വാഹനപ്രേമിയാണ് തെന്നിന്ത്യൻ സൂപ്പര്‍ താരം അജിത് കുമാർ. താരത്തിന്‍റെ ബൈക്കുകളോടും കാറുകളോടുമുളള കമ്പം ആരാധകര്‍ക്ക് വളരെയോറെ ചര്‍ച്ചയാകാറുണ്ട്. റേസിങില്‍ ഏറെ താല്‍പര്യമുളള താരത്തിന്‍റെ ഗാരിജിലേക്ക് പുതിയൊരു വാഹനം കൂടി എത്തിയിരിക്കുകയാണ്. പോർഷെ 911 ജി ടി 3 ആർ എസ് ആണ് താരം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ എകദേശം 3.50 കോടി രൂപ വിലവരുന്ന വാഹനമാണ് പോർഷെ 911 ജി ടി 3 ആർ എസ്. അജിത് തന്‍റെ സ്വപ്നവാഹനം സ്വന്തമാക്കിയ സന്തോഷവാര്‍ത്ത ഭാര്യയും നടിയുമായ ശാലിനിയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
അജിത് കാറിനൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഹൃദ്യമായൊരു കുറിപ്പും ശാലിനി പങ്കുവച്ചു. കാറും സ്റ്റൈലും എന്‍റെ ഹൃദയവും അദ്ദേഹത്തിന് സ്വന്തം എന്നാണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പോർഷെയുടെ ഏറ്റവുമധികം വില്പനയിലുള്ള മോഡലുകളിൽ ഒന്നാണ് 911 ജി ടി 3 ആർ എസ്. വെളള നിറത്തിലുളള കാറാണ് അജിത് തനിക്കായി തിരഞ്ഞെടുത്തത്. പ്രകടനത്തിന്റെ കാര്യത്തിലുള്ള മികവും ഭാരക്കുറവുമാണ് പോർഷെ 911 ജി ടി 3 ആർ എസിനെ വ്യത്യസ്തമാക്കുന്നത്.
3.2 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ പെര്‍ഫോമന്‍സ് കാറിന് കഴിയും. മണിക്കൂറില്‍ 296 കിലോമീറ്റര്‍ ആണ് ഉയര്‍ന്ന വേഗത. ഇക്കഴിഞ്ഞ ജൂലൈയില്‍ ഒമ്പത് കോടി രൂപ വിലവരുന്ന ഫെറാറി കാറും അജിത് സ്വന്തമാക്കിയിരുന്നു. കോടികള്‍ വിലമതിക്കുന്ന ലംബോര്‍ഗിനി, ലാന്‍ഡ് റോവര്‍ ഡിസ്‌കവറി, മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളും താരത്തിനുണ്ട്.