍ജിയും ഉപയോഗിക്കുന്നത്. ഒരു മെഗാവാട്ട് വൈദ്യുതി കുറഞ്ഞ സമയത്തിനുള്ളില്‍ ബാറ്ററിയിലേക്കു കടത്തിവിട്ടാണു ഫാസ്റ്റ് ചാര്‍ജിങ് സാധ്യമാക്കുന്നത്. ഇതിനായി പ്രത്യേക രീതിയിലുള്ള ചാര്‍ജറും ബാറ്ററി പാക്കും ചാര്‍ജിങ് സ്റ്റേഷനുമുണ്ട്. ബാറ്ററി ചൂടാവുന്നതടക്കമുള്ള പ്രശ്നങ്ങള്‍ മറികടക്കാനുള്ള സംവിധാനമാണു കണ്ടെത്തലിന്റെ പ്രധാന ഭാഗം
വീര മഹാസാമ്രാട്ട് ഇ.വിയെന്ന പേരില്‍ 13.5 മീറ്റര്‍ നീളമുള്ള സ്ലീപ്പര്‍ ബസ് പുറത്തിറക്കി. വൈകാതെ ഇവ സര്‍വീസ് തുടങ്ങും. വിവിധ നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ കമ്പനി തന്നെ ഒരുക്കുന്നതിനാല്‍ പെട്രോള്‍ പങ്കുകളിലെത്തി ഇന്ധനം നിറക്കുന്നതുപോലെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും.