ഫാഷൻ ലോകം ഓരോ ദിവസവും പുതിയ പരീക്ഷണങ്ങൾക്ക് സാക്ഷിയാകുകയാണല്ലോ. വസ്ത്രങ്ങളിൽ മാത്രമല്ല, ആഭരണങ്ങളിലും വലിയ മാറ്റങ്ങളാണ് കാണുന്നത്. അത്തരത്തിൽ യുവാക്കൾക്കിടയിലും സെലിബ്രിറ്റികൾക്കിടയിലും ഒരുപോലെ ശ്രദ്ധനേടുന്ന പുതിയ ട്രെൻഡാണ് 'നോസ് കഫ്'.
മൂക്ക് കുത്താതെ തന്നെ മൂക്കുത്തി ധരിച്ചിരിക്കുന്നതുപോലെ ഭംഗി നൽകുന്ന ഈ ചെറിയ ആഭരണം ഇന്ന് ഫാഷൻ റാംപുകളിൽ നിന്ന് സോഷ്യൽ മീഡിയയിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. പരമ്പരാഗത ആഭരണത്തിന് ആധുനിക രൂപം നൽകിയ ഈ ഡിസൈൻ ഫാഷൻ പ്രേമികളുടെ പ്രിയപ്പെട്ട ആക്സസറിയായി മാറിക്കഴിഞ്ഞു.
എന്താണ് നോസ് കഫ്?
സാധാരണയായി മൂക്കിൽ ആഭരണം ധരിക്കാൻ മൂക്ക് കുത്തേണ്ടതുണ്ട്. എന്നാൽ നോസ് കഫിന് അതിന്‍റെ ആവശ്യമില്ല. ക്ലിപ്പിന് സമാനമായ രീതിയിൽ മൂക്കിന്റെ വശത്ത് ഉറപ്പിക്കാവുന്ന ആഭരണമാണിത്. ആവശ്യമുള്ളപ്പോൾ ധരിക്കാനും പിന്നീട് എളുപ്പത്തിൽ അഴിച്ചുമാറ്റാനും സാധിക്കും. നോസ് റിങ്ങിന്‍റെ ഭംഗി ആസ്വദിക്കണമെങ്കിലും സ്ഥിരമായി മൂക്ക് കുത്താൻ താൽപര്യമില്ലാത്തവർക്കാണ് ഇത് ഏറ്റവും അനുയോജ്യം.
എന്തുകൊണ്ടാണ് ഇത്രയും ജനപ്രീതി?
ഫാഷൻ ഇന്ന് സൗന്ദര്യത്തിനൊപ്പം സൗകര്യത്തിനും പ്രാധാന്യം നൽകുന്ന കാലമാണ്. ആ ചിന്തയാണ് നോസ് കഫിനെയും ജനപ്രിയമാക്കിയിരിക്കുന്നത്. മൂക്ക് കുത്തുമ്പോൾ ഉണ്ടാകുന്ന വേദനയോ പരിചരണമോ ഇല്ലാതെ ഇത് ധരിക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവാഹങ്ങൾ, ആഘോഷങ്ങൾ, ഫോട്ടോഷൂട്ടുകൾ, പാർട്ടികൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ മാത്രം നോസ് റിങ് ധരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച ഓപ്ഷനാണ്. വ്യത്യസ്തമായ ഫാഷൻ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്ന പുതിയ തലമുറയും ഈ ട്രെൻഡിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
അന്തർദേശീയ ഫാഷൻ ഷോകളിലും ബോളിവുഡ് താരങ്ങളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സ്റ്റൈലിംഗിലും നോസ് കഫ് അടുത്തിടെ ശ്രദ്ധനേടിയിട്ടുണ്ട്. അവരുടെ ചിത്രങ്ങളും വീഡിയോകളും വൈറലായതോടെയാണ് ഈ ആഭരണം കൂടുതൽ ജനശ്രദ്ധ നേടിയത്.
പല പ്രമുഖ ആഭരണ ബ്രാൻഡുകളും ഇപ്പോൾ നോസ് കഫിന്‍റെ വ്യത്യസ്ത ഡിസൈനുകൾ വിപണിയിലെത്തിക്കുന്നുണ്ട്. എല്ലാത്തരം വസ്ത്രങ്ങൾക്കും ഇണങ്ങും എന്നതാണ് നോസ് കഫിന്‍റെ മറ്റൊരു പ്രത്യേകത. സാരി, സൽവാർ, ലഹങ്ക തുടങ്ങിയ പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം ഇത് മനോഹരമായി ചേരും. അതേസമയം ജീൻസ്, ഗൗൺ, വെസ്റ്റേൺ ഡ്രസ് തുടങ്ങിയ ആധുനിക വസ്ത്രങ്ങൾക്കും ഇത് സ്റ്റൈലിഷ് ലുക്ക് നൽകുന്നു.
ചെറിയ കല്ലുകൾ പതിപ്പിച്ച ലളിതമായ ഡിസൈനുകൾ മുതൽ വലിയ അലങ്കാരപ്പണികളുള്ള സ്റ്റേറ്റ്മെന്റ് മോഡലുകൾ വരെ ഇന്ന് വിപണിയിൽ ലഭ്യമാണ്.
വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നോസ് കഫ് തിരഞ്ഞെടുക്കുമ്പോൾ ഗുണമേന്മയുള്ള ലോഹത്തിൽ നിർമ്മിച്ചതാണെന്ന് ഉറപ്പാക്കണം. ചർമത്തിൽ അലർജി ഉണ്ടാക്കാത്ത സ്റ്റെയിൻലെസ് സ്റ്റീൽ, വെള്ളി, സ്വർണം തുടങ്ങിയവ കൊണ്ടുള്ള ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വളരെ മുറുക്കമുള്ള കഫുകൾ മൂക്കിൽ അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ധരിക്കാൻ സൗകര്യപ്രദമായ ഡിസൈനുകൾ തിരഞ്ഞെടുക്കണം.
പരമ്പരാഗത ആഭരണത്തിന് ആധുനിക സ്പർശം നൽകുന്ന നോസ് കഫ്, വരും ദിവസങ്ങളിലും ഫാഷൻ ലോകത്ത് വലിയൊരു സ്ഥാനം സൃഷ്ടിക്കുമെന്നാണ് ഫാഷന്‍ ലോകത്തിന്‍റെ വിലയിരുത്തൽ.