tattoo-new

വർഷങ്ങളായി വ്യക്തിപരമായ ആവിഷ്കാരത്തിന്റെ ഭാഗമാണെങ്കിലും ടാറ്റൂ എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നത് ശാസ്ത്രജ്ഞർ ഇപ്പോഴാണ് കൂടുതൽ വ്യക്തമായി മനസ്സിലാക്കിത്തുടങ്ങുന്നത്. പുതിയ പഠനങ്ങൾ പ്രകാരം ടാറ്റൂ ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന് ദി കോൺവർസേഷനു വേണ്ടിയുള്ള ലേഖനത്തിൽ വിദഗ്ധർ വിശദീകരിച്ചിട്ടുണ്ട്.

ടാറ്റൂ അടിക്കുമ്പോൾ മഷി ചർമ്മത്തിന്റെ മധ്യപാളിയായ ഡെർമിസിലേക്ക് കുത്തിവെക്കപ്പെടുകയും ശരീരം അതിനെ ഒരു വിദേശ വസ്തുവായി കാണുകയുമാണ് ചെയ്യുന്നതെന്ന് ഇവർ പറയുന്നു. തുടർന്ന് വെളുത്ത രക്താണുക്കൾ മഷിയെ നീക്കം ചെയ്യാൻ ശ്രമിച്ചാലും മഷിക്കണങ്ങൾ വലുതായതിനാൽ അവയെ പൂർണമായി നശിപ്പിക്കാനാകില്ല. അതിനാൽ, ടാറ്റൂ സ്ഥിരമായി നിലനിൽക്കുകയും രോഗപ്രതിരോധ സംവിധാനം ജീവിതകാലം മുഴുവൻ അതിനെതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും. 

എങ്ങനെയാണ് ശരീരത്തെ ബാധിക്കുന്നത് 

ചെറിയ മഷിക്കണങ്ങൾ കാലക്രമേണ ലിംഫ് നോഡുകളിലേക്ക് എത്തി അവിടെ അടിഞ്ഞുകൂടുകയും ചില നിറങ്ങളിലുള്ള മഷികൾ പ്രത്യേകിച്ച് ചുവപ്പ്,  മഞ്ഞ, ഓറഞ്ച് എന്നിവ വീക്കം, അലർജി തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യാം. മാത്രമല്ല, ചില ടാറ്റൂ മഷികളിൽ നിക്കൽ, ക്രോമിയം, ലെഡ് പോലുള്ള ഹെവി മെറ്റലുകളും വ്യാവസായിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച രാസപദാർഥങ്ങളും അടങ്ങിയിരിക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 

ലേസർ ഉപയോഗിച്ചുള്ള ടാറ്റൂ നീക്കം ചെയ്യൽ നടക്കുമ്പോൾ ചില നിറമുള്ള മഷികൾ അപകടസാധ്യതയുള്ള രാസസംയുക്തങ്ങളായി വിഘടിക്കാം എന്നും ഇവർ വ്യക്തമാക്കുന്നുണ്ട്. തുടർന്ന് ഇവ ചർമ്മത്തിൽ മാത്രം ഒതുങ്ങാതെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലെ പ്രധാന ഭാഗമായ ലിംഫ് നോഡുകളിലും അടിഞ്ഞുകൂടുന്നു. അതേസമയം, ടാറ്റൂ-കാൻസർ ബന്ധം ഇതുവരെയും ശാസ്ത്രീയമായി ഉറപ്പിക്കപ്പെട്ടിട്ടില്ലെന്നും അക്കാര്യത്തിൽ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. 

ENGLISH SUMMARY:

When you get a tattoo, the ink is injected into the dermis, where the body's immune system recognizes it as foreign and tries to remove it. While the ink particles are too large to be fully eliminated, they can accumulate in lymph nodes and potentially lead to health issues.