Image Credit : SEBASTIEN DUPUY / AFP (Twitter)
ഡയാന രാജകുമാരിയുടെ റിവഞ്ച് ഡ്രസ് എന്നറിയപ്പെടുന്ന വിഖ്യാതമായ പ്രതികാര വസ്ത്രം വീണ്ടും ലേലം ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. പ്രതികാരത്തിന്റെ ഓർമയായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ഈ വസ്ത്രം 30 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ലേലം ചെയ്യാനൊരുങ്ങുന്നത്. പ്രശസ്ത ലേല ഏജൻസിയായ സോത്ത്ബീസ് ആണ് ഈ വസ്ത്രം ലേലം ചെയ്യുന്നത്. ഈ വസ്ത്രത്തിന് ലേലത്തിൽ ഏകദേശം 2,20,000 പൗണ്ട് വരെ (ഏകദേശം 3,00,000 യു.എസ്. ഡോളർ) വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡിസംബർ ഒൻപതിന് ന്യുയോർക്കിലാണ് ഫാഷൻ വസ്ത്ര ലേലം നടക്കുന്നത്. ലേലത്തിന് മുൻപായി ലണ്ടനിലും ഹോങ്കോങ്ങിലും ജനീവയിലും വസ്ത്രം പ്രദർശനത്തിനു വച്ചേക്കും. കറുത്ത നിറത്തിലുളള സ്ട്രാപ്ലെസ് സില്‍ക് ഈവനിങ് ഗൗണ്‍ വിഭാഗത്തില്‍ വരുന്ന ഈ വസ്ത്രം ക്രിസ്റ്റീന സ്റ്റംബോളയനാണ് ഡിസൈന്‍ ചെയ്തത്. മൂന്നുവര്‍ഷമായി കൈവശം വച്ചിരുന്ന ഈ വസ്ത്രം ഡയാന ഒരിക്കല്‍ മാത്രമാണ് ധരിച്ചത്. 1994 ൽ ലണ്ടനിലെ വാനിറ്റി ഫെയർ പാര്‍ട്ടിയിലാണ് ഡയാന ഈ വസ്ത്രത്തിലെത്തിയത്. തന്റെ ഭർത്താവായ ചാൾസ് രാജകുമാരന്റെ വിവാഹേതര ബന്ധം പരസ്യമായി ടെലിവിഷൻ ഇന്റർവ്യൂവിലൂടെ ഡയാന വെളിപ്പെടുത്തിയിരുന്നു. ഇത് സംപ്രേക്ഷണം ചെയ്യുന്ന അതേ രാത്രിയിലാണ് കറുത്ത വസ്ത്രമണിഞ്ഞ് അതീവസുന്ദരിയായി ഡയാന സെര്‍പന്‍റൈന്‍ ഗാലറിയിലെത്തിയത്.
മാധ്യമ ശ്രദ്ധയും ആഭ്യന്തര തർക്കങ്ങളും കൊടുമ്പിരി കൊണ്ടിരുന്ന ഘട്ടത്തിൽ, സെര്‍പന്‍റൈന്‍ ഗാലറിയിലേക്ക് ഈ വസ്ത്രമണിഞ്ഞ് ഡയാന എത്തിയ നിമിഷം ആഗോള പോപ്പ് സംസ്കാരത്തിലെയും ഫാഷൻ ലോകത്തെയും ചരിത്ര നിമിഷങ്ങളിലൊന്നായി മാറുകയായിരുന്നു. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലും പതറാതെ എടുത്ത തീരുമാനത്തില്‍ തന്നെ ഉറച്ച് നിന്നതിന്റെ അടയാളപ്പെടുത്തലായാണ് പ്രതികാര വസ്ത്രം അഥവാ റിവഞ്ച് ഡ്രസ് എന്ന് പേര് പിറവികൊണ്ടത്. ഫാഷൻ എന്നത് കേവലം ഒരു അലങ്കാരമല്ലെന്നും അതിനൊരു ശക്തമായ ഭാഷയുണ്ടെന്നും സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയെന്ന് സോത്ത്ബീസിന്റെ ഫാഷൻ വിഭാഗം മേധാവി മോർഗൻ ഹാലിമി പറഞ്ഞു. തന്റെ ജീവിത കഥ മറ്റുള്ളവർ വ്യാഖ്യാനിച്ച ഒരു നിർണ്ണായക നിമിഷത്തിൽ, താൻ ധരിച്ച വസ്ത്രത്തിലൂടെ സ്വന്തം നിലപാടുകളും ആത്മാഭിമാനവും ലോകത്തിനു മുന്നിൽ വീണ്ടെടുക്കുകയാണ് ഡയാന ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.
1997ലാണ് ഈ വസ്ത്രം ആദ്യമായി ലേലത്തിന് വച്ചത്. അന്ന് ലഭിച്ചത് 24,150 ഡോളർ (ഏകദേശം 9.4 ലക്ഷം രൂപ) ആയിരുന്നു. കാൻസർ, എയിഡ്‌സ് രോഗികളുടെ ചികിത്സയ്ക്കായാണ് ഈ പണം മാറ്റി വച്ചത്. അന്ന് ലേലത്തില്‍ ഈ റിവഞ്ച് ഡ്രസ് വാങ്ങിയത് ഒരു സ്കോട്ടിഷ് ബിസിനസുകാരനായിരുന്നു. ശേഷം 2023ൽ സോത്ബീസ് ലേല കേന്ദ്രത്തിലേക്ക് ഇത് മടങ്ങിയെത്തി. ഡിസംബറിൽ നടക്കുന്ന ലേലവും ചാരിറ്റി പ്രവർത്തനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഇതിലൂടെ ലഭിക്കുന്ന തുക ചികില്‍സാ സഹായങ്ങള്‍ക്കായാകും ഉപയോഗിക്കുക.