• ഇതുവരെ നടന്ന ഛാത്രോം കി ഗൂഞ്ചിലെ രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ നിരത്തിയാൽ മിഠായി പാക്കറ്റിലേക്ക് നോക്കും പോലെയാണ്

പുതിയ തലമുറയ്ക്കിടയില്‍ ഏറ്റവും വൈബ് രാഷ്ട്രീയക്കാരന്‍ ആരെന്ന ചോദ്യത്തിന് ഒരു മറുപടിയേ ഉള്ളൂ, അത് രാഹുല്‍ ഗാന്ധിയാണ്. കോട്ട, പ്രയാഗരാജ് , ഡെറാഡൂൺ, പൂണെ ഇതുവരെ നടന്ന ഛാത്രോം കി ഗൂഞ്ചിലെ രാഹുൽ ഗാന്ധിയുടെ ഫോട്ടോകൾ നിരത്തിയാൽ മിഠായി പാക്കറ്റിലേക്ക് നോക്കും പോലെയാണ്. ഇളം നിറത്തിലുള്ള നീളൻ ഷർട്ടുകൾ ധരിച്ച രാഹുൽ ജെന്‍ സിക്ക് വൈബ് സെറ്ററായി മാറിക്കഴിഞ്ഞു. രാഷ്ട്രീയക്കാരുടെ പതിവ് വേഷങ്ങളില്‍ നിന്നും ഖാദി കുര്‍ത്തകളിലും പൈജാമയില്‍ നിന്നും മാറിയുള്ള പുത്തന്‍ ശൈലിയാണ് 56കാരനായ രാഹുലിന്‍റേത്. 

2022 ലെ ഭാരത് ജോഡോ യാത്രയിലാണ് വെള്ള ടീ ഷർട്ട് രാഹുൽ സ്ഥിരമാക്കിയത്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ കൊടും തണുപ്പിലും ടീ ഷർട്ട് ധരിച്ചുള്ള അദ്ദേഹത്തിന്‍റെ നടത്തം വലിയ ജനശ്രദ്ധ നേടിയിരുന്നു. കുർത്തയും പൈജാമയും മാത്രം ധരിച്ചിരുന്ന മറ്റ് പല കോൺഗ്രസ് നേതാക്കളും അന്ന് രാഹുലിനെ പിന്തുടർന്ന് ടീ ഷർട്ടുകളിലേക്ക് മാറി.‌

വെള്ളവിട്ടിതാ നിറങ്ങളിലേക്ക് മാറിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. രാജസ്ഥാനിലെ കോട്ടയിൽ നീല ഷർട്ടിലും, അലഹബാദിൽ പിങ്ക് ഷർട്ടിലും, പൂണെയിൽ മഞ്ഞ ഷർട്ടിലുമാണ് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിക്കാൻ എത്തിയത്. ഡെറാഡൂണിലെ പരിപാടിയിലും കാഷ്വൽ ഷർട്ടായിരുന്നു. പൂണെയിൽ നടന്ന പരിപാടിയിൽ സ്ത്രീ സുരക്ഷ, സ്വാതന്ത്ര്യം, അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങൾക്ക് അദ്ദേഹം പ്രത്യേക ഊന്നൽ നൽകി. മഞ്ഞ ഷർട്ടിൽ പിങ്ക് നിറത്തിൽ 'ഗേൾ പവർ' എന്ന ബാഡ്ജും ധരിച്ചാണ് രാഹുൽ എത്തിയത്.

ജെൻ സി  യുവാക്കളെയും സ്ത്രീകളെയും കോൺഗ്രസിലേക്ക് അടുപ്പിക്കുക എന്നതാണ് മാറ്റത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ തോതിൽ സ്വാധീനിച്ച യുവ വോട്ടർമാരെയും സ്ത്രീകളെയും തിരികെ പിടിക്കാൻ ഈ പുതിയ ഇമേജ് സഹായിക്കുമെന്നാണ്  കണക്കുകൂട്ടൽ. രാഹുലിന്‍റെ വസ്ത്രധാരണത്തെ ബിജെപി 'ഗൗരവമില്ലാത്തത്' എന്ന് പരിഹസിച്ചിരുന്നെങ്കിലും, ഇത്തരം വിമർശനങ്ങളെ അവഗണിച്ച്  പുതിയ ശൈലിയിലൂടെ യുവാക്കളുമായി കൂടുതൽ അടുക്കാനാണ് രാഹുലിന്‍റെ തീരുമാനം.

ബിജെപി വിമര്‍ശിക്കുന്നുണ്ടെങ്കിലും രാഹുലിന്‍റെ പുത്തന്‍ ലുക്ക് ജെന്‍ സി രണ്ടു കൈയും നീട്ടി സ്വീകരിച്ച മട്ടാണ്. പെല്ലറ്റ് പ്രയോഗത്തിനെതിരായി ഡൽഹി ഡിസിപി ഓഫിസില്‍ രാഹുല്‍ നടത്തിയ സമരം വിജയം കണ്ടതോടെ യുവക്കളെ അടുപ്പിക്കാനും രാഹുല്‍ ഗാന്ധിക്കായിട്ടുണ്ട്. യുവാക്കളുടെ പ്രതീക്ഷയായി രാഹുല്‍ മാറിയെന്നതാണ്  നമ്പര്‍10 ജൻപഥിലേക്ക് രാഹുലിനെ തേടിയെത്തുന്ന വിദ്യാർഥികളുടെ വ്യക്തമാക്കുന്നത്.

ENGLISH SUMMARY:

Indian politician Rahul Gandhi has emerged as a trendsetter among Gen Z voters through his recent style evolution during the "Chatrom Ki Goonj" interactive student events across cities like Kota, Prayagraj, Dehradun, and Pune. Moving away from traditional khadi kurtas and pajamas, the 56-year-old leader has embraced casual, pastel-colored long shirts and badges to connect directly with younger demographics and women. This image shift builds upon his iconic white t-shirt strategy from the 2022 Bharat Jodo Yatra, aimed at recapturing youth and female voters previously influenced by the BJP. Despite political criticism dismissing his attire as unserious, Gen Z has warmly embraced his new look as he successfully engages with students on key issues like women's safety and rights.