പാശ്ചാത്യ ഫാഷന്റെയും മിനിമലിസ്റ്റിക് ഗൗണുകളുടെയും തിളക്കങ്ങൾക്കിടയിലേക്ക് കേരളത്തിന്റെ തനത് കസവുടുത്ത് ഒരു സിനിമാസംഘം നടന്നു കയറി, ദക്ഷിണ കൊറിയയിലെ വിഖ്യാതമായ ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയുടെ (BIFF) റെഡ് കാർപറ്റിൽ മലയാളത്തിന്റെ അഭിമാന നിമിഷം. ലോക സിനിമാ പ്രതിഭകളും രാജ്യാന്തര മാധ്യമങ്ങളും സാക്ഷിയായ വേദിയിൽ, തനിമ ചോരാത്ത മലയാളി വേഷത്തിലെത്തി കൈയടി നേടിയിരിക്കുകയാണ് 'ചെവിട്ടോർമ' (The Soul Whisperer) എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ. 31-ാമത് ബുസാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള ചിത്രം എന്ന ഖ്യാതിയോടെയാണ് ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിച്ച 'ചെവിട്ടോർമ' ആഗോള വേദിയിലെത്തിയത്.

റെഡ് കാർപറ്റിലെ 'കസവ്' വിപ്ലവം

ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് മുന്നോടിയായി നടന്ന റെഡ് കാർപ്പറ്റ് എൻട്രിയിലായിരുന്നു ആഗോള ശ്രദ്ധ കവർന്ന ആ കാഴ്ച. സംവിധായകൻ ലിയോ തദേവൂസ് അഭിനേതാക്കളായ ദിലീഷ് പോത്തൻ, പൗളി വത്സൻ, സ്റ്റാൻ സ്റ്റീഫൻ നിർമാതാക്കളായ സ്റ്റീഫൻ സക്കറിയാസ്, ലോഗൻ രവി എന്നിവർ പരമ്പരാഗത കേരളീയ വേഷങ്ങളിൽ ഒന്നിച്ച് അണിനിരന്നപ്പോൾ, അത് രാജ്യാന്തര മാധ്യമങ്ങൾക്കും പുതിയ അനുഭവമായി മാറി. വിദേശ പ്രതിനിധികൾക്കും സിനിമാ പ്രേമികൾക്കും മുന്നിൽ കേരളത്തിന്റെ സാംസ്കാരികത്തനിമ ഉയർത്തിപ്പിടിച്ച ഈ സംഘത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

ഏഷ്യൻ സിനിമ പനോരമയിലേക്ക്

മേളയിലെ ഏറ്റവും ശ്രദ്ധേയമായ വിഭാഗങ്ങളിലൊന്നായ 'എ വിൻഡോ ഓൺ ഏഷ്യൻ സിനിമ' (A Window on Asian Cinema) വിഭാഗത്തിലാണ് ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ഒക്ടോബർ 8-ന് നടക്കുന്ന വേൾഡ് പ്രീമിയർ പ്രദർശനത്തോടെ, ആഗോള പ്രേക്ഷകർക്ക് മുന്നിലേക്ക് പുതിയൊരു മലയാള ദൃശ്യവിസ്മയം കൂടിയാണ് തുറക്കപ്പെടുന്നത്.

ENGLISH SUMMARY:

The team behind the Malayalam film Chevittorma (The Soul Whisperer), directed by Leo Thaddeus, made a grand cultural statement on the red carpet at the 31st Busan International Film Festival (BIFF) in South Korea by arriving clad in traditional Kerala Kasavu attire. As the only Malayalam feature selected for the prestigious festival, the team—including director Leo Thaddeus, actors Dileesh Pothan, Pauly Valsan, and Stan Stephen, alongside producers Stephen Zacharias and Logan Ravi—earned widespread praise from global delegates and international media. The film is set to host its World Premiere on October 8 under the acclaimed 'A Window on Asian Cinema' section.